gandhi

കോഴിക്കോട്: 2,51,580 തീപ്പെട്ടിക്കോലുകളിൽ ഗാന്ധിജിയെ ഒരുക്കി ഗിന്നസ് ബുക്കിലേക്കുള്ള യാത്രയിലാണ് പെരുമണ്ണ അറത്തിപറമ്പ് എ.എം.എൽ.പി സ്‌കൂളിലെ പാറത്തുംകുഴി പാറക്കൽ എം.സി. അർജുന ടീച്ചർ. 2,20,000 തീപ്പെട്ടിക്കോലുപയോഗിച്ചുള്ള കലാസൃഷ്ടിയാണ് നിലവിലെ ഗിന്നസ് റെക്കാർഡ്. ഇത് മറികടക്കുകയാണ് ഈ 29 കാരിയുടെ ലക്ഷ്യം. 19 കിലോ തീപ്പെട്ടിക്കോലാണ് ഉപയോഗിച്ചത്.

എട്ട് അടി നീളവും നാല് അടി വീതിയുമുള്ള പ്ലൈവുഡിൽ തീപ്പെട്ടിക്കോൽ അടുക്കിയായിരുന്നു നിർമ്മാണം. തീപ്പെട്ടിക്കോലിന്റെ മരുന്നുള്ള ഭാഗം കൊണ്ട് രണ്ട് മീറ്ററിൽ ഗാന്ധിജിയുടെ രൂപവും മറുഭാഗമുപയോഗിച്ച് പ്രതലവും തയ്യാറാക്കി. പാലക്കാട് പട്ടാമ്പിയിൽ നിന്നാണ് മരുന്നില്ലാത്ത തീപ്പെട്ടിക്കോലെത്തിച്ചത്. പെരുമണ്ണയിൽ നിന്ന് മരുന്നുള്ള തീപ്പെട്ടിക്കോലുമെത്തിച്ചു.

വീട്ടിലെ പണിശാലയിൽ അഞ്ച് ദിവസമെടുത്താണ് തീപ്പെട്ടിക്കോലുകൊണ്ടുള്ള ലോകത്തിലെ ആദ്യ പ്രതിമ നിർമ്മിച്ചത്. 20 കിലോയുള്ള പ്രതിമ കോഴിക്കോട് ബീച്ചിലും സ്കൂളുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഗാന്ധിജിയെ വേഗത്തിൽ അറിയുന്നതിനാണ് മാതൃകയൊരുക്കിയത്.

 പാഴ്‌വസ്തുക്കളിലെ കലാസൃഷ്ടി

ചെറുപ്പം മുതൽ പാഴ്‌വസ്തുക്കളിൽ നിന്ന് അർജുന കലാസൃഷ്ടികൾ നിർമ്മിച്ചിരുന്നു. ടീച്ചർ എഡ്യുക്കേഷൻ കൗൺസിലിനു കീഴിൽ മോണ്ടിസോറി പ്രീ പ്രൈമറി ടീച്ചിംഗ് കോഴ്സ് പഠിച്ചതോടെ ഇതിൽ വിദഗ്ദ്ധയായി. കൊവിഡ് സമയത്ത് വീടിനെ ക്ലാസ് മുറിയാക്കിയതിനും പാഴ്വസ്‌തുക്കളിൽ കുട്ടികളെ പഠിപ്പിക്കുന്നതിനാവശ്യമായ രൂപങ്ങൾ തയ്യാറാക്കിയതിനും ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്, കലാം വേൾഡ് റെക്കാഡ്, മികച്ച അദ്ധ്യാപിക, കോഴിക്കോട് വനിതാരത്നം, കേരള വനിതാ കമ്മിഷൻ പുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്. ഡ്രൈവറായ പി. വിപിനാണ് ഭർത്താവ്. എൽ.കെ.ജി വിദ്യാർത്ഥിയായ ധൻവിൻ കൃഷ്ണ ഏകമകനാണ്.

'ഗിന്നസിനുള്ള പരിശോധനകൾ പൂർത്തിയാക്കുകയാണ്. മൂന്ന് മാസത്തിനുള്ളിൽ ഫലം വരും".

- അർജുന