
ചൂരൽമല, മുണ്ടക്കൈ നിവാസികളുടെ ജീവിതത്തിനു മീതെ ഇപ്പോഴും ഉരുളിന്റെ ഭീതി തൂങ്ങിനിൽപ്പുണ്ട്. ഒരു പാതിരാവിൽ മലമുകളിലെവിടെയോ ഉരുണ്ടുകൂടിയ ഉരുൾ പൊട്ടിയൊലിച്ച് ഒരു ഗ്രാമത്തെയാകെ കടപുഴക്കിയിട്ട് ഇന്നേക്ക് നാലുമാസവും 15 ദിവസവും. ഔദ്യോഗിക കണക്കു പ്രകാരം മരണസംഖ്യ 254. കാണാതായവർ 44. അവരുടെ ഡി.എൻ.എ പരിശോധനാ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. പരിശോധന ഇനിയും വൈകുമെങ്കിൽ, ഒരു മരണ സർട്ടിഫിക്കറ്റെങ്കിലും തരണമെന്ന് കാണാതായവരുടെ ബന്ധുക്കൾ വിലപിക്കുന്നു.
എല്ലാം നഷ്ടപ്പെട്ടവരായി 1600-ഓളം കുടുംബങ്ങൾ വിവിധ ക്യാമ്പുകളിലായുണ്ട്. സർക്കാർ പ്രഖ്യാപിച്ച ധനസഹായമടക്കം പലയിടത്തും കൃത്യമായി കിട്ടുന്നില്ല. എം.എൽ.എമാരായ രാഹുൽ മാങ്കൂട്ടത്തിലും ടി.സിദ്ദിഖും ഉൾപ്പെടെയുള്ളവർ ഇന്നലെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ലോംഗ് മാർച്ച് നടത്തി. എല്ലാവരുടെയും ആവശ്യം ഒന്നുമാത്രം- സംസ്ഥാനവും കേന്ദ്രവും പരസ്പരം തർക്കിച്ചും, കോടതി നടപടികളിൽ കുരുങ്ങിയും കാര്യങ്ങൾ ഇഴഞ്ഞിഴഞ്ഞു നീങ്ങുമ്പോൾ കുറേ മനുഷ്യജന്മങ്ങളാണിവിടെ നരകയാതന അനുഭവിക്കുന്നത്. അവർക്ക് കിടപ്പാടം വേണം. തൊഴിലെടുക്കാൻ സാഹചര്യമുണ്ടാകണം, കിടപ്പിലായവർക്ക് വിദഗ്ദ്ധ ചികിത്സയും സഹായങ്ങളുമുണ്ടാകണം... ഇതെല്ലാം ഉറപ്പാക്കേണ്ടത് സർക്കാരാണ്. 'ഉരുളെടുത്ത വഴികൾ, ഇരുളിലാണ്ട ജീവിതങ്ങൾ"- പരമ്പരയോട് അധികാരികളും രാഷ്ട്രീയപാർട്ടികളും സമരക്കാരും പ്രതികരിക്കുന്നു.
പുനരധിവാസം: ഒരിഞ്ച്
പിറകോട്ടില്ല
പി.എ. മുഹമ്മദ് റിയാസ്
പൊതുമരാമത്ത്, ടൂറിസം മന്ത്രി
ചൂരൽമലയിലെ ദുരന്ത ബാധിതർക്ക് പുനരധിവാസം ഉറപ്പാക്കുമെന്ന വാക്കിൽ നിന്ന് ഒരിഞ്ചുപോലും ഈ സർക്കാർ പിന്നോട്ടു പോവില്ല. ദുരിതബാധിതർക്ക് സുരക്ഷിത ജീവിതം ഉറപ്പാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. അവരെ ചേർത്തുപിടിച്ചാണ് മുന്നോട്ടുപോവുക. ചൂരൽമല ദുരന്തം വയനാടിന്റെ ടൂറിസം മേഖലയെ വലിയ പ്രതിസന്ധിയിലാക്കി. ഹോട്ടൽ ബുക്കിംഗുകൾ കൂട്ടത്തോടെ ക്യാൻസൽ ചെയ്യപ്പെടുന്ന സ്ഥിതിവിശേഷമുണ്ടായി. എന്നാൽ സർക്കാരും ടൂറിസം വകുപ്പും അടിയന്തര ഇടപെടൽ നടത്തി. വയനാടിനു വേണ്ടി പ്രത്യേക മാർക്കറ്റിംഗ് ക്യാമ്പയിൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു നടത്തി. വയനാട് സുരക്ഷിതമായ ഇടമാണ് എന്ന സന്ദേശം ഫലപ്രദമായി പ്രചരിപ്പിക്കാൻ സാധിച്ചു. അതിന്റെ പ്രതിഫലനം ഇപ്പോൾ വ്യക്തമാണ്. വയനാട് ടൂറിസം മേഖല താത്കാലിക തിരിച്ചടിയിൽ നിന്ന് അതിശക്തമായി തിരിച്ചു വരികയാണ്.
വൈകില്ല; ഒന്നിച്ചൊരു
വീടാണ് ലക്ഷ്യം
കെ. രാജൻ
റവന്യു മന്ത്രി
ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ടവരുടെ കാര്യത്തിൽ സർക്കാർ ഒരു തരത്തിലും പിന്നോട്ടു പോയിട്ടില്ല. ഒരുമിച്ചു ജീവിച്ചവരെ പിരിക്കാതെ ഒരു സ്ഥലത്തുതന്നെ അവർക്ക് താമസമൊരുക്കുക എന്ന ലക്ഷ്യം വച്ചാണ് ടൗൺഷിപ്പ് വിഭാവനം ചെയ്തത്. ഭൂമി സംബന്ധിച്ച് ചെറിയ തർക്കമുണ്ടായി. അത് ആജീവനാന്തം പരിഹരിക്കപ്പെടാതെ പോകുന്ന കേസല്ല. ഈ മാസം ഇരുപതാം തീയതിയോടെ തീരുമാനമുണ്ടാകും. വെറുതേ ഭൂമി കണ്ടെത്തിയതല്ല; ഭൗമശാസ്ത്ര പഠനം നടത്തി ഏറ്റവും അനുയോജ്യമായ സ്ഥലത്താണ് വീടുകൾ നിർമ്മിക്കുന്നത്. 1000 സ്‌ക്വയർഫീറ്റിലാണ് വീട് പണിയുക. ഭാവിയിൽ അവർക്ക് മുകൾനില പണിയാവുന്ന തരത്തിൽ ഉറപ്പുള്ള അടിത്തറയോടെയായിരിക്കും അത്.
മാത്രമല്ല, ടൗൺഷിപ്പിൽ ആരോഗ്യ കേന്ദ്രം, അങ്കണവാടികൾ, കളിസ്ഥലം, നീന്തൽക്കുളം തുടങ്ങിയവയെല്ലാം വിഭാവനം ചെയ്തിട്ടുണ്ട്. അതുവരെ നിലവിൽ വാടകയും ആശ്വാസധനവും നൽകുന്നത് തുടരും. ആശ്വാസധനത്തിൽ കാലതാമസമുണ്ടായവർക്ക് ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ തുകയും നൽകും. കിടപ്പുരോഗികൾക്കൊപ്പം താമസിച്ച് അവരെ പരിചരിക്കുന്നവർക്ക് ദിവസം 300 രൂപ വച്ച് നൽകും. ഇതൊന്നും വെറുതെ പറയുന്നതല്ല. എല്ലാം മോണിറ്റർ ചെയ്യാൻ സബ്കളക്ടർ നോഡൽ ഓഫീസറായി കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. എന്തെങ്കിലും അപാകതകളുണ്ടെങ്കിൽ പരാതി നൽകാം. അതിന് ഉടൻ പരിഹാരമുണ്ടാവും.
ഇനി കൈനീട്ടാനില്ല
100 വീട് നൽകും
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
മുസ്ലിംലീഗ് അദ്ധ്യക്ഷൻ
സർക്കാരിനോടു ചേർന്ന് പ്രവർത്തിക്കാനാണ് തുടക്കം മുതൽ ആലോചിച്ചത്. പലവട്ടം ചർച്ച ചെയ്തു, നിവേദനം നൽകി. ഒന്നിലും തീരുമാനമാകാത്ത സാഹചര്യത്തിൽ മുസ്ലിം ലീഗ് സ്വന്തം നിലയിൽ 100 വീട് വച്ചുകൊടുക്കാൻ പോവുകയാണ്. ഉറ്റവരെ മാത്രമല്ല, കിടപ്പാടവും നഷ്ടപ്പെട്ടവരെ സാങ്കേതികതയും നൂലാമാലകളും പറഞ്ഞ് ഇനിയും ഇറയത്തു നിറുത്താൻ പറ്റില്ല. പാർട്ടി സ്വരൂപിച്ച ഫണ്ടിലേക്ക് 36 കോടി രൂപ വന്നിട്ടുണ്ട്. ഇത് ശരിയായ വിധത്തിൽ ഉപയോഗിക്കാനാണ് തീരുമാനം. പത്തു ദിവസത്തിനുള്ളിൽ നൂറുപേർക്ക് വീട് വയ്ക്കാൻ സ്ഥലം കണ്ടെത്തും. എട്ടു സെന്റിൽ ഒരു വീടാണ് പദ്ധതി. അതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളെല്ലാം ആയിട്ടുണ്ട്. സർക്കാർ തയ്യാറാക്കിയ, വീടില്ലാത്തവരുടെ പട്ടികയിൽ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തുക. എല്ലാ വിഭാഗം ജനങ്ങളും അതിലുണ്ടാവും.
മുഖ്യമന്ത്രിയുടെ നിധിയിൽ
നിന്ന് തുടക്കമിടണം
ഷാജിമോൻ ചൂരൽമല
കൺവീനർ, ചൂരൽമല, മുണ്ടക്കൈ 'ജനശബ്ദം" ആക്ഷൻ കമ്മിറ്റി
കേന്ദ്രവുമായി തുടരുന്ന തർക്കത്തിന്റെ പേരു പറഞ്ഞ് ചൂരൽമല, മുണ്ടക്കൈ പുനരധിവാസ പ്രവർത്തനങ്ങൾ നീട്ടിക്കൊണ്ടു പോകുന്നത് ഒരു ജനതയോടു കാണിക്കുന്ന അനീതിയും അപരാധവുമാണ്. മുഖ്യമന്ത്രിയുടെ ഉരുൾപൊട്ടൽ ദുരുതാശ്വാസ നിധിയിൽ 677കോടി രൂപയുണ്ട്. അതിൽ ഏഴരക്കോടിയാണ് ഇതുവരെ ചെലവാക്കിയത്. അതുപയോഗിച്ച് പുനരധിവാസ പ്രവർത്തനങ്ങൾക്ക് തുടക്കമിടണം. സ്ഥലം വാങ്ങണം, വീടുപണിക്ക് തുടക്കമിടണം. കേന്ദ്രഫണ്ട് കിട്ടിയാൽ അതിനു ശേഷവും ഉപയോഗിക്കാമല്ലോ. ഇപ്പോൾ നാലുമാസം കഴിഞ്ഞിട്ടും ഒന്നും നടക്കുന്നില്ല.
ടൗൺഷിപ്പിനായി സർക്കാർ കണ്ടെത്തിയ രണ്ടു ഭൂമികളുടെയും കാര്യത്തിൽ തർക്കങ്ങളുണ്ട്. അത് കോടതിയിലാണ്. കോടതി കയറിയിറങ്ങാതെ മറ്റൊരു സ്ഥലം കണ്ടെത്തണം. 44 പേരുടെ ഡി.എൻ.എ പരിശോധനാ ഫലം ഇനിയും വരാനുണ്ട്. അത് വൈകുകയാണെങ്കിൽ കുടുംബത്തിന് മരണ സർട്ടിഫിക്കറ്റ് നൽകാനുള്ള സംവിധാനം വേണം. അല്ലെങ്കിൽ അവരുടെ കുടുംബങ്ങളെല്ലാം അർഹതപ്പെട്ടവരുടെ പട്ടികയിൽ നിന്ന് പുറത്താവും. ഇത്തരം നിരവധിയായ പ്രശ്‌നങ്ങളാണ് ദുരന്തത്തിനിരയായ കുടുംബങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത്. അതെല്ലാം കാണാനും കേൾക്കാനും സർക്കാർ തയ്യാറാവണം.