കോഴിക്കോട്: ക്രിസ്മസ്, ന്യൂയർ ആഘോഷരാവുകൾ കളറാക്കാൻ അതിർത്തി വഴി ലഹരി കടത്തേണ്ട. അത്തരക്കാരെ പിടികൂടാൻ വലവിരിച്ച് എക്സെെസ്. നാളെ മുതൽ എക്സെെസിന്റെ സ്പെഷ്യൽ ഡ്രൈവ് ജില്ലയിൽ കർശന പരിശോധന തുടങ്ങുകയാണ്. നഗരത്തിന്റെ വിവിധ ഇടങ്ങൾ, അടച്ചു പൂട്ടിയ സ്ഥാപനങ്ങൾ, ആളൊഴിഞ്ഞ പറമ്പുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം പരിശോധന നടക്കുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, റിസോട്ടുകൾ എന്നിവിടങ്ങളിൽ ക്രിസ്മസ്, ന്യൂ ഇയർ പാർട്ടികൾക്കായി എം.ഡി.എം.എ അടക്കമുള്ള മാരക ലഹരി വൻ തോതിൽ എത്തിക്കാൻ സാദ്ധ്യതയുള്ളതിനാൽ ഇവിടങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷണം നടത്തിവരികയാണ്. സംശയം തോന്നുന്ന സംഘങ്ങൾ മുറികൾ ബുക്ക് ചെയ്താൽ അറിയിക്കണമെന്ന് ഉടമസ്ഥർക്ക് നിർദേശമുണ്ട്. ജനുവരി മൂന്ന് വരെ ഡ്രൈവ് തുടരും.
സജ്ജരാണ്
രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്സ്, ആന്റിനാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ്, ഹെെവേ പെട്രോളിംഗ്, ജില്ലാ ഇന്റലിജൻസ് വിഭാഗം, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ യൂണിറ്റ് തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ചെക്ക് പോസ്റ്റുകളിലും അതിർത്തികളിലും ഉൾപ്രദേശങ്ങളിലും പരിശോധന നടക്കുന്നത്. എക്‌സൈസ് ഇൻസ്‌പെക്ടർ, പ്രിവന്റീവ് ഓഫീസർ, രണ്ട് സിവിൽ എക്‌സൈസ് ഓഫീസർമാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. ഫോറസ്റ്റ്, പൊലീസ്, മറെെൻ എൻഫോഴ്സ്‌മെന്റ് , കോസ്റ്റൽ പൊലീസ്, റെയിൽവേ എന്നിവരുമായി സഹകരിച്ചും പരിശോധനകൾ നടക്കുന്നുണ്ട്. കർണാടകയിൽ നിന്നും മാഹിയിൽ നിന്നും വൻതോതിൽ മദ്യവും മയക്കുമരുന്നും കേരളത്തിൽ എത്താൻ സാദ്ധ്യതയുളളതിനാൽ ബോർഡർ പട്രോളിംഗും ഹൈവേ പട്രോളിംഗും രാത്രികാല പട്രോളിംഗും കാര്യക്ഷമമാണ്.
പരാതിപ്പെടാം
എക്സെെസിന്റെ കൺട്രോൾ റൂമുകളിലും ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈൽ നമ്പറിലും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. വിവരം നൽകുന്നവർക്ക് പാരിതോഷികങ്ങൾ നൽകും.
'' ഡ്രെെവിന്റെ ഭാഗമായി പഴുതടച്ചുള്ള പരിശോധനയാണ് ജില്ലയിൽ നടക്കുന്നത് ''-
ഷിബു, ഡെപ്യൂട്ടി, എക്സെെസ് കമ്മിഷണർ