കോഴിക്കോട്: സാഹിത്യ നഗരത്തിലെ സാംസ്കാരിക സങ്കേതമായ ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയ്ക്ക് വരും പുതിയ കെട്ടും മട്ടും. അത്യാധുനിക സൗകര്യങ്ങളോടെയുള്ള നവീകരണമാണ് ലളിതകലാ അക്കാഡമി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ വിശദമായ റിപ്പോർട്ടും രൂപരേഖയും സാംസ്കാരിക വകുപ്പിന് സമർപ്പിച്ചു. ആർക്കിടെക്ട് ബ്രജേഷ് ഷെെജലാണ് ഗ്യാലറിയുടെ രൂപരേഖ തയ്യാറാക്കിയത്. നിലവിലെ കെട്ടിടം പൊളിക്കാതെ ഒരു നില കൂടി കൂട്ടിച്ചേർക്കുന്ന രീതിയിലാണ് നവീകരണം. ഫാൾസ് വാൾ, ട്രാക്ക് ലെെറ്ര് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും. ഒരേ സമയം അഞ്ചോളം പ്രദർശനങ്ങൾ നടത്താവുന്ന രീതിയിലായിരിക്കും സജ്ജീകരണം. കോർപ്പറേഷൻ പദ്ധതിയ്ക്ക് പൂർണ പിന്തുണ വാഗ്ദാനം ചെയ്തതായി ലളിത കലാ അക്കാഡമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുനിൽ അശോകപുരം പറഞ്ഞു.
ആർട്ട് ഗ്യാലറിയിലെ പ്രദർശനങ്ങൾക്ക് ആസ്വാദകർ ഏറെയുണ്ടെങ്കിലും ചിത്രങ്ങൾ വിറ്റുപോകാത്തത് കലാകാരൻമാർക്ക് വലിയ സാമ്പത്തിക പ്രയാസമാണ് ഉണ്ടാക്കുന്നത്. അതിനാൽ ചിത്രങ്ങളുടെ വിൽപ്പന സാദ്ധ്യത കൂടി കണക്കിലെടുത്തായിരിക്കും അക്കാഡമി പദ്ധതി തയ്യാറാക്കുക. കഴിഞ്ഞ വർഷം പുതിയറ എസ്.കെ പൊറ്റക്കാട് സാംസ്കാരിക കേന്ദ്രത്തിൽ ലളിത കലാ അക്കാഡമി സംഘടിപ്പിച്ച പ്രിന്റ് ഷോ വലിയ വിജയമായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് വർഷം തോറും 'രാജ്യാന്തര പ്രിന്റ് ഷോ' സംഘടിപ്പിക്കാനാണ് പദ്ധതിയിടുന്നത്.
വരുന്നത് മൂന്ന് കോടിയുടെ പദ്ധതി
മൂന്നു കോടി ചെലവിൽ മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ് ആർട്ട് ഗ്യാലറി ഒരുക്കുന്നത്. നിലവിലെ പ്രദർശന ഹാളിന്റെ വലുപ്പം കൂട്ടും. ആർട്ട് ഗ്യാലറിയുടെ വടക്ക് ഭാഗത്തായി ഓപ്പൺ സ്ലെെഡ് ഷോയ്ക്കുള്ള സൗകര്യം ഒരുക്കും. മൂന്നാമത്തെ നിലയിൽ ചിത്രങ്ങൾ സൂക്ഷിക്കാനായി സ്റ്റോറേജ് യൂണിറ്റ് സജ്ജീകരിക്കും. ലെെബ്രറി , കോൺഫറൻസ് ഹാൾ എന്നീ സൗകര്യങ്ങളുമുണ്ടാകും.
''അനേകം ചിത്ര പ്രതിഭകളുള്ള, കലയെ നെഞ്ചോട് ചേർത്ത നാടാണ് കോഴിക്കോട്. ഇവരുടെ ഉന്നമനം കൂടി ലക്ഷ്യമാക്കിയാണ് ആർട്ട് ഗ്യാലറി നവീകരിക്കുന്നത്. ആർട്ട് ഗ്യാലറിയെ രാജ്യാന്തര നിലവാരത്തിലെത്തിക്കുകയെന്നതാണ് ഉദ്ദേശ്യം.
- എൻ. ബാലമുരളീകൃഷ്ണൻ ( സെക്രട്ടറി, കേരള ലളിത കലാ അക്കാഡമി)
സംസ്ഥാനത്തെ ആദ്യ സ്‌കൂൾ ആർട്ട് ഗ്യാലറി കോഴിക്കോട്
കുട്ടി വരകൾക്ക് കുട നിവർന്നു
കോഴിക്കോട്: കുട്ടികളുടെ ചിത്ര പ്രദർശനമൊരുക്കാൻ കാരപ്പറമ്പ് ഹയർസെക്കൻഡറി സ്‌കൂളിൽ 'സ്‌കൂൾ ആർട്ട് ഗ്യാലറി സജ്ജം. സർക്കാർ സ്‌കൂളുകൾ കേന്ദ്രീകരിച്ച് കേരള ലളിതകലാ അക്കാഡമി നടപ്പാക്കുന്ന ആദ്യ സ്‌കൂൾ ആർട്ട് ഗ്യാലറിയാണ് കാരപ്പറമ്പ് സ്കൂളിൽ ഒരുങ്ങിയിരിക്കുന്നത്. ചിത്രകലയുടെ ഭാഷ കുട്ടികളെ പഠിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഓരോ ജില്ലയിലെയും ഒരു സർക്കാർ സ്കൂളിൽ ആർട്ട് ഗ്യാലറി സ്ഥാപിക്കുകയാണ് ലളിതകല അക്കാഡമിയുടെ ലക്ഷ്യം. ഒന്നാംഘട്ടമെന്ന നിലയിലാണ് കാരപ്പറമ്പ് സ്കൂളിൽ ഒരുക്കിയ ആർട്ട് ഗ്യാലറി. ആലപ്പുഴയിലെ കലവൂർ സ്കൂളിലാണ് രണ്ടാമത്തെ ഗ്യാലറി ഒരുക്കുന്നത്.
വിദ്യാർത്ഥികൾക്ക് കലാ-സാഹിത്യ -സാംസ്കാരിക -രാഷ്ട്രീയ അറിവുകൾ പകർന്നു നൽകുന്ന സ്ഥിരം പ്രദർശനത്തോടൊപ്പം ജില്ലയിലെ എല്ലാ സ്കൂളുകളിലെയും കുട്ടികൾക്കും ചിത്ര പ്രദർശനം നടത്താവുന്ന രീതിയിലാണ് ഗ്യാലറി സജ്ജീകരിച്ചിരിക്കുന്നത്. ജില്ലയിലെ എല്ലാ സ്കൂളിലെയും കുട്ടികൾക്ക് ഒരാഴ്ച വീതം തങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അവസരം ലഭിക്കും. പൊതുജനങ്ങൾക്കും ഗാലറിയിലെത്തി പ്രദർശനങ്ങൾ കാണാം.
ആധുനിക സംവിധാനം
സ്കൂൾ അധികൃതർ നൽകിയ മുറികളിൽ ഫാൾസ് വാൾ ട്രാക്ക് ലെെറ്റ്, ഓഡിയോ വീഡിയോ എക്സിബിറ്ര് തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് ഗ്യാലറി തയ്യാറാക്കിയിട്ടുള്ളത്.
ചെലവ്
16 ലക്ഷം
''ചിത്രകലയുടെ ഭാഷയും ആസ്വാദനവും കുട്ടികളെ പഠിപ്പിക്കുക എന്നതാണ് ആർട്ട് ഗ്യാലറിയുടെ ലക്ഷ്യം. ഇതിലൂടെ കൂടുതൽ കുട്ടികളെ ചിത്രകലയുടെ ലോകത്തേക്ക് ആകർഷിക്കാൻ കഴിയും
-സുനിൽ ആശോകപുരം (നിർവാഹക സമിതി അംഗം ലളിത കലാ അക്കാഡമി)
ഉദ്ഘാടനം ഇന്ന്
കാരപ്പറമ്പ് സ്കൂളിൽ ഒരുക്കിയ ലളിത കലാ അക്കാഡമി സ്കൂൾ ആർട്ട് ഗ്യാലറി ഇന്ന് രാവിലെ 10ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആർട് ഗ്യാലറിയുടെ രൂപരേഖ തയ്യാറാക്കിയ ബ്രജേഷ് ഷെെജലിനെ ആദരിക്കും. തുടർന്ന് കുട്ടികൾക്കായി ചിത്രകലാ ക്യാമ്പ് നടത്തും. വാർത്താ സമ്മേളനത്തിൽ കേരള ലളിത കലാ അക്കാഡമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ, നിർവാഹക സമിതി അംഗം സുനിൽ അശോകപുരം, കാരപ്പറമ്പ് ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ മനോജ് കെ.പി, പ്രധാനാദ്ധ്യാപകൻ ദീപാഞ്ജലി എം, പി.ടി.എ പ്രസിഡന്റ് മനോജ് സി.കെ എന്നിവർ പങ്കെടുത്തു.