
ഉരുളെടുത്ത ചൂരൽമല, മുണ്ടക്കൈ പ്രദേശം ഉറങ്ങുന്നതും ഉണരുന്നതും ചൂരൽമല അങ്ങാടിയിൽ നിന്നാണ്. പുലർച്ചെ മുതൽ നഗരം പിടിക്കാനായി എത്തുന്നവർ, ജില്ലയും സംസ്ഥാനവും കടന്ന് തേയിലത്തോട്ടങ്ങളിൽ ജീവിതം നുള്ളിയെടുക്കാനെത്തുന്നവർ, കടകളിൽ ജോലിക്കും തൊട്ടടുത്ത മുസ്ലിം, ക്രിസ്ത്യൻ പള്ളികളിലേക്കും സ്കൂളിലേക്കുമായി എത്തുന്നവർ, പാലംകടന്ന് അപ്പുറത്തെ വീടുകളിലേക്ക് ചേക്കേറുന്നവർ... എല്ലാവർക്കും ആശ്രയവും ആശ്വാസവുമായിരുന്നു ചൂരൽമല അങ്ങാടി.
ഉരുൾ ദുരന്തത്തിനു മുമ്പ് ഇവിടെ ഹോട്ടലുകളും തുണിക്കടകളും മൊബൈൽ ഷോപ്പുകളും പലചരക്കു കടകളുമെല്ലാമായി 84 സ്ഥാപനങ്ങളുണ്ടായിരുന്നു. ഇപ്പോൾ ആകെ മൂന്നു കടകൾ! അതുപോലും, ശീലിച്ചുപോയൊരു ജീവിത താളത്തിന്റെ പേരിൽ തുറന്നുവയ്ക്കുകയാണെന്ന് കച്ചവടക്കാരൻ മുഹമ്മദലി പറയുന്നു. '1961മുതൽ ചൂരൽമലയുടെ ജീവിതം കണ്ട് വളർന്നതാണ് ഞാൻ. വർഷങ്ങളായി നല്ല രീതിയിൽ നടത്തിവന്നതാണ് എന്റെ ബദരിയ റസ്റ്റോറന്റും സൂപ്പർ മാർക്കറ്റും. ഇപ്പോൾ ഇവിടെ കുറച്ച് എണ്ണപ്പലഹാരങ്ങളും ചായയും വിറ്റ് ജീവിക്കുന്നു. വല്ലപ്പോഴും വന്നുപോകുന്നവർ- കുറച്ച് പൊലീസുകാരും ഫയർഫോഴ്സുകാരും...!" മുഹമ്മദലി ഇതു പറയുമ്പോൾ ഒരു ഗ്രാമത്തിനൊപ്പം ഒരു അങ്ങാടിയും നഷ്ടമായതിന്റെ നടുക്കുന്ന ദൃശ്യം തെളിയും.
ഉരുൾ ദുരന്തത്തിനു ശേഷം, നാലുമാസം മുമ്പത്തെ അതേ അവസ്ഥയിലാണ് ഇപ്പോഴും ചൂരൽമല അങ്ങാടി. ഇതുവരെ കടകളിലൊന്നും വൈദ്യുതി ബന്ധമില്ല. വൈകിട്ട് ആറര കഴിഞ്ഞാൽ സർവത്ര ഇരുട്ട്. ' ഒരു ദിവസം 20,000 രൂപയുടെ കച്ചവടം വരെ നടന്നിട്ടുണ്ട്, എന്റെ കടയിൽ. ഇപ്പോഴത് ഏറിയാൽ 1500. നാലഞ്ച് പണിക്കാരുണ്ടായിരുന്നു. അവരെല്ലാം പോയി. ഞാനും ഭാര്യയും മാത്രമാണ് ഇപ്പോൾ ഇവിടുത്തെ ജോലിക്കാരും മാനേജർമാരും എല്ലാം. പറ്റുകാർമാത്രം നൂറോളമുണ്ടായിരുന്നു. അവരൊന്നും ഇന്നില്ല. കൂറേപ്പേരെ ഉരുൾ കൊണ്ടുപോയി. രക്ഷപ്പെട്ടവർ പല ദിക്കുകളിലുമായി. ആരാണ് ഇതിനൊക്കെ സമാധാനവും ആശ്വാസവും നൽകുക?" മുഹമ്മദലിയുടെ ചോദ്യത്തിന് മറുപടിയില്ല.
റോഡിന് മറുവശത്തായുള്ള കട ചൂണ്ടിക്കാട്ടി മുഹമ്മദലി പറഞ്ഞു: ' അവിടെയാണ് പൂക്കാട്ടിൽ അബൂബക്കറും കുടുംബവും താമസിച്ചിരുന്നത്. മുൻഭാഗം കട. പിന്നിൽ വീട്. അദ്ദേഹത്തിനു മാത്രം ചൂരൽമല അങ്ങാടിയിൽ പത്ത് കടകളുണ്ടായിരുന്നു. നല്ലരീതിയിൽ കഴിഞ്ഞുപോയ കുടുംബം. കടകളും വീടും ഒന്നാകെ ഉരുളെടുത്തു; ഭാര്യയേയും! അബൂബക്കർ ഇപ്പോൾ ഏതോ വാടകവീട്ടിലുണ്ട്. ഉള്ളവനും ഇല്ലാത്തവനുമെല്ലാം ഒരേ അവസ്ഥയിൽ..." തിളയ്ക്കുന്ന എണ്ണയിൽ നിന്ന് പഴംപൊരി വറുത്തെടുക്കുന്നതിനിടെ മുഹമ്മദലി ചൂരൽമല അങ്ങാടിയുടെ കഥ പറയുകയാണ്...!
' ജൂലായ് 30-ന്റെ രാത്രി ഞങ്ങളെല്ലാവരും വെള്ളത്തിൽ മുങ്ങിപ്പൊങ്ങുകയായിരുന്നു. മലവെള്ളം കശക്കിയെറിഞ്ഞ് പൊങ്ങിയും താണും വെള്ളം കുടിച്ചും... ഇപ്പോൾ രണ്ടുദിവസമായി ഇവിടെ കുടിവെള്ളമില്ല. വെള്ളം കിട്ടാതെ മരിക്കേണ്ടിവരുമോ എന്നാണ് പേടി..." മേപ്പാടി ഗ്രാമപഞ്ചായത്തിനോടു ചേർന്ന പഞ്ചായത്ത് കെട്ടിടത്തിലിരുന്ന് സുജാത സുഭാഷ് എന്ന വീട്ടമ്മയുടെ വാക്കുകൾ. ഹാരിസൺ പ്ലാന്റേഷൻസിലെ തൊഴിലാളിയായിരുന്നു സുജാത. ഭർത്താവ് സുഭാഷും രണ്ടു മക്കളുമടങ്ങുന്ന കുടുംബം. ചൂരൽമല ഹയർസെക്കൻഡറി സ്കൂളിനു സമീപം വീടു നിന്ന സ്ഥലത്ത് ഇപ്പോൾ പെറുക്കിയെടുക്കാൻ ഒന്നുമില്ല.
മല പൊട്ടിയിറങ്ങി വരുമ്പോൾ തൊട്ടടുത്ത വീട്ടിൽ ഭർത്താവിന്റെ സഹോദരനും കുടുംബവുമുണ്ടായിരുന്നു. മലവെള്ളം വീടടക്കം ഞങ്ങളെ എല്ലാവരെയും കൊണ്ടുപോയി. എവിടെയൊക്കെയോ തട്ടിയും തടഞ്ഞും രക്ഷാപ്രവർത്തകരുടെ കരങ്ങളിലൂടെ തങ്ങൾ രക്ഷപ്പെട്ടു. സുഭാഷിന്റെ സഹാദരൻ സുരേഷിന്റെ മകളെ മാത്രം കിട്ടിയില്ല. ഒരുമാസത്തോളം ക്യാമ്പിലായിരുന്നു. ഇപ്പോൾ പഞ്ചായത്ത് വക ക്വാർട്ടേഴ്സിൽ. വല്ലപ്പോഴും ടാങ്കറിൽ വരുന്ന വെള്ളമാണ് ആശ്രയം. ഇതിലും ഭേദം വെള്ളംകുടിച്ച് മരിക്കുന്നതായിരുന്നെന്ന് സുജാത! ഇത് ദുരന്തത്തിനിരയായി വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന 1600-ഓളം വരുന്ന കുടുംബങ്ങളുടെ ആവലാതിയാണ്.
ഇവരിൽ പലരുടെയും വീടുകൾ പൂർണമായും ഉരുളെടുത്തു. ശേഷിക്കുന്നവരുടെ വീടുകൾ താമസയോഗ്യമല്ല. സർക്കാർ പ്രതിമാസം 6000 രൂപ വാടകയായും, നിത്യച്ചെലവിന് 300 രൂപയും നൽകാമെന്നു പറഞ്ഞതിന്റെ ഉറപ്പിൽ മാത്രം മാറിയവർ. പലയിടത്തും രണ്ടും മൂന്നും കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്നു. കാരണം ചോദിച്ചപ്പോൾ അവരുടെ പ്രതികരണം, നമ്മുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ ആഴം അറിയിക്കുന്നതായിരുന്നു. 'ഇപ്പോൾ നാലുമാസം കഴിഞ്ഞു. സർക്കാർ പ്രഖ്യാപിച്ചതുപോലെ ആദ്യമാസം ദിവസം 300 രൂപ വച്ച് 9000 രൂപ അക്കൗണ്ടിൽ എത്തി. പിന്നീടത് വല്ലപ്പോഴുമായി. അങ്ങനെയാണ് മുൻപരിചയം പോലുമില്ലാത്ത രണ്ടും മൂന്നും കുടുംബങ്ങൾ ഒന്നിച്ചു താമസിക്കാൻ തുടങ്ങിയത്. ആർക്കെങ്കിലും അക്കൗണ്ടിലേക്ക് പണം കിട്ടിയാൽ കഞ്ഞികുടി മുട്ടാതിരിക്കുമല്ലോ!"
'അഞ്ജനംചിറയിൽ" സുജാത. വയസ് 60 കഴിഞ്ഞു. മക്കളും പേരക്കുട്ടികളുമായി താമസിക്കുന്ന ചൂരൽമലയിലെ വീടിനു മുകളിലേക്ക് മലവെള്ളവും കല്ലുകളും ഒന്നായി വീണു. ഇരുനില വീടിന്റെ മുകൾഭാഗം താഴേക്കു പതിച്ചു. പുലർച്ചെവരെ കഴുത്തറ്റം ചെളിയിൽ മുങ്ങിക്കിടന്നതിന്റെ ദുരവസ്ഥ വിവരിക്കുമ്പോൾ, എല്ലാവരെയും തിരിച്ചുകിട്ടി എന്നതു മാത്രം ആശ്വാസം. നട്ടെല്ലും വാരിയെല്ലും തകർന്ന അവസ്ഥയിലാണ് സുജാത ജീവിതത്തിലേക്ക് തിരിച്ചുകയറിയത്. മരപ്പണിക്കാരനായ മകന്റെ മൂന്നര ലക്ഷത്തോളം വിലവരുന്ന മരങ്ങളും പണിസാധനങ്ങളും വാഹനങ്ങളുമെല്ലാം ഒലിച്ചുപോയി. കടക്കാരെക്കൊണ്ട് പൊറുതിമുട്ടുന്നു. സർക്കാർ പ്രഖ്യാപിച്ച മാസ സഹായവും കുറച്ച് ഭക്ഷണസാധനങ്ങളും കിട്ടിയെങ്കിൽ പിടിച്ചുനിൽക്കാൻ പറ്റുമായിരുന്നെന്ന് സുജാത പറയുമ്പോൾ പൊട്ടിപ്പോയ കണ്ണികൾ കൂട്ടിയിണക്കാൻ പാടുപെടുന്ന ഒരുപാടു പേരുടെ സങ്കടങ്ങളാകുന്നു, അതും.
(തുടരും)