
കൽപ്പറ്റ: മണിയാർ കരാർ 25 വർഷത്തേക്ക് നീട്ടിക്കൊടുത്തതിന് പിന്നിൽ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൽപ്പറ്റയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിയാർ പദ്ധതി കാർബൊറാണ്ടം യൂണിവേഴ്സലിന് 30 വർഷത്തേക്ക് നൽകിയതാണ്. ഒരു വർഷം 18 മുതൽ 20 കോടി രൂപ വരെയാണ് ലാഭം. കരാർ അനുസരിച്ച് 30 വർഷം കഴിയുമ്പോൾ കെ.എസ്.ഇ.ബിക്ക് തിരിച്ചുനൽകണം. എന്നാൽ തിരിച്ചു കൊടുത്തില്ലെന്നു മാത്രമല്ല 25 വർഷത്തേക്ക് കൂടി കരാർ ദീർഘിപ്പിച്ച് നൽകിയിരിക്കുകയാണ്. വൈദ്യുതി ബോർഡ് ആയിരക്കണക്കിന് കോടിയുടെ കടത്തിലേക്ക് പോകുമ്പോഴും ഒരു ചർച്ചയും നടത്താതെ പദ്ധതി നൽകിയതിന് പിന്നിൽ അഴിമതിയുണ്ട്. ജീവനക്കാർ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടും കരാർ 25 വർഷത്തേക്ക് നീട്ടിക്കൊടുക്കാനുള്ള കാരണം എന്താണ്? ഇതേക്കുറിച്ച് വ്യവസായ മന്ത്രിക്ക് അറിയാമെങ്കിലും മുഖ്യമന്ത്രി അറിയാതെ 500 കോടിയുടെ ഇടപാട് നടക്കില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.