നാദാപുരം: ലോക ശൗചാലയ ദിനത്തോടനുബന്ധിച്ച് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പൊതു ഇടങ്ങളിലെ ടോയ്ലറ്റുകളുടെ നിലവാരം മനസിലാക്കാനുള്ള സർവേയുടെ ഭാഗമായി നാദാപുരം ദാറുൽ ഹുദാ കോളേജ് എൻ.എസ്.എസ് വോളന്റിയർമാർ ടൗണിൽ സർവേ ആരംഭിച്ചു. നാദാപുരം ഗ്രാമ പഞ്ചായത്തിലെ സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു ടോയ്ലറ്റുകൾ എന്നിവിടങ്ങളിൽ സർവേ നടന്നു. നാദാപുരം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.സി. സുബൈർ സർവേ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ മജീദ് യു.സി അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ഇൻ ചാർജ് വിസ്മയ, വ്യാപാരി വ്യവസായി ഏകോപന സമിതി മെമ്പർ കണക്കൽ അബ്ബാസ് എന്നിവർ പ്രസംഗിച്ചു.