കോഴിക്കോട്: പ്ലാസ്റ്റിക്കും അറവുമാലിന്യവും നിറഞ്ഞ മാമ്പുഴയ്ക്ക് ജീവൻ നൽകുമെന്ന ജില്ലാ പഞ്ചായത്ത് പ്രഖ്യാപനം പെരുവഴിയിലായതോടെ നാടിന് നഷ്ടമാകുന്നത് ജീവന്റെ സ്രോതസ്. പെരുവയൽ, പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളിലൂടെ ഒഴുകി കല്ലായിപുഴയിലും ചാലിയാറിലും ചേരുന്ന മാമ്പുഴയുടെ ഒഴുക്ക് നിലച്ചിട്ട് കാലങ്ങളായി. അറവുമാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും നിറഞ്ഞ് ദുർഗന്ധം പേറുന്ന ഇവിടേക്ക് അധികൃതരും എത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മാമ്പുഴ നവീകരണത്തിന്റെ ഒന്നാം ഘട്ടം 2019ൽ പൂർത്തിയാക്കിയിരുന്നു. എന്നാൽ നീക്കം ചെയ്യുന്ന മാലിന്യം സംസ്‌കരിക്കാനും നിക്ഷേപിക്കാനും സ്ഥലമില്ലാതെ വന്നതോടെ പദ്ധതി നിലച്ചു.
വഴിയിലിട്ടത് ഒന്നേമുക്കാൽ
കോടിയുടെ പദ്ധതി
കോഴിക്കോട്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുകളുടെയും പെരുവയൽ, പെരുമണ്ണ, ഒളവണ്ണ ഗ്രാമപഞ്ചായത്തുകളുടെയും പങ്കാളിത്തത്തോടെ മാമ്പുഴ നവീകരണ പദ്ധതി നടപ്പാക്കാനായിരുന്നു 2019 ൽ തീരുമാനിച്ചത്. പെരുവയൽ, പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകൾ 25 ലക്ഷം രൂപ വീതം പദ്ധതിക്കായി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി പ്രദേശത്ത് സർവേ നടത്തി പുഴ കൈയേറിയ പ്രദേശങ്ങൾ കണ്ടെത്തി. പെരുമണ്ണ പഞ്ചായത്തിലെ പുഴയുടെ വീതി കുറഞ്ഞ ഭാഗങ്ങളിലും കൾവൾട്ടുകളിലും അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്തിരുന്നു.
കക്കൂസ് മാലിന്യം തള്ളുന്നത് പതിവ് കാഴ്ച
കുന്നത്ത്പാലത്തിനും കൈമ്പാലത്തിനുമിടയ്ക്കുള്ള മാമ്പുഴയുടെ തീരത്ത് നിരന്തരം കക്കൂസ് മാലിന്യം തള്ളുന്നതായി പ്രദേശവാസികൾ. തിങ്കളാഴ്ച രാത്രി രണ്ട് മണിയോടെ മാലിന്യവുമായെത്തിയ ലോറി പിടികൂടാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. പ്രദേശത്ത് മാലിന്യം തള്ളുന്നത് പതിവായതോടെ നാട്ടുകാർ രാത്രിയിൽ കാവലിരിക്കാൻ തുടങ്ങി. ഇതോടെ മാലിന്യം നിറച്ച ലോറികൾ ഇങ്ങോട്ട് എത്താതായി. എന്നാൽ വീണ്ടും കക്കൂസ് മാലിന്യം തള്ളുന്നത് ആരംഭിച്ചിരിക്കുകയാണ്. ദുർഗന്ധം മൂലം പ്രദേശത്തു കൂടെ വഴിനടക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറഞ്ഞു. പഞ്ചായത്തും, ആരോഗ്യ വകുപ്പും പൊലീസും ഇടപെടണമെന്നും നാട്ടുകാരുടെ ആവശ്യം.
'ഞങ്ങളെല്ലാം നീന്തൽ പഠിച്ചത് മാമ്പുഴയിലാണ്. ഇപ്പോൾ മൂക്കുപൊത്താതെ ഇതുവഴി നടക്കാൻ കഴിയില്ല. അധികൃതർ ഇടപെട്ട് പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണം.
-ജയരാജൻ ( പ്രദേശവാസി, മാമ്പുഴ സംരക്ഷണ സമിതി അംഗം)