 
മേപ്പയ്യൂർ: കാൽനട യാത്രയ്ക്ക് ഭീഷണിയായി റോഡരികിൽ നിറയെ ജലജീവൻ പൈപ്പുകൾ. മേപ്പയ്യൂരിലും പരിസരങ്ങളിലുമാണ് റോഡിനോട് ചേർന്ന സ്ഥലം ജലജീവൻ പൈപ്പുകളുടെ സുരക്ഷിത സൂക്ഷിപ്പ് കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. പേരാമ്പ്ര - പയ്യോളി റോഡിന്റെ വശങ്ങളിലാണ് പൈപ്പ് കൂടുതലായും കൂട്ടിയിട്ടിരിക്കുന്നത്. മഞ്ഞക്കുളം, ശ്രീരാം ഹോണ്ട മാളിന് സമീപം, മഞ്ഞക്കുളം പമ്പ് പരിസരത്തെ വളവ്, പാവട്ടുകണ്ടി മുക്ക് , പേരാമ്പ്ര റോഡിൽ മേപ്പയ്യൂർ ടൗണിന്റെ കിഴക്ക് ഭാഗത്ത് ലൈക്ക് ആൻഡ് ഷെയർ ഹോട്ടലിന്റെ മുൻവശം , കൂനംവള്ളി കാവിലെ ചേരിക്കുന്ന് തുടങ്ങിയ ഇടങ്ങളിലെല്ലാം പൈപ്പുകളാണ്. പൊതുവേ അപകട സാദ്ധ്യത ഏറിയ റോഡുകളിലാണ് ജലജീവന്റെ ഈ അപകടക്കെണി. മാസങ്ങളായി കൂട്ടിയിട്ട പൈപ്പുകളുടെ പരിസരം കാടുപിടിച്ചതോടെ ഇഴജന്തുക്കളും താവളമാക്കിയിട്ടുണ്ട്. കാൽനട യാത്രക്കാർക്കും ചെറുവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കുമാണ് റോഡരികിലെ ജലജീവൻ പൈപ്പ് ഏറെ പ്രയാസം സൃഷ്ടിക്കുന്നത്. ഈ പ്രദേശങ്ങളിലെ റോഡരികിൽ പഴകിയ വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥിതിയുമുണ്ട്. പയ്യോളി റോഡിൽ മേപ്പയ്യൂർ പോസ്റ്റ് ഓഫീസിനും പൊലീസ് സ്റ്റേഷനും ഇടയിലുള്ള റോഡരികിലും പാവട്ടുകണ്ടിമുക്ക് വളവിലും പഴകിയ വാഹനങ്ങൾ നിർത്തിയിട്ടതായി കാണാം റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന കൂറ്റൻ പൈപ്പുകളും മറ്റും നീക്കം ചെയ്ത് റോഡ് സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജലജീവൻ പൈപ്പ് ആവശ്യമെങ്കിൽ പ്രത്യേക സ്ഥലം കണ്ടെത്തി സൂക്ഷിക്കാൻ അധികൃതർ തയ്യാറാകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ജലജീവൻ കുടിവെള്ള പദ്ധതിയുടെ കരാറുകാർ ഒരു ഉത്തരവാദിത്വവുമില്ലാതെയാണ് മേപ്പയ്യൂർ പഞ്ചായത്തിൽ പ്രവൃത്തി നടത്തുന്നത്. പ്രധാന റോഡിന്റെ ഓരങ്ങളിൽ വലിയ പൈപ്പ് ഇറക്കി ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നതിനോടൊപ്പം പഞ്ചായത്തിന്റെ മറ്റ് പ്രധാന റോഡുകളിൽ പൈപ്പിട്ട കുഴികളിൽ ക്വാറി വേസ്റ്റ് ഇട്ട് മൂടാതെ ദിവസങ്ങളോളം കാൽനടയാത്രക്കാർക്കും പ്രയാസങ്ങൾ സൃഷ്ടിക്കുന്നു.
ബാബു കൊളക്കണ്ടി പൊതുപ്രവർത്തകൻ,മേപ്പയ്യൂർ
ജൽജീവൻ പ്രവൃത്തിക്കായി മേപ്പയ്യൂരിലെ റോഡരികിലായി കൂട്ടിയിട്ട പൈപ്പുകൾ ജനങ്ങളുടെ സ്വൈര സഞ്ചാരത്തിന് തടസമാകുന്നുണ്ട്. ഗ്രാമീണ റോഡുകൾ മിക്കതും കിളച്ച് മറിച്ചിട്ടതിനാൽ റോഡിലൂടെയുള്ള യാത്ര ദുസഹമായിരിക്കുന്നു. ടാറിംഗും കോൺക്രീറ്റും അശ്രദ്ധമായി പൊളിച്ചിട്ടിരിക്കുകയാണ്.
രവീന്ദ്രൻ വള്ളിൽ, പൊതുപ്രവർത്തകൻ