 
മേപ്പാടി: പുത്തുമലയിലെ പൊതുശ്മശാന ഭൂമിയിൽ കാണുന്നതെല്ലാം ഹൃദയവേദനയുള്ള കാഴ്ചകളാണ്. എന്നാൽ ഹൃദയം തകർന്നു പോകുന്ന ഒരു കാഴ്ചയുണ്ട്. വലിയ ഫലകം,... അതിൽ മൂന്ന് കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ...
നിവേദ്, ധ്യാൻ, ഇഷാൻ. ഫലകത്തിലെ ചിത്രങ്ങൾക്കു മുൻപിൽ മൂന്ന് ചോക്ലേറ്റുകൾ...പ്രിയപ്പെട്ട കുട്ടികൾക്ക് അച്ഛൻ അനീഷിന്റേയും അമ്മ സയനയുടേയും സമ്മാനങ്ങളാണ്. ദുരന്തത്തിൽ മുണ്ടക്കൈ സ്വദേശി അനീഷിന്റെയും സയനയുടെയും മൂന്നു കുഞ്ഞുങ്ങളെയും ദുരന്തം കവർന്നിരുന്നു. ഇത് ഉൾക്കൊള്ളാൻ ഇനിയും മാതാപിതാക്കൾക്കായിട്ടില്ല. മേപ്പാടി മാനിവയലിലെ വാടകവീട്ടിലാണ് അനീഷും സൈനയും താമസിക്കുന്നത്. കുട്ടികൾ കൂടെയുണ്ടെന്നാണ് ഇപ്പോഴും ഇവർ വിശ്വസിക്കുന്നത്. ഇടയ്ക്കിടെ ഇരുവരും പുത്തുമലയിലെ ശ്മശാന ഭൂമിയിലെത്തും. കയ്യിലുള്ള മിഠായികൾ സമ്മാനിക്കും. അവർ ജീവിച്ചിരിക്കുമ്പോൾ മിഠായി കഴിക്കുകയാണെങ്കിൽ ചെറിയൊരു പങ്ക് ഞങ്ങൾക്കും തരുമായിരുന്നു. അവർ ഒറ്റയ്ക്ക് കഴിക്കാറില്ല. അതിനാൽ തന്നെ ശ്മശാന ഭൂമിയിലും ഞങ്ങൾ അത് തുടരും. അവരോട് കുറെ സംസാരിക്കും. ഞങ്ങളുടെ സംസാരം അവർ കേൾക്കുന്നുണ്ടെന്ന് ഉറപ്പാണെന്ന് അനീഷും സയനയും പറയുന്നു. കള്ളാടിയിലെ ടാക്സി ഡ്രൈവറായിരുന്നു അനീഷ്. മൂന്നു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേരെയാണ് ദുരന്തം കവർന്നത്. വീടും ഉപജീവനമാർഗ്ഗവുമായിരുന്ന ജീപ്പും എല്ലാം ദുരന്തത്തിൽ നഷ്ടപ്പെട്ടു. അത്ഭുതകരമായാണ് ഇരുവരുടെയും ജീവൻ തിരിച്ചു കിട്ടിയത്. നഷ്ടപ്പെട്ട ജീപ്പിന് പകരം ഡി.വൈ.എഫ്.ഐ പുതിയ ജീപ്പ് വാങ്ങി നൽകി. ഇപ്പോൾ ഈ ജീപ്പ് ഓടിച്ച് ദുരന്തം അതിജീവിക്കാൻ ശ്രമിക്കുകയാണ് അനീഷ്.
പുത്തുമല പൊതുശ്മശാന ഭൂമിയിലെ മക്കൾ ഉറങ്ങുന്ന മണ്ണിൽ അവരുടെ ഫലകത്തിന് സമീപം ചോക്ളേറ്റുകൾ കൊണ്ടുവച്ചപ്പോൾ