 
കോഴിക്കോട്: എലത്തൂരിലെ എച്ച്.പി.സി.എൽ പ്ലാന്റിലുണ്ടായ ഇന്ധന ചോർച്ചയിൽ പ്രതിഷേധങ്ങൾ തുടരുന്നു. ഇന്നലെ വൈകീട്ട് എച്ച്.പി.സി.എൽ പ്ലാന്റിനുമുന്നിൽ എലത്തൂർ ജനകീയ സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ഓപ്പൺ ഫോറവും നടന്നു. ജനവാസ കേന്ദ്രത്തിൽ നിന്നും ഡിപ്പോ മാറ്റിസ്ഥാപിക്കുക, മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്ത ഡിപ്പോയുടെ പ്രവർത്തനം നിർത്തിവെയ്ക്കുക, ജനസുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. ബുധനാഴ്ചയുണ്ടായ ഇന്ധന ചോർച്ചയുണ്ടാക്കിയ പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് പ്രതിഷേധ യോഗത്തിൽ സംസാരിച്ച സംരക്ഷണ കൂട്ടായ്മ അംഗം വി.ടി നാസർ പറഞ്ഞു. ഇന്ധനചോർച്ചയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട് കൈമാറി. കൺട്രോളർ ഓഫ് എക്‌സ്‌പ്ലോസീവ് അതോറിറ്റി, ജല അതോറിറ്റി, സി.ഡബ്ല്യു. ആർ.ഡി.എം, മലിനീകരണ നിയന്ത്രണ ബോർഡിലെയും ഉദ്യോഗസ്ഥർ പെട്രോളിയം സംഭരണ കേന്ദ്രത്തിലും ഡീസൽ പടർന്ന പ്രദേശങ്ങളിലും നടത്തിയ പരിശോധനാ റിപ്പോർട്ടുകളുകളുടെ അടിസ്ഥാനത്തിലാണ് കളക്ടർ റിപ്പോർട് നൽകിയത്. ഡീസൽ ചോർച്ചയ്ക്ക് കാരണമായത് സാങ്കേതിക തകരാർ പ്ലാന്റിലെ റഡാർ ഗേജ് നിലച്ചതിനാൽ തുറന്ന വാൽവിലൂടെ ഇന്ധനം പുറത്തേക്ക് ഒഴുകുകയായിരുന്നു. ഇത് പ്ലാന്റിലെ മഴവെള്ളം പുറത്തേക്ക് ഒഴുക്കുന്ന ഓടവഴി പുറത്തെത്തി. കമ്പ്യൂട്ടർ മോണിറ്റർ തകരാറിലായിരുന്നു. അതിനാൽ സുരക്ഷാ അലാറം പ്രവർത്തിച്ചില്ല. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ പ്രതിനിധികൾ, എച്ച്.പി.സി.എല്ലിലെ സാങ്കേതിക വിദഗ്ധർ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും ഡിപ്പോയിൽ പരിശോധനകൾ നടത്തി. ഇന്ധനചോർച്ച തടയാൻ അടിയന്തിരമായി ഇടപെടൽ നടത്തിയെന്നും ഓടകളിലെ ഡീസലിന്റെ അംശം നീക്കം ചെയ്തുവെന്നുമാണ് കമ്പനി ജില്ലാ കളക്ടർക്കു നൽകിയ വിശദീകരണം.