wayanad

ചൂരൽമല,​ മുണ്ടക്കൈ ദുരന്തത്തിന്റെ ആഴം പറയുമ്പോഴും അതിജീവന കഥകൾ കാണാതെ വയ്യ. എല്ലാം നഷ്ടപ്പെട്ടിടത്തു നിന്ന് ഉയിർത്തെഴുനേൽക്കുന്നവർ നൽകുന്ന ഊർജം ചെറുതല്ല. രണ്ടുപേരെക്കുറിച്ചു മാത്രമാണ് ഈ അന്വേഷണം പറഞ്ഞു പോകുന്നത്- നൗഫലും ശ്രുതിയും. രണ്ടുപേരും കടന്നുപോയ സങ്കടപ്പാടിന്റെ കണ്ണീരുപ്പല്ല പറയുന്നത്; മറിച്ച് ദുരന്തഭൂമിയിൽ ഒറ്റപ്പെട്ടുപോയവർക്കായി സമർപ്പിക്കുന്ന പ്രതീക്ഷകളുടെ ഒരു മധുര നാരങ്ങ!

'ദുരന്തത്തിന്റെ ആഴം, വേദന തീർത്ത മുറിവുകൾ... എല്ലാം ബാക്കിയാണ്. അത് എന്നു തീരുമെന്ന് അറിയില്ല. കേരളം എന്നെ ചേർത്തുപിടിച്ചു. ഇപ്പോൾ ജോലിയുമായി. വയനാട് കളക്ടറേറ്റിൽ റവന്യു വകുപ്പിൽ ക്ലർക്കായാണ് ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്. പക്ഷേ,​ എന്റെ കാര്യത്തിലെന്നതു പോലെ മറ്റുള്ളവരുടെ ജീവിതത്തിലും ഇടപെടലുകളുണ്ടാവണം. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ജീവിക്കാനായി സമരത്തിനിറങ്ങുമ്പോൾ വല്ലാത്ത വേദന തോന്നുന്നു..." വയനാട് ചൂരൽമല ദുരന്തത്തിൽ അച്ഛനും അമ്മയുമടക്കം എല്ലാം നഷ്ടപ്പെടുകയും,​ പിന്നീട് പ്രതിശ്രുത വരൻ അപകടത്തിൽ മരണപ്പെടുകയും ചെയ്‌പ്പോൾ ഒറ്റയ്ക്കായിപ്പോയ ശ്രുതിയുടെ വാക്കുകളാണ് ഇത്.

കരുത്തിന്റെ

നവശ്രുതി

ചൂരൽമലയിലെ സ്‌കൂൾ റോഡിലായിരുന്നു ശ്രുതിയുടെ വീട്. മുണ്ടക്കൈ,​ ചൂരൽമല ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണനെയും അമ്മ സബിതയെയും സഹോദരി ശ്രേയയെയും ശ്രുതിക്ക് നഷ്ടമായി. ദുരന്തം സംഭവിക്കുമ്പോൾ കോഴിക്കോട്ട് മിംസ് ആശുപത്രിയിൽ ജോലിയിലായിരുന്നതിനാൽ മാത്രം അവളെ ഉരുൾ കവർന്നില്ല. ജീവൻ തിരിച്ചുകിട്ടിയെങ്കിലും ചൂരൽമലയിലെ കാഴ്ച ശ്രുതിയുടെ ഹൃദയം തകർക്കുന്നതായിരുന്നു. ഉറ്റവരായി ആരുമില്ല. വീട് നിന്നിടത്ത് ഓർമ്മകൾ പോലും ബാക്കിയില്ല. പിന്നീട് ശ്രുതിക്ക് തണലായി ഉണ്ടായിരുന്നത് പ്രതിശ്രുത വരൻ ജെൻസൺ മാത്രം.

ഡിസംബറിലാണ് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ അവിടെയും അവളെ വിധി ക്രൂരമായി പരീക്ഷിച്ചു. സെപ്തംബർ പത്തിന് ശ്രുതിയും ജെൻസണും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ജെൻസൺ മരിച്ചു. പരിക്കേറ്റ അവസ്ഥയിൽ നിന്ന് ശ്രുതി സുഖംപ്രാപിച്ചു വരുന്നതേയുള്ളൂ. കൽപ്പറ്റ അമ്പിലശ്ശേരിയിലെ വാടകവീട്ടിൽ ഇരിക്കുമ്പോഴാണ് അവൾക്ക് ആശ്വാസമായി സർക്കാർ ജോലി തേടിയെത്തിയത്. ഓർഡർ കൈപ്പറ്റിയതിനു പിന്നാലെ തിങ്കളാഴ്ച കൽപ്പറ്റ സിവിൽ സ്റ്റേഷനിലെത്തി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

വീട്ടിൽ കാണാനെത്തിയപ്പോൾ ശ്രുതി ഒറ്റക്കാര്യമാണ് പറഞ്ഞത്: 'നിങ്ങളെല്ലാം ഇടപെട്ട് എന്റെ ഭാവിജീവിതം സുരക്ഷിതമാക്കി. പക്ഷേ,​ അതുപോലെ താത്കാലിക വാടകവീടുകളിലും മറ്റും താമസിക്കുന്ന നിരവധി പേരുടെ ജീവിത പ്രശ്‌നങ്ങളുണ്ട്. നിങ്ങളുടെ കണ്ണുകൾ അവർക്കു മുന്നിലേക്കു കൂടി തിരിയണം." ശ്രുതിയെന്നത് ഇന്ന് കേരളത്തിൽ വെറുമൊരു പേരല്ല; അതിജീവനത്തിന്റെ വലിയ പാഠമാണ്.

ഉപ്പയാണ് എന്നും

എന്റെ ഹീറോ...

സഹോദരി പ്രിയങ്കാ ഗാന്ധിക്ക് വലിയ തിരഞ്ഞെടുപ്പു ജയം നൽകിയ വയനാട്ടിലെ ജനതയോട് നന്ദി പറയാൻ രാഹുൽ ഗാന്ധിയും പ്രിയങ്കയും വയനാട്ടിലെത്തിയപ്പോൾ രാഹുലിന്റെ വാക്കുകൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു- 'കേരളത്തിലെ ജനങ്ങൾ എങ്ങനെയാണ് വയനാട് ദുരന്തബാധിതരെ സഹായിച്ചതെന്ന് നമുക്കറിയാം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 'കഫെ ജൂലായ് 30." ജൂലായ് 30-നുണ്ടായ ദുരന്തത്തിൽ പതിനൊന്നു പേരെ നഷ്ടമായ നൗഫൽ ഭാര്യയുടെ ഓർമ്മയ്ക്കായി ആരംഭിച്ചതാണ് ജൂലായ് 30 എന്ന പേരിലുള്ള കഫെ. അടുത്ത തവണ ഞാൻ വരുമ്പോൾ ആ കഫേയിൽ പോകും. അതുവഴി പോകുമ്പോൾ നിങ്ങളോരോരുത്തരും അവിടെ കയറണം. അവിടെപ്പോയി ഒരു കാപ്പി കുടിക്കുന്നത് അവർക്ക് ആത്മവിശ്വാസവും ശക്തിയും പകരും..."

കുറച്ചു ദിവസമേ ആയുള്ളൂ,​ നൗഫൽ സുമനസുകളുടെ സഹായത്തോടെ മേപ്പാടി ടൗണിൽ നിന്ന് തെള്ളായിരംകണ്ടിയിലേക്കു തിരിയുന്ന റോഡിൽ കട തുടങ്ങിയിട്ട്. കണ്ടും കേട്ടുമറിഞ്ഞ് കടയിലേക്ക് എത്തുന്നത് നിരവധി പേരാണ്. ഞങ്ങളെത്തുമ്പോൾ കടയിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു നൗഫൽ. പത്തു മിനിട്ടെന്നു പറഞ്ഞെങ്കിലും അതിനുമുമ്പേ പറന്നെത്തി. ദുരന്തത്തിന്റെ ഓർമ്മകളിലേക്കു വിളിച്ചപ്പോൾ പേഴ്‌സിൽ നിന്ന് ഒരു തുണ്ടുകടലാസെടുത്ത് കാണിച്ചു. ദുരന്തത്തിന് മൂന്നുമാസം മുമ്പ് ഒമാനിലേക്കു പോയപ്പോൾ മകൻ മുഹമ്മദ് നിഹാൽ ഉപ്പയറിയാതെ പെട്ടിയിൽ എഴുതിയിട്ടൊരു കുറിപ്പ്: 'ഉപ്പ എന്റെ ഹീറോ ആണ്. നിങ്ങളെപ്പോലൊരു പിതാവിനെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം..."

അപ്പോൾ,​ നൗഫലിന്റെ കണ്ണിലൂടെ ഒരു പുഴ ഒഴുകുന്നുണ്ടായിരുന്നു. 'എന്റെ ഭാര്യ സജ്‌ന. മൂന്നു കുഞ്ഞുങ്ങൾ, പിന്നെ ഉപ്പ, ഉമ്മ, സഹോദരങ്ങൾ.... പതിനൊന്നു പേരെയാണ് ദുരന്തം കൊണ്ടുപോയത്. ദുരന്തമുണ്ടായ ഉടനെ ഒരു സുഹൃത്തിന്റെ ഫോണാണ് വന്നത്. നാട്ടിലേക്കു തിരിക്കുമ്പോൾ അവർക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു. പക്ഷേ, ഒരാളെപ്പോലും എനിക്കായി ബാക്കിവച്ചില്ല. മാസങ്ങളോളം മരവിപ്പായിരുന്നു. ഇങ്ങനെയൊരു കട തുറക്കുമ്പോൾ പ്രത്യേകിച്ചൊരു ലക്ഷ്യവും ഉണ്ടായിരുന്നില്ല. ആർക്കുവേണ്ടിയാണ് ഈ പെടാപ്പാട്?​ പക്ഷേ,​ ദുരന്തത്തിനിരയായ ഒരുപാടു പേർക്ക് എന്നെപ്പോലൊരാളുടെ തിരിച്ചുവരവ് വലിയ ഊർജം നൽകുന്നുണ്ടെന്ന് തിരിച്ചറിയുമ്പോൾ ഇതൊരു നിയോഗമാണെന്ന് കരുതുന്നു. പിന്നെ ഈ പേര്- 'കഫേ ജൂലായ് 30." മറ്റെന്തു പേരാണ് ഞാനിടേണ്ടത്?​"