കോഴിക്കോട്: അങ്ങിങ്ങായി മാലിന്യക്കെട്ടുകൾ, തുരുമ്പെടുത്ത ഇരിപ്പിടങ്ങൾ, കണ്ണടച്ച വിളക്കുകൾ കോഴിക്കോട് നഗരത്തിലെ പ്രധാന വിനോദ കേന്ദ്രമായ സരോവരം ബയോ പാർക്കിലെ കാഴ്ച ദയനീയമാണ്. അറ്റകുറ്റപ്പണിയും രണ്ടാംഘട്ട വികസന പ്രവർത്തനവും നീണ്ടതോടെ പാർക്ക് നാശത്തിന്റെ വക്കിലാണ്. ജൈവ വൈവിദ്ധ്യങ്ങളുടെയും തണ്ണീർത്തട ആവാസ വ്യവസ്ഥയുടെയും കലവറയായ 55 ഏക്കർ നീണ്ടുകിടക്കുന്ന പാർക്കിന്റെ ശോചനീയാവസ്ഥ കണ്ട് ആളുകൾ മടങ്ങുകയാണ്.
കഫ്റ്റീരിയയും സെമിനാർ ഹാളും ഇതുവരെ തുറന്നിട്ടില്ല. ബൈപാസ് റോഡിൽ നിന്ന് പാർക്കിത്താനുള്ള കോൺക്രീറ്റ് പാലം തകർന്ന് ഏത് സമയവും നിലം പൊത്തുന്ന സ്ഥിതിയാണ്. കവാടത്തിൽ സുരക്ഷാ ജീവനക്കാർ ഉണ്ടെങ്കിലും സാമൂഹിക വിരുദ്ധരുടെ പോക്കുവരവിന് തടസമൊന്നുമില്ല !. നിരീക്ഷണ ക്യാമറകൾ പലതും കാഴ്ചവസ്തുവായത് ഇക്കൂട്ടർക്ക് സൗകര്യമായി. പൊലീസ് പട്രോളിംഗും നിലച്ചു. കുട്ടികളെയും മുതിർന്നവരെയും ഏറെ ആകർഷിച്ചിരുന്ന കളിപ്പൊയ്കയിൽ ബോട്ടിംഗ് തുടങ്ങിയെങ്കിലും വേണ്ടത്രം ഫലം കണ്ടില്ല. പാർക്കിലേക്ക് കയറുന്ന റോഡും തകർന്ന നിലയിലാണ്. നേരത്തെ 1.74കോടി രൂപ ചെവഴിച്ച് ടൂറിസം വകുപ്പ് നവീകരിച്ചിരുന്നെങ്കിലും പരിപാലനമില്ലാത്തതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം. രണ്ടാംഘട്ട നവീകരണം എത്രയും വേഗം ആരംഭിക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം.
ഭരണാനുമതിയായിട്ടും ഇഴയുന്ന നവീകരണം
പാർക്ക് നവീകരണത്തിനായി 2.19 കോടിയുടെ പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പ്രവൃത്തി ആരംഭിച്ചില്ല. ഓപ്പൺ എയർ തിയറ്റർ, കല്ല് പാകിയ നടപ്പാത, റെയിൻ ഷെൽട്ടറുകൾ, കുട്ടികളുടെ പാർക്ക്, ചുറ്റുമതിൽ, മരം കൊണ്ടുള്ള ചെറുപാലങ്ങൾ, സെക്യൂരിറ്റി ക്യാബിൻ, കവാടം എന്നിവയാണ് ആദ്യ ഘട്ടത്തിൽ നവീകരിക്കുക. പാർക്കിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കും. തകർന്നതും തുരുമ്പെടുത്തതുമായ ഇരിപ്പിടങ്ങൾ പുതുക്കും. വിളക്ക് കാലുകളിൽ കേടായവ നന്നാക്കും. മഴ നനയാതിരിക്കാൻ ചെറുതും വലുതുമായ റെയിൻ ഷെൽട്ടറുകൾ, കഫ്തീരിയയും നിർമ്മിക്കും. അമിനിറ്റി സെന്റർ, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുടെ നവീകരണവും നടക്കും
'ടെക്സിക്കൽ അനുമതി ലഭിച്ചാലുടൻ പ്രവൃത്തി ആരംഭിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസെെറ്റിക്കാണ് നവീകരണ ചുമതല. ''- നന്ദുലാൽ, സരോവരം മാനേജർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ.