 
താമരശ്ശേരി താലൂക്ക് അദാലത്തിൽ പരിഗണിച്ചത് 292 പരാതികൾ
കോഴിക്കോട്: ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കാനും പരിഹാരം കാണാനുമായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക് തല അദാലത്തുകൾ ജില്ലയിൽ വൻ വിജയമായെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. താമരശ്ശേരി താലൂക്കുതല അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ എല്ലാ താലൂക്കുകളിലും അദാലത്തുകൾ ഫലപ്രദമായി പൂർത്തിയാക്കാനായി. ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ട് അവയ്ക്കുള്ള പരിഹാരവും തുടർനടപടികൾക്കുള്ള നിർദ്ദേശങ്ങളും തത്സമയം നൽകാനായതിലൂടെ ഏറ്റവും മികച്ച സേവനമാണ് നൽകാനായത്. ജില്ലയിലെ നാല് താലൂക്കുകളിലും നടന്ന അദാലത്തുകളിൽ ജനങ്ങളുടെ ഗൗരവമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും അതുവഴി അവർക്ക് ആശ്വാസവും സന്തോഷവും നൽകാനും സാധിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. അദാലത്തുകളിൽ പുതുതായി ലഭിച്ച അപേക്ഷകൾക്ക് മുൻഗണന നൽകിക്കൊണ്ട് അപരിഹാരം കാണാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.
താമരശ്ശേരി താലൂക്ക്തല അദാലത്തിൽ എം.എൽ.എമാരായ സച്ചിൻദേവ്, ലിന്റോ ജോസഫ്, ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് തുടങ്ങിയവർ പങ്കെടുത്തു. അദാലത്തിൽ ഓൺലൈൻ പോർട്ടൽ വഴി 140 പരാതികളും നേരിട്ട് 152 പരാതികളും ലഭിച്ചു. ഓൺലൈനായി ലഭിച്ച പരാതികളിൽ 96 പരാതികൾ തീർപ്പാക്കി.
അദാലത്തിൽ ലഭിച്ച ആകെ പരാതികൾ (നാല് താലൂക്കുകളിലും)- 2002
 കോഴിക്കോട് -450
വടകര 520
കൊയിലാണ്ടി 740,
താമരശ്ശേരി 292
തീർപ്പാക്കിയത്-867