lees
വയനാട്ടിലെ ലീസ് ഭൂമിയിലെ കർഷകരുടെ പ്രശ്നങ്ങൾ മന്ത്രിമാരുടെയും എം.എൽ.എയുടെയും നേതൃത്വത്തിൽ നിയമസഭാ ഹാളിൽ ചർച്ച ചെയ്യുന്നു

റവന്യൂ മന്ത്രി കെ. രാജൻ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം

സുൽത്താൻ ബത്തേരി: വനം വകുപ്പ് ഭൂമിയിലെ ലീസ് കർഷകരുടെ ലീസവകാശം പുനസ്ഥാപിക്കാൻ മന്ത്രി തലത്തിൽ തീരുമാനം. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ ഒക്ടോബർ 11 ലെ നിയമസഭാ സബ്മിഷനെ തുടർന്ന് റവന്യൂ മന്ത്രി കെ. രാജൻ തിരുവനന്തപുരത്ത് നിയമ സഭാ മന്ദിരത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ജില്ലയിലെ ആയിരത്തി ഇരുനൂറിലധികം വരുന്ന കുടുംബങ്ങൾക്ക് ആശ്വാസകരമായ തീരുമാനം ഉണ്ടായത്. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, പട്ടിക വർഗ വകുപ്പ് മന്ത്രി ഒ.ആർ കേളു, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലയിലെ ജനപ്രതിനിധികളുടെയും സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്. കഴിഞ്ഞ 20 വർഷമായി വനം വകുപ്പിന്റെ നിയന്ത്രണങ്ങളെ തുടർന്ന് യാതൊരു അവകാശവും ഇല്ലാതെ ലീസ് ഭൂമികളിൽ താമസിച്ച കർഷകർക്ക് ഇതോടെ ഭൂമിക്കുമേൽ അവകാശം പുനസ്ഥാപിക്കപ്പെടുകയാണ്. രണ്ട് പതിറ്റാണ്ടായി ലീസ് കർഷകരും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തിവന്ന പോരാട്ടങ്ങൾക്കാണ് ഇതോടെ അവസാനമായത്. 2003 ലെ സ്റ്റാറ്റസ്‌കോ നിലനിർത്തുക, കാർഷിക അവകാശങ്ങൾ പുനസ്ഥാപിക്കുക, ലീസ് ഭൂമികളിൽ വന്യമൃഗ ശല്യം കൊണ്ടും കാലാവസ്ഥ വ്യതിയാനം കൊണ്ടും ഉണ്ടായിട്ടുള്ള നഷ്ടങ്ങൾക്ക് സമയബന്ധിതമായി മറ്റ് ഭൂമികൾക്ക് സമാനമായി നഷ്ടപരിഹാരം നൽകുക. പട്ടയം അനുവദിക്കുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കുക, പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട് സ്ഥലം മാറിയിട്ടും പണം ലഭിക്കാത്തവർക്ക് അടിയന്തരമായി പണം ലഭ്യമാക്കുക, പുതിയ സ്ഥലങ്ങൾ കണ്ടെത്തി സാധ്യമായവരെ പുനരധിവസിപ്പിക്കുക, ഇതുമായി ബന്ധപ്പെട്ട് കർഷകർ നടത്തിയ സമരങ്ങളിലടക്കം എടുത്തിരിക്കുന്ന കേസുകൾ അവസാനിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുഭാവപൂർണമായ നടപടികൾ ഉണ്ടാവുക തുടങ്ങിയ ആവശ്യങ്ങളും യോഗം അംഗീകരിച്ചു. പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ, നെന്മേനി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല കുമാരി, സ്ഥിരം സമിതി അദ്ധ്യക്ഷ റുഖിയ സൈനബ, നൂൽപ്പുഴ ഗ്രാമ പഞ്ചായത്തംഗങ്ങളായ എം.എ ദിനേശൻ, ജയചന്ദ്രൻ വള്ളുവാടി, ഫോറസ്റ്റ് കർഷക സമിതി വൈസ് പ്രസിഡന്റ് സത്യൻ കോളൂർ, സെക്രട്ടറി പി.ആർ രവീന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ലീസ് ഭൂമി അനുവദിച്ചത് ഗ്രോ മോർ

ഫുഡ് പദ്ധതിയുടെ ഭാഗമായി

രണ്ടാം ലോക മഹായുദ്ധ കാലത്തെ അതിരൂക്ഷമായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി നടപ്പിലാക്കിയ ഗ്രോ മോർ ഫുഡ് പദ്ധതിയുടെ ഭാഗമായാണ് വനം വകുപ്പ് ഭൂമികൾ ലീസ് വ്യവസ്ഥയിൽ വയനാട്ടിലെ വിവിധയിടങ്ങളിൽ അനുവദിച്ചത്. 1882ലെ മദ്രാസ് ഫോറസ്റ്റ് ആക്ട് പ്രകാരം സുൽത്താൻ ബത്തേരി താലൂക്കിലെ നൂൽപ്പുഴ, കിടങ്ങനാട്, പുൽപ്പള്ളി, നടവയൽ,മാനന്തവാടി താലൂക്കിൽ തിരുനെല്ലി വില്ലേജിലുമാണ് 385.8963 ഹെക്ടർ ലീസ് ഭൂമികൾ ഉള്ളത്. 2003 ൽ വനം വകുപ്പ് ഈ ഭൂമികളിൽ അവകാശം ഉന്നയിച്ച് വനാതിർത്തിയായി പ്രഖ്യാപിച്ച് കൃഷിയിടങ്ങളിലും പുരയിടങ്ങളിലും ജണ്ടകൾ സ്ഥാപിച്ചു. തുടർന്ന് ഇവിടുത്തെ കർഷകർക്കുള്ള എല്ലാ ആനുകൂല്യങ്ങളും വിവിധ വകുപ്പുകൾ നാളിതു വരെ നിഷേധിച്ചു വരുകയായിരുന്നു.


വയനാട്ടിലെ ലീസ് ഭൂമിയിലെ കർഷകരുടെ പ്രശ്നങ്ങൾ മന്ത്രിമാരുടെയും എം.എൽ.എയുടെയും നേതൃത്വത്തിൽ നിയമസഭാ ഹാളിൽ ചർച്ച ചെയ്യുന്നു