കോഴിക്കോട്: കേരള ലളിതകലാ അക്കാദമി സർക്കാർ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന 'സ്‌കൂൾ ആർട്ട് ഗ്യാലറി' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.അടച്ചുപൂട്ടലിന്റെ വക്കിൽ നിന്ന് സംസ്ഥാനത്തെ മാതൃക സ്‌കൂളുകളിലൊന്നായി മാറിയ കാരപ്പറമ്പ് സ്‌കൂളിനെ പദ്ധതിയുടെ ഉദ്ഘാടനത്തിന് തെരഞ്ഞെടുത്തത് സംസ്ഥാന സർക്കാർ പൊതുവിദ്യാലയങ്ങൾക്ക് നൽകുന്ന പ്രാധാന്യത്തിന്റെ ചുവടുപിടിച്ചാണെന്ന് മന്ത്രി പറഞ്ഞു.ശാസ്ത്ര പരോഗതിയുടെ നേട്ടങ്ങളെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ വിദ്യാർഥികൾക്ക് സാഹചര്യമൊരുക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. അവരെ ശാസ്ത്രകുതുകികളും ചരിത്രസാംസ്‌കാരിക ബോധമുള്ളവരുമാക്കി മാറ്റുന്നതിലൂടെ നല്ല മനുഷ്യരാക്കി വളർത്തിയെടുക്കുക വളരെ പ്രധാനമാണ്. നല്ല മനുഷ്യരായി വളരാൻ ക്ലാസ് മുറികൾക്കുള്ളിലെ അറിവുകൾക്കൊപ്പം പുറത്തുള്ള അനുഭവജ്ഞാനങ്ങൾ കൂടി അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കേരള ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് അദ്ധ്യക്ഷത വഹിച്ചു. മേയർ ബീന ഫിലിപ്പ് മുഖ്യാതിഥിയായി. മുൻ എം.എൽ.എ എ.പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ആർക്കിടെക്ട് ബ്രജേഷ് ഷൈജനെ ചടങ്ങിൽ ആദരിച്ചു. സി രേഖ, ശിവപ്രസാദ്, സന്തോഷ് കുമാർ എം, സി മനോജ് കുമാർ, മനോജ് കെ.പി, ദീപാഞ്ജലി എം, മനോജ് സി.കെ, മീരാദാസ്, ജറീഷ്, നിഷ കെ.പി, ദിനേശൻ, നീന ബാബുരാജ്, മിൻഹാജ്, അഥർവ് എന്നിവർ പ്രസംഗിച്ചു.
ലളിതകല അക്കാഡമി സെക്രട്ടറി എൻ ബാലമുരളീകൃഷ്ണൻ സ്വാഗതവും അക്കാഡമി നിർവാഹക സമിതി അംഗം ലേഖ നാരായണൻ നന്ദിയും പറഞ്ഞു.
ഏകദിന ചിത്രകലാക്യാമ്പ്
സ്‌കൂൾ ആർട്ട് ഗ്യാലറിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഏകദിന ചിത്രകലാ ക്യാമ്പും വിദ്യാർത്ഥികൾക്കുള്ള കലാപരിശീലന പദ്ധതിയുടെ ഭാഗമായി 'ദിശ' വിദ്യാർത്ഥികൾക്കുള്ള ഏകദിന കലാപരിശീലന ക്ലാസും സ്‌കൂളിൽ സംഘടിപ്പിച്ചു. അജയൻ കാരാടി, ലിസി ഉണ്ണി, മുക്താർ ഉദരംപൊയിൽ, പ്രവീൺ ചന്ദ്രൻ മൂടാടി, ശാന്ത സി, സുചിത്ര ഉല്ലാസ്, സുധാകരൻ എടക്കണ്ടി, സുധീഷ് കെ, തോലിൽ സരേഷ്, വിജയരാഘവൻ പനങ്ങാട് എന്നീ കലാകാരർ ക്യാമ്പിന് നേതൃത്വം നൽകി. സ്ഥിരം പ്രദർശനത്തോടൊപ്പം ജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും തങ്ങളുടെ കലാസൃഷ്ടി പ്രദർശിപ്പിക്കുന്നതിനും ഗ്യാലറിയിൽ സൗകര്യം ഒരുക്കും.