കോഴിക്കോട്: കോർപ്പറേഷൻ പരിധിയിലെ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ ലഭ്യമാകും. വിവരങ്ങൾ വിരൽതുമ്പിൽ എന്ന ലക്ഷ്യത്തോടെ കോർപ്പറേഷൻ ആരംഭിച്ച ജി.ഐ.എസ് മാപ്പിംഗ് സർവേ ഇന്ന് മുതൽ ആരംഭിക്കും. ഡ്രോൺ വഴിയുള്ള സർവേയ്ക്ക് ബേപ്പൂർ പരിധിയിലാണ് തുടക്കം. പദ്ധതിയുടെ ഭാഗമായുള്ള കെട്ടിട സർവേ കോർപ്പറേഷൻ പരിധിയിലെ ഇരുപതോളം വാർഡുകളിൽ ഇതിനകം പൂർത്തിയായി. ബാക്കിയുള്ള വാർഡുകളിലെ സർവേയും ഉടൻ പൂർത്തിയാക്കും. മുഴുവൻ കെട്ടിടങ്ങളുടെയും ഫോട്ടോ സഹിതം എല്ലാ വിവരങ്ങളും മാപ്പ് ചെയ്യും. കെട്ടിട ഉടമകളുടെ ആധാർ, റേഷൻ കാർഡ്, ലാൻഡ് സർവേ നമ്പർ, കെട്ടിട നികുതി സംബന്ധിച്ച വിവരങ്ങൾ സർവേയിൽ ഉദ്യോഗസ്ഥർക്ക് കെെമാറണം.
പൊതു ആസ്തികളായ റോഡ്, ലാൻഡ് മാർക്കുകൾ, തെരുവുവിളക്ക്, മാലിന്യ സംസ്‌കരണ കേന്ദ്രങ്ങൾ, തണ്ണീർത്തടങ്ങൾ എന്നിവയെല്ലാം ഇതിലുൾപ്പെടും. കോർപ്പറേഷന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടാത്തവ കണ്ടെത്താനും രജിസ്റ്റർ നവീകരിക്കാനും അനധികൃത നിർമാണങ്ങൾ കണ്ടെത്താനും ഇതുവഴി സാധിക്കും. ഡി.ജി.പി.എസ്, ജി.പി.എസ്, പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ, ലേസർ ടാപ്പ് തുടങ്ങിയവ ഉപയോഗിച്ചാണ് മാപ്പിംഗിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നത്. നിലവിൽ കണ്ണൂർ, കൊല്ലം കോർപ്പറേഷനുകളാണ് സമഗ്ര ജി.ഐ.എസ് മാപ്പിംഗ് പൂർത്തിയാക്കിയത്. സംസ്ഥാന സർക്കാറിന്റെ കെ സ്മാർട്ട് പദ്ധതിക്കായുള്ള കെട്ടിടങ്ങളുടെ ജിയോ ടാഗിംഗും ഇതോടനുബന്ധിച്ച് നടത്തും.
നടപ്പാകുന്നത് നാലു കോടിയുടെ പദ്ധതി
2024 ജനുവരിയിൽ മന്ത്രി മുഹമ്മദ് റിയാസാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. നാലുകോടി ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. യു.എൽ.സി.സി.എസിന്റെ സാങ്കേതിക വിഭാഗമായ യു.എൽ ടെക്‌നോളജി സൊല്യൂഷൻസിനാണ് നിർവഹണ ചുമതല.
'പദ്ധതിയുടെ പൂർണ വിജയത്തിനായി ജനങ്ങളുടെ സഹകരണം ആവശ്യമാണ്. ഓരോ കെട്ടിടങ്ങളിലും സർവേ നടക്കുന്നുണ്ടെന്ന് ഉടമസ്ഥർ ഉറപ്പുവരുത്തണം. കെട്ടിടം സംബന്ധിച്ച വിവരങ്ങൾ നൽകി ഉദ്യോഗസ്ഥരോട് സഹകരിക്കണം.
-പി.സി രാജൻ ( പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, കോഴിക്കോട് കോർപ്പറേഷൻ)