കോഴിക്കോട്: എരഞ്ഞിപ്പാലം മർകസ് ഇന്റർനാഷണൽ സ്കൂളിന് പുറകുവശത്തെ ഭൂമി മണ്ണിട്ടു നികത്തുന്നത് പ്രദേശവാസികൾ ഇടപെട്ട് തടഞ്ഞു. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട പ്രദേശത്ത് അനധികൃത കൈയേറ്റം നടത്തുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. ഇന്നലെ രാവിലെ മർകസ് സ്കൂൾ കോമ്പൗണ്ടിൽ നിന്നും ജെ.സി.ബി പ്രവർത്തിക്കുന്നത് കണ്ട പ്രദേശത്തെ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ സ്കൂളിലെത്തി വിവരങ്ങൾ അന്വേഷിച്ചെങ്കിലും സ്കൂൾ കോമ്പൗണ്ടിൽ ഇന്റർലോക്ക് കട്ടകൾ പതിപ്പിക്കുന്ന ജോലി നടക്കുകയാണെന്നാണ് സ്കൂൾ അധികൃതർ അറിയിച്ചത്. ഉച്ച കഴിഞ്ഞും ഇത് തുടർന്നപ്പോൾ വാർഡ് മെമ്പർ എം.എൻ പ്രവീണിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ സ്കൂളിലെത്തി പരിശോധന നടത്തിയപ്പോഴാണ് പ്രദേശത്തെ തണ്ണീർതടത്തിന്റെ വലിയൊരു ഭാഗം നികത്തിയതായി കണ്ടത്. തുടർന്ന് നാട്ടുകാർ പ്രദേശത്ത് തടിച്ചുകൂടി പ്രതിഷേധിച്ചു. എ.ഡി.എം എം. എൻ മെഹറലി, ഡെപ്യൂട്ടി കളക്ടർ,റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണിടാനുപയോഗിച്ച ജെ.സി.ബി റവന്യൂ വകുപ്പ് കസ്റ്റഡിയിലെടുത്തു. 104 ഹെക്ടർ വരുന്ന തണ്ണീർ തടത്തിന്റെ വലിയൊരു ഭാഗവും നികത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. മണ്ണിട്ട് നികത്തിയ ഭാഗത്തു നിന്നും മണ്ണ് നീക്കം ചെയ്യാനും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. 2023 ൽ ഈ പ്രദേശം മണ്ണിട്ടു നികത്താൻ ശ്രമിച്ചപ്പോൾ നാട്ടുകാർ ഇടപെട്ടാണ് തടഞ്ഞത്. പ്രദേശത്തെ മണ്ണ് എത്രയും വേഗം നീക്കം ചെയ്തില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകാനാണ് പ്രദേശവാസികളുടെ തീരുമാനമെന്ന് വാർഡ് മെമ്പർ എം. എൻ പ്രവീൺ പറഞ്ഞു.