yandra
കല്ലുമുക്ക് മാറോട് ഭാഗത്ത് കൊയ്ത്ത് യന്ത്രംകൊണ്ട് നെല്ല് കൊയ്തെടുക്കുന്നു

സൂൽത്താൻ ബത്തേരി: നെൽ കർഷകരെ കണ്ണീരിലാഴ്ത്തി കൊണ്ട് തുടർന്ന മഴ അൽപ്പമൊന്ന് മാറി നിന്നതോടെ കർഷകർ പുല്ലും നെല്ലും വേർ തിരിച്ചെടുക്കുന്ന തത്രപാടിലാണ്. വയലേലകളിലെല്ലാം നെല്ല് വിളവെടുപ്പിന് പാകമായി വിളഞ്ഞ് നിൽക്കാൻ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടെങ്കിലും മഴ മാറി നിൽക്കാത്തതിനാൽ കൊയ്ത്ത് നടത്താനായില്ല. കഴിഞ്ഞ രണ്ട് ദിവസമായി നേരിയ വെയിൽ കണ്ടതോടെയാണ് കർഷകർ വിളഞ്ഞ് കിടക്കുന്ന നെല്ല് കൊയ്‌തെടുക്കുന്നതിനായി വയലുകളിലേയ്ക്ക് ഇറങ്ങിയത്. വയലുകളിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ കൊയ്ത്ത് മെതിയന്ത്രം വയലുകളിലിറക്കി കൊയ്‌തെടുക്കുക എന്നതും ദുഷ്‌ക്കരമായി. തുടർച്ചയായി പെയ്ത മഴയിൽ നെൽച്ചെടികൾ എല്ലാം തന്നെ വീണുപോയി. നെൽച്ചെടികൾ വീണ് വെള്ളത്തിൽ കുതിർന്നതിനാൽ പുല്ല് നാശമായി. ഇനിപുല്ല് എന്തായാലും കിട്ടാൻ സാധ്യതയില്ല. കഞ്ഞി കുടിക്കാനുള്ള നെല്ലെങ്കിലും ഇപ്പോൾ കൊയ്‌തെടുത്താൽ കിട്ടുമല്ലോ അല്ലെങ്കിൽ ഇനിയും താമസിച്ചാൽ കഞ്ഞി കുടിയും മുട്ടും. അതുകൊണ്ടാണ് വേഗത്തിൽ എങ്ങിനെയെങ്കിലും കൊയ്‌തെടുക്കാമെന്ന് കരുതി കൊയ്ത്ത് യന്ത്ര ഏജൻസികൾ പറയുന്ന തുകയ്ക്ക് കർഷകർ കൊയ്ത്ത് നടത്തുന്നത്. സാധാരണ ടയർ ഘടിപ്പിച്ച കൊയ്ത്ത് യന്ത്ര വാഹനങ്ങൾ ഇറങ്ങിയിരുന്ന വയലുകളിൽ മഴ കാരണം ഇത്തവണ ചെയിൻ ഘടിപ്പിച്ച യന്ത്രങ്ങൾ മാത്രമാണ് ഇറങ്ങാൻ കഴിയുന്നത്. ഒരു മണിക്കൂർ കൊണ്ടു കൊയ്‌തെടുത്ത വയലുകളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ മൂന്നും മൂന്നര മണിക്കൂറുമാണ് വേണ്ടി വരുന്നത്. മഴയും വെള്ളവും കാരണം ഒരു വയലുകളിൽ പോലും ടയർ വണ്ടികൾ ഇറക്കാൻ കഴിയുന്നില്ല. ടയർ വണ്ടികൾക്ക് മണിക്കൂറിന് 2500 രൂപയും ചെയിൻ വണ്ടികൾക്ക് 2700 രൂപയുമാണ് നിരക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ഞൂറ് രൂപയുടെ വർദ്ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. ഇത് കർഷകരെ സംബന്ധിച്ചിടത്തോളം അമിത വർദ്ധനവാണെങ്കിലും പുല്ലും നെല്ലും വേർതിരിച്ച് പത്തായത്തിലെത്തിച്ചാൽ മതിയെന്ന ചിന്തയിലാണ് ഈ തുക നൽകി കൊയ്ത്ത് നടത്തുന്നത്.


കല്ലുമുക്ക് മാറോട് ഭാഗത്ത് കൊയ്ത്ത് യന്ത്രംകൊണ്ട് നെല്ല് കൊയ്തെടുക്കുന്നു

വാടക വർദ്ധന; ഏജൻസികളുടെ

ചൂഷണത്തിൽ കുരുങ്ങി കർഷകർ

സുൽത്താൻ ബത്തേരി: ' ഇനിയെങ്കിലും മഴ നനയാതെ വയലിൽ നിന്ന് നെല്ല് വീട്ടിലെത്തിച്ച് കിട്ടിയാൽ മതിയെന്ന് കരുതിയിരിക്കുന്ന കർഷകരെ കൊയ്ത്ത് മെതിയന്ത്രം എത്തിച്ച് നൽകുന്ന ഏജൻസികൾ ചൂഷണം ചെയ്യുന്നു. യന്ത്രവാടക വർദ്ധിപ്പിച്ചാണ് ചൂഷണം. കൃഷിഭവന്റെ കീഴിലുള്ള ഓരോ പാടശേഖര സമിതികളും നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. വാടക ഏകീകൃതമായിരിക്കണമെന്ന്. ഇതനുസരിച്ച് വാടകയും നിശ്ചയിച്ചിരുന്നു. എന്നാൽ ഈ വാടകയ്ക്ക് മെഷീൻ വയലിലിറക്കാൻ ഏജൻസികൾ തയ്യാറാകുന്നില്ല. കാലാവസ്ഥ മാറ്റവും യന്ത്രത്തിന്റെ കുറവും ഏജൻസികൾ മുതലെടുക്കുകയാണ്. 2500 രൂപയാണ് ചെയിൻ യന്ത്രത്തിന് സമിതികൾ നിശ്ചയിച്ചിരുന്ന തുക, എന്നാൽ ഈ തുകയ്ക്ക് യന്ത്രം വയലിലിറക്കാൻ ഏജൻസികൾ തയ്യാറല്ല. 2700 രൂപ ഇല്ലെങ്കിൽ യന്ത്രം വയലിൽ ഇറക്കുകയില്ല തിരികെ കൊണ്ടു പോവുകയാണെന്നാണ് പറയുന്നത്. ഏജൻസികളുടെ ഭീഷണിക്ക് മുമ്പിൽ 2700 എങ്കിൽ അത് കൊടുത്ത് കൊയ്‌തെടുക്കാൻ കർഷകർ നിർബന്ധിതരാകുകയാണ്. ഇപ്പോൾ തമിഴ് നാട്ടിൽ നിന്നും, പാലക്കാട് നിന്നുമാണ് കൊയ്ത്ത് മെതിയന്ത്രങ്ങൾ എത്തിച്ചു കൊണ്ടിരിക്കുന്നത്. ജില്ലയിലേയ്ക്ക് യന്ത്രങ്ങൾ എത്തിക്കുന്നത് ഒന്ന് രണ്ട് ഏജന്റുമാർ മുഖേനയാണ്. ഇവരുടെ ആളുകളാണ് തുക നിശ്ചയിക്കുന്നതും പണം വാങ്ങുന്നതും. യന്ത്രവുമായി എത്തുന്നവർക്ക് കർഷകരുമായി ഒരു ഇടപാടുമില്ല.

നെൽ കൃഷി കൂടുതൽ ചെയ്യുന്ന പഞ്ചായത്തുകളിലൊന്നായ നൂൽപ്പുഴയിൽ കൃഷിഭവന്റെ കീഴിലായി ഒരു കൊയ്ത്ത് യന്ത്രം ഉണ്ടായിരുന്നു. ഇത് കൃത്യമായി പരിപാലിക്കാത്തതിനാൽ നാമാവശേഷമായി. ഈ യത്രം സംരക്ഷിക്കപ്പെട്ടിരുന്നെങ്കിൽ പഞ്ചായത്തിലെ കർഷകർക്കെങ്കിലും ആശ്വാസമാകുമായിരുന്നു.