
പേടി പെയ്യുകയാണ് വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഇപ്പോഴും. ഫിൻജാൽ ചുഴലിക്കാറ്റ് തമിഴ്നാടിനെ പിടിച്ചുലച്ചപ്പോഴും അവർ ഭയന്നു, മലനിരകളിൽ എവിടെയെങ്കിലും ഉരുൾ ഉരുണ്ടുകൂടുന്നുണ്ടോയെന്ന്. ജൂലായ് 30-ന് ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവർ 254 ആണ്, സർക്കാർ രേഖയിൽ. കാണാതായവർ 44. പക്ഷേ, വിലാസമുള്ളവരും ഇല്ലാത്തവരുമായി അഞ്ഞൂറിലധികം പേർ അപ്രത്യക്ഷരായെന്ന് നാട്ടുകാർ ഇപ്പോഴും വിശ്വസിക്കുന്നു. വീടുകൾ നഷ്ടപ്പെട്ടവരും മൃതപ്രായരായവരും ഉറ്റവരുടെ ശരീരാവശിഷ്ടങ്ങൾ കിട്ടാത്തവരുമായി നിരവധി പേർ. വാസയോഗ്യമല്ലാത്ത വീടുപേക്ഷിച്ച് വാടകവീടുകളിൽ അഭയം തേടിയവർ 1600-ഓളം!
നിലവിളി ഒടുങ്ങിയിട്ടില്ല, ഇപ്പോഴും ഈ ഗ്രാമങ്ങളിൽ. ജനസാന്ദ്രതയേറിയ ചൂരൽമല അങ്ങാടി ശ്മശാനമൂകമാണ്. ആശ്വാസം എന്നുപറയാൻ, ഇരുമ്പു കമ്പികൾ പിണച്ചുകെട്ടി സൈനികർ പടുത്ത ബെയ്ലി പാലം മാത്രം. ദുരന്തകാലത്ത് സർക്കാർ സംവിധാനങ്ങളെല്ലാം ഉണർന്നു പ്രവർത്തിച്ചു. പരമാവധി പേരെ ജീവിതത്തിലേക്ക് തിരികെ നടത്തി. ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി വരെ ദുരന്തമുഖത്തെത്തിയെങ്കിലും നാലു മാസം പിന്നിട്ടിട്ടും ജീവിതവഴി തെളിയാതെ കുറേ മനുഷ്യർ ഇവിടെ ജീവിക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് കോടതിയിലാണ്. കേന്ദ്രം സംസ്ഥാനത്തേയും സംസ്ഥാനം കേന്ദ്രത്തേയും പരസ്പരം പഴിചാരി ആശ്വാസമടയുന്നു. അതിരൂക്ഷ ഭാഷയിൽ കോടതി വിമർശിച്ചിട്ടും ഇരുകൂട്ടരും ഇരുട്ടിൽത്തപ്പുകയാണ്. ശ്രുതിയെയും നൗഫലിനേയും പോലുള്ളവരുടെ അതിജീവന കഥകൾ മാത്രമാണ് ഈ ഭൂമികയിൽ നിന്നുള്ള ആശ്വാസം. 2024 ജൂലായ് 30-ന് ഒരു ജനതയുടെ ജീവിതതാളം നിലച്ചുപോയ ചൂരൽമല-മുണ്ടക്കൈ ദുരന്തഭൂമിയിലൂടെ ഒരു സഞ്ചാരം.
കല്ലുകൾക്ക്
പേരുള്ളിടം
മുണ്ടക്കൈയും ചൂരൽമലയും പൊട്ടിയൊലിച്ചിറങ്ങിയതിന്റെ സങ്കടക്കണ്ണീര് ഇപ്പോൾ കെട്ടിനിൽക്കുന്നത് പുത്തുമലയിലാണ്. ദുരന്തം കൈയു കാലും കണ്ണും കാതുകളുമായി തിരിച്ചുനൽകിയ ശരീരാവശിഷ്ടങ്ങൾ ജാതിയും മതവുമില്ലാതെ കൂട്ടമായി സംസ്കരിച്ചയിടം. പുത്തുമല ശ്മശാനത്തിലെ കല്ലുകൾക്കെല്ലാം പേരുണ്ടായിരിക്കുന്നു. ആമിനുമ്മ, വർഗീസ്, രാജേഷ്... ഒരുപക്ഷേ, കേരളം ഇതിനുമുമ്പ് ഇത്തരമൊരു ശ്മശാനം കണ്ടിട്ടുണ്ടാവില്ല. മരണം കൊണ്ടു തീർത്ത മഹത്തായ മതസാഹോദര്യം!
മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള യാത്രയിലെ ആദ്യ ലക്ഷ്യം പുത്തുമലയായിരുന്നു. അന്നത്തെ പേരില്ലാക്കല്ലുകളിൽ പ്രണാമമർപ്പിച്ചൊരു യാത്ര. നാലുമാസം കഴിഞ്ഞ് ചെല്ലുമ്പോൾ ആ കല്ലുകൾക്കെല്ലാം പേരുണ്ടായിരിക്കുന്നു. ഓരോ പേരിനു മുന്നിലും ഹൃദയം പകുത്തു നൽകി നിരവധി പേരുടെ അർച്ചനകൾ, പൂച്ചെടികൾ. ശ്മശാനം മുഴുവൻ സഞ്ചരിച്ചപ്പോൾ പിന്തിരിഞ്ഞു പോകാനാവാത്ത വിധം ആ കുട്ടികൾ ഞങ്ങളെ പിടിച്ചുനിറുത്തി. കല്ലറയ്ക്കു മുന്നിൽ സ്ഥാപിച്ച നെയിം ബോർഡിൽ മൂന്നു പേരുകൾ- നിവേദ്, ധ്യാൻ, ഇഷാൻ. മൂവരും സഹോദരങ്ങൾ. ശിലാഫലകത്തിനു മുകളിൽ കൊത്തിവച്ചത്- '3 ബ്രദേഴ്സ്."
പക്ഷേ, അതായിരുന്നില്ല ഞങ്ങളെ അവിടെ പിടിച്ചുനിറുത്തിയത്. മൂന്നുപേർക്കുമായി അവിടെ ഓരോ ഫോട്ടോയ്ക്കും കീഴെ മൂന്ന് ചോക്ലേറ്റുകളുണ്ടായിരുന്നു! ചൂരൽമല ഹയർ സെക്കൻഡറി സ്കൂളിനു സമീപമായിരുന്നു ഇവരുടെ വീട്. അച്ഛൻ അനീഷ്, അമ്മ സയന. പൊട്ടിയൊലിച്ചിറങ്ങിയ ഉരുൾ, വീടടക്കം കടപുഴക്കിയെടുത്തപ്പോൾ രക്ഷപ്പെട്ടത് അനീഷും സയനയും മാത്രം. മക്കളുടെ മൃതദേഹങ്ങൾപോലും കിട്ടിയില്ല. അവശേഷിപ്പുകൾ അടക്കം ചെയ്തതിന്റെ ഡി.എൻ.എ പരിശോധനയിലാണ് മൂന്നുപേരേയും തിരിച്ചറിഞ്ഞത്. അന്നുമുതൽ അവരുടെ ഓർമ്മയുടെ മണ്ണിൽ ചോക്ലേറ്റുകളും പലഹാരങ്ങളുമൊക്കെയായി തങ്ങൾ പോകാറുണ്ടെന്ന് ബന്ധു പറഞ്ഞു.
ഒരുകുടുംബത്തിൽ നിന്ന് പതിനൊന്നു പേർ വരെ നഷ്ടമായവരുണ്ട്. അച്ഛനേയും അമ്മയേയും ബാക്കിവച്ച് മൂന്നു കുഞ്ഞുങ്ങളിങ്ങനെ ചിത്രമായി ഉറങ്ങുന്നത് ആർക്കാണ് നെഞ്ചുപിടയും കാഴ്ചയാകാതിരിക്കുക? ഇക്കഴിഞ്ഞ ദിവസം പുത്തമലയിലെ പേരില്ലാക്കല്ലുകൾക്ക് മൂന്നു പേരുകൾ കൂടി വന്നു. അവിടെ സംസ്കരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റിന്റെ ഫലമെത്തിയപ്പോൾ മൂന്ന് മീസാൻ കല്ലുകൾ കൂടി പുതുതായെത്തി- പാത്തുമ്മ, നുസ്രത്ത് ബാഷ, ഫാത്തിമ. മരിച്ചവരിൽ 254 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. തിരിച്ചറിയാൻ ഇനിയുമുണ്ട് 44 പേർ. ഡി.എൻ.എ പരിശോധനയിലൂടെ മാത്രം തിരിച്ചറിഞ്ഞ 80 പേരാണിപ്പോൾ പുത്തുമലയിൽ വിശ്രമിക്കുന്നത്.
(തുടരും)