പേരാമ്പ്ര : 'മിച്ചംവയ്ക്കാൻ വലുതായൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അല്ലലില്ലാതെ ജീവിച്ചുപോയൊരു കാലമുണ്ടായിരുന്നു കൊല്ലപ്പണിക്കാർക്ക്. കൃഷിപ്പണിക്കാവശ്യമായ ആയുധങ്ങളും അനുഷ്ഠാനവുമായി ബന്ധപ്പെട്ട ഉപകരണങ്ങളും അണിയലങ്ങളും പണിതുനൽകുന്നവർക്ക് അർഹമായ അംഗീകാരവും കിട്ടിയിരുന്നു. ഇന്നതെല്ലാം ഓർമ്മയെന്ന് എഴുപത്തഞ്ചുകാ രനായ കുത്താളിയിലെ കുഞ്ഞിച്ചന്തു പറഞ്ഞുനിർത്തുമ്പോൾ എല്ലാം ശരിവയ്ക്കുകയാണ് പന്തിരിക്കര പള്ളിക്കുന്നിൽ മാവിലാം പൊയിൽ പ്രകാശനും. 'ഓർമ്മ വെച്ച നാൾ മുതൽ കൊല്ലപ്പണി തൊഴിലാക്കിയതാണ്. കാരിരുമ്പിനോട് മല്ലിട്ട് ഇപ്പോൾ മറ്റു ജോലികളൊന്നും ചെയ്യാനാകാതെ ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമത്തിലാണെന്ന് കുഞ്ഞിച്ചന്തു പറയുന്നു. മാസം ലഭിക്കുന്ന 1600 രൂപ ക്ഷേമ പെൻഷനാണ് ആകെ വരുമാനം. ഇതുകൊണ്ട് മരുന്നു വാങ്ങാൻ പോലും തികയില്ലെന്നാണ് കുഞ്ഞിച്ചന്തു പറയുന്നത്. അദ്ധ്വാനത്തിനനുസരിച്ച് വേതനമില്ലാത്തതിനാൽ പുതുതലമുറ കൊല്ലപ്പണിയിൽ നിന്ന് അകലുന്നുവെന്നാണ് പ്രകാശൻ പറയുന്നത്. 50- 70 ന് മുകളിൽ പ്രായമുള്ളവരാണ് തൊഴിൽ രംഗത്ത് അവശേഷിക്കുന്നത്. പലരും തൊഴിൽ ചെയ്യാനാവാതെ കടുത്ത രോഗങ്ങളിൽ കഴിയുന്നവരും. കടുത്ത ആരോഗ്യപ്രശ്നങ്ങൾ കാരണം തൊഴിൽ ചെയ്യാൻ പ്രയാസപ്പെടുകയാണെന്നാണ് 40 വർഷത്തിലേറെയായി പന്തിരിക്കര പള്ളിക്കുന്നിൽ കൊല്ലപ്പണിയിലേർപ്പെട്ട മാവിലാം പൊയിൽ പ്രകാശൻ പറയുന്നത്.
കുറഞ്ഞ വരുമാനവും അസംസ്കൃത
വസ്തുക്കളുടെ വിലക്കയറ്റവും തിരിച്ചടി
അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും വൈദ്യുതി ചാർജ് വർദ്ധനയും വലിയ പ്രതിസന്ധിയാണ് . കുറഞ്ഞ വരുമാനമാണ് പരമ്പരാഗത തൊഴിലിൽ നിന്ന് യുവാക്കളെ പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം. ജില്ലയിൽ ആയിരത്തോളം കുടുംബങ്ങൾ കൊല്ലപ്പണിയിൽ ഏർപ്പെട്ടവരായുണ്ട് . പലരും മതിയായ വരുമാനമില്ലാതെ പ്രയാസപ്പെടുന്നവരും.
മുതുകാട്, പെരുവണ്ണാമൂഴി, ചെമ്പനോട, നരിനട, കുണ്ടുതോട്, നെല്ലിക്കുന്ന്, പിള്ളപ്പെരുവണ്ണ, പട്ടാണിപ്പാറ, ലാസ്റ്റ് പന്തിരിക്കര, കടിയങ്ങാട്, പേരാമ്പ്ര, കല്ലോട്, തച്ചറത്ത് കണ്ടി ഭാഗങ്ങളിലൊക്കെ തൊഴിൽ ചെയ്യാൻ ആളില്ലാതെ പണിശാലകൾ പൂട്ടി.
ആവശ്യങ്ങൾ
1. പ്രായാധിക്യവും രോഗങ്ങളും കാരണം അവശത അനുഭവിക്കുന്ന പരമ്പരാഗത തൊഴിലാളികൾക്ക് സാമ്പത്തിക സഹായവും സൗജന്യ ചികിത്സയും നൽകണം.
2 .കൊല്ലപ്പണി പോലുള്ള പരമ്പരാഗത തൊഴിൽ മേഖലയെ അവശ്യസേവന മേഖലയായി പരിഗണിക്കണം.
3 .വൈദ്യുത ചാർജ് വർദ്ധനവിൽ നിന്ന് ഇവയെ ഒഴിവാക്കണം.
4 .ഗ്രാമീണ മേഖലകളിൽ കോമൺ ഫെസിലിറ്റി സെന്റർ സ്ഥാപിച്ച് ആധുനിക യന്ത്ര സഹായത്തോടെ പരിശീലനം നൽകണം.
5. തൊഴിലാളികൾക്ക് പലിശ രഹിത വായ്പ അനുവദിക്കണം.
6. പുതുതലമുറയ്ക്ക് തൊഴിൽ പഠിക്കാനാവശ്യമായ സാമ്പത്തിക സഹായം നൽകണം.
7. പരമ്പരാഗത തൊഴിൽ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് തുക വർധിപ്പിക്കണം.
' അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്ന മറ്റു ജോലികളൊന്നും ചെയ്യാൻ കഴിയാതെ അവശത അനുഭവിക്കുന്ന ഇത്തരം തൊഴിലാളികൾക്ക് കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കണം. കൊല്ലപ്പണിയുൾപെടെയുള്ള പരമ്പരാഗത തൊഴിലുകളെ അവശ്യ സേവന മേഖലയിലുൾപ്പെടുത്തി സർക്കാർ സംരക്ഷിക്കണം'. മാവിലാം പൊയിൽ പ്രകാശൻ (കൊല്ലപ്പണിക്കാരൻ, പരിന്തിരിക്കര)