sathi
തുറമുഖത്തിൻ്റെ തെക്ക് ഭാഗത്തായി ചാലിയാറിൽ നീക്കം ചെയ്യാത്ത കത്തിയ ബോട്ടിൻ്റെ അവശിഷ്ടങ്ങൾ, വാർഫിലേക്ക് കയറ്റി വെച്ച അവശിഷ്ടങ്ങൾ

ബേപ്പൂർ: ഒരു മാസം മുമ്പ് ഹാർബറിന് സമീപം ചാലിയാറിൽ കത്തിയമർന്ന അഹൽ ഫിഷറീസ് 2 എന്ന ലക്ഷദ്വീപ് ബോട്ടിൻ്റെ അവശിഷ്ടങ്ങൾ ഇപ്പോഴും പുഴയിൽ തന്നെ. 40 ഓളം അടി നീളമുള്ള ദ്വീപ് ബോട്ടിൻ്റെ മുകൾ ഭാഗം മാത്രമാണ് ക്രെയിനിൻ്റെ സഹായത്തോടെ വാർഫിലേക്ക് കയറ്റി വെച്ചത്. ബോട്ടിൻ്റെ എഞ്ചിൻ, പ്രൊപ്പലർ, ചുക്കാൻ, ഫൈബർ, മര നിർമിത അടി ഭാഗം ഇപ്പോഴും ചാലിയാറിലെ അടിത്തട്ടിൽ നീക്കം ചെയ്യാതെ കിടക്കുകയാണ്. ബോട്ടിൻ്റെ ചില ഭാഗങ്ങൾ ഇപ്പോഴും പൊങ്ങിക്കിടക്കുകയാണ്.അവശിഷ്ടങ്ങളുടെ 20 മീറ്റർ അകലെയാണ് ചാലിയം -ബേപ്പൂർ ജങ്കാർ സർവീസ് പ്രവർത്തിക്കുന്നത്. വേലിയേറ്റത്തിലോ ഇറക്കത്തിലോ ചാലിയാറിലെ ബോട്ടിൻ്റെ അവശിഷ്ടങ്ങൾ കപ്പൽ ചാലിലോ ജങ്കാർ സർവീസ് നടത്തുന്ന ഭാഗത്തേക്കോ ഒഴുകാനുള്ള സാദ്ധ്യതയുണ്ട്. ഇത് തുറമുഖത്തേക്ക് വരുന്ന ലക്ഷദ്വീപ് ചരക്ക് കപ്പലുകൾക്കും തടസം സൃഷ്ടിക്കും. ഭീമമായ തുക ചിലവഴിച്ചാൽ മാത്രമേ യന്ത്രങ്ങളുടെ സഹായത്താടെ ചാലിയാറിലെ ബോട്ടിന്റെ ബാക്കി ഭാഗങ്ങൾ നീക്കാൻ കഴിയു. ബോട്ട് കത്തിയതിനെ തുടർന്നും രണ്ട് തൊഴിലാളികളുടെ ചികിത്സക്കുമായി ലക്ഷങ്ങൾ ചിലവഴിച്ച ബോട്ട് ഉടമ ദിൽബർ മുഹമ്മദ് നിലവിൽ സാമ്പത്തികമായി ഇതിനുള്ള അവസ്ഥയിലല്ല. ബോട്ടിലെ ജീവനക്കാരായ രണ്ട് ലക്ഷദ്വീപ് സ്വദേശികളും ഗുരുതര പൊള്ളലേറ്റ് ആഴ്ചകളുടെ വ്യത്യാസത്തിൽ മരിക്കുകയായിരുന്നു.ഉടമയുടെ സാമ്പത്തിക സ്ഥിതി പരിതാപകരമായതിനാൽ സർക്കാർ ധനസഹായത്തോടെ മാത്രമേ ചാലിയാറിലെ ബാക്കി ഭാഗങ്ങൾ കൂടി നീക്കം ചെയ്യാൻ കഴിയൂ എന്ന സ്ഥിതിയാണ് നിലവിലുള്ളത്. ബേപ്പൂർ വാട്ടർ ഫെസ്റ്റിൻ്റെ ഭാഗമായി നിരവധി യാനങ്ങൾ ചാലിയാറിലൂടെ സവാരി നടത്താനിരിക്കെ ഫെസ്റ്റിന് മുമ്പായി ബോട്ടിൻ്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്നാണ് നാട്ടുകാർ പറയുന്നത്.

വാട്ടർ ഫെസ്റ്റിന് മുന്നോടിയായി ചാലിയാറിൽ നിന്നും കത്തിയ ബോട്ടിൻ്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണം.

സുനിൽ പയ്യേരി, പൊതു പ്രവർത്തകൻ

ബോട്ടിൻ്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ ചാലിയാറിൻ്റെ സുഗമമായ ഒഴുക്ക് തടസപ്പെടുകയും ചാലിയാറിൽ തുറമുഖത്തെ വാർഫിനോട് ചേർന്ന് മണൽതിട്ടകൾ രൂപപ്പെടുവാനുള്ള സാദ്ധ്യതയുണ്ട്.

ടി.പി പ്രേംസിംഗ് പൊതുപ്രവർത്തകൻ