 
കൊടിയത്തൂർ: ചെറുവാടി ഗ്രാമത്തിന് ആറ്റുനോറ്റ് കിട്ടിയ റോഡ് വികസനം സ്തംഭിച്ച നിലയിൽ. കൊടിയത്തൂർ ഗ്രാമത്തിലെ ചെറുവാടി–ചുള്ളിക്കാപറമ്പ് റോഡ് നവീകരണ പ്രവർത്തനങ്ങൾ എട്ടര കോടി രൂപ ചെലവഴിച്ച് ആരംഭിച്ചെങ്കിലും പ്രൊജക്റ്റ് ഇപ്പോൾ സ്തംഭിച്ചിരിക്കുകയാണ്. ഇരുവഞ്ഞി – ചാലിയാർ പുഴകളുടെ സംഗമതീരത്ത് റോഡ് ഒന്നര മീറ്റർ ഉയർത്തുക എന്നത് നാട്ടുകാരുടെ ദീർഘകാല സ്വപ്നമായിരുന്നു. നവീകരണത്തിന്റെ ആദ്യഘട്ടത്തിൽ റോഡിന്റെ ഉയരം കൂട്ടി മണ്ണ് നികത്തുകയും ഭാഗിക ടാറിംഗ് നടത്തുകയും ചെയ്ത ശേഷമാണ് പ്രവർത്തനങ്ങൾ നിർത്തിവെച്ചത്. അതിനിടെ, ജൽജീവൻ പദ്ധതിയുടെ ഭാഗമായി റോഡിന്റെ ആദ്യ 200 മീറ്റർ ഭാഗത്ത് പൈപ്പുകൾ സ്ഥാപിക്കാനുള്ള നടപടികളും പൂർത്തിയാക്കേണ്ടതുണ്ട്. നിലവിൽ ഈ ഭാഗത്ത് മുഴുവൻ കുണ്ടും കുഴിയുമായി ശോചനീയാവസ്ഥയിലാണ് റോഡ്. ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലേക്കും ചെറുവാടി ഹയർ സെക്കൻഡറി സ്കൂളിലേക്കും പോകുന്ന പ്രധാന റോഡ് കൂടിയായതിനാൽ ഗതാഗതം ഏറെ ബുദ്ധിമുട്ടിലാണ്. നവീകരണ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതിൽ നാട്ടുകാരും വലിയ ആശങ്കയിലാണ്. ഈ പ്രശ്നങ്ങൾ ഉടൻ പരിഹരിച്ച് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.