kumki

സുൽത്താൻ ബത്തേരി: ജനവാസ മേഖലയിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തി വരുന്ന കാട്ടു കൊമ്പന്റെ പരാക്രമം കുങ്കിയാനകൾക്ക് നേരെയും. നിരന്തരം ജനങ്ങളുടെ കൃഷിയിടത്തിലിറങ്ങി കൃഷി നശിപ്പിച്ചു വന്ന കാട്ടാനകളെ തുരത്താനായി നിയോഗിച്ച കുങ്കിയാനകൾക്ക് നേരെയാണ് കൊമ്പന്റെ പരാക്രമം. കഴിഞ്ഞ ദിവസം നായ്‌ക്കെട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാട്ടുകൊമ്പനെ ഓടിക്കാൻ പോയ ഭരത് എന്ന വനം വകുപ്പിന്റെ കുങ്കിയാനെയെയാണ് കാട്ടാന കുത്തി പരിക്കേൽപ്പിച്ചത്. വയലേലകളിൽ നെല്ല് വിളവെടുപ്പിന് പാകമായതോടെയാണ് കാടിറങ്ങുന്ന കാട്ടാനകൾ കൃഷിയിടത്തിലേയ്ക്ക് എത്താൻ തുടങ്ങിയത്. കൃഷിയിലേയ്ക്ക് എത്തുന്ന കാട്ടാനകളെ തുരത്തി കർഷകരുടെ കൃഷികൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കുങ്കിയാനകളെ ആനശല്യമുള്ള മേഖലകളിൽ ഉപയോഗിക്കാൻ തുടങ്ങിയത്. ഇത്തരത്തിൽ വടക്കനാട് വള്ളുവാടി, ഓടപ്പള്ളം, നായ്‌ക്കെട്ടി മുത്തങ്ങ മേഖലകളിലാണ് വനം വകുപ്പിന്റെ ആന പൊലീസുകളായ കുങ്കിയാനകളെ ദൗത്യത്തിനായി നിയോഗിച്ചത്. ഓരോ മേഖലകളിലും പ്രത്യേക നിരീക്ഷണം നടത്തി കൃഷിയിടത്തിലേയ്ക്ക് ഇറങ്ങുന്ന ആനകളെ ഉൾവനത്തിലേക്ക് തുരത്തുകയാണ്. ഇതിനായി മുത്തങ്ങ ആന ക്യാമ്പിലെ കുങ്കിയാനകളെയാണ് ഉപയോഗിച്ചുവന്നത്. കഴിഞ്ഞ മാസം മുതലാണ് വമേഖലയോട് ചേർന്ന ജനവാസ കേന്ദ്രങ്ങളിൽ കുങ്കിയെ ഉപയോഗിച്ച് ശല്യക്കാരായ കാട്ടാനകള വനത്തിലേയ്ക്ക് തുരത്താൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം നായ്ക്കിട്ടി ഫോറസ്റ്റ് സെക്ഷന് കീഴിലെ ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങിയ കാട്ടാനയാണ് കുങ്കിയാനയായ ഭരതിനെ കുത്തി പരിക്കേൽപ്പിച്ചത്. നാട്ടിലിറങ്ങിയ കാട്ടാനയെ ഉൾവനത്തിലേയ്ക്ക് തുരത്തുന്നതിനിടെയാണ് കാട്ടാന തിരിഞ്ഞു ഭരതിനെ നേരിട്ടത്. കാട്ടുകൊമ്പന്റെ കുത്തേറ്റെങ്കിലും ചങ്ങല തുമ്പികൈയ്യിൽ ചുറ്റി കാട്ടുകൊമ്പനെ ഉൾവനത്തിലേയ്ക്ക് അടിച്ചോടിച്ചു. പരിക്കേറ്റ കുങ്കിയാനയെ പന്തിയിലേത്തിച്ച് ഡോക്ടർമാർ ചികിത്സ നൽകി. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം വീണ്ടു കുങ്കി ജോലിയിൽ പ്രവേശിച്ചു. 2016 ന് മുമ്പ് വരെ വടക്കനാട്, വള്ളുവാടി, കല്ലൂർ മേഖലകളെ വിറപ്പിച്ച് വന്ന കാട്ടാനകളായ കല്ലൂർ കൊമ്പനും വടക്കനാട് കൊമ്പനുമാണ് പിന്നീട് ഭരത്, വിക്രം എന്ന പേരിൽ വനം വകുപ്പിന്റെ വിശ്വസ്തരായ കുങ്കിയാനകളായി മാറിയത്. ശല്യക്കാരായ ഈ രണ്ട് ആനകളെയും പിടി കുടി ചട്ടം പഠിപ്പിച്ച് കുങ്കിയാനയാക്കി മാറ്റുകയായിരുന്നു. ഈ മേഖലകൾ നല്ല സുപരിചിതമായ ഭരതും, വിക്രമവുമാണ് ഇപ്പോൾ കാട്ടാനകളെ ഓടിക്കാൻ ഇറങ്ങിയിരിക്കുന്നത്. നേരത്തെ ഈ ആനകളോടൊപ്പം ഉണ്ടായിരുന്ന ആനകളാണ് ശല്യക്കാരായി മേഖലയിൽ ഇപ്പോൾ വിഹരിക്കുന്നത്. ഒന്നിച്ച് കഴിഞ്ഞ് വന്നിരുന്നവർ ഇടക്കാലത്ത് മനുഷ്യരോടൊപ്പം കൂടി തങ്ങളെ ഓടിക്കാൻ ശ്രമിക്കുന്നതിലെ കലിയാണ് അക്രമണത്തിലൂടെ പ്രകടിപ്പിക്കുന്നതെന്നാണ് ഗോത്രവാസികൾ പറയുന്നത്.


കാട്ടാനയെ ഓടിക്കുന്ന ദൗത്യവുമായി കുങ്കിയാനകൾ