കോഴിക്കോട്: സ്വീഡനിൽ ജോലിയും വിസയും വാഗ്ദാനം ചെയ്ത് 8.20 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ഉടൻ നടപടിയെടുക്കാൻ മന്ത്രി മുഹമ്മദ് റിയാസ് റൂറൽ എസ്.പിക്ക് നിർദേശം നൽകി. 'കരുതലും കൈത്താങ്ങും' താമരശ്ശേരി താലൂക്ക്തല അദാലത്തിൽ കെടവൂർ കാളംപറമ്പിൽ വീട്ടിൽ ജോസ് നൽകിയ പരാതിയിലാണ് ഇടപെടൽ. എറണാകുളം തൃപ്പൂണിത്തുറ ഏരൂർ സൗത്ത് മേലമറ്റം വീട്ടിൽ ശിശുപാലൻ പണിക്കർ, മകൻ അനൂപ് ഫാസിൽ എന്നിവർ തന്റെ മകൻ എബിൻ ജോസിന് ജോലി വാഗ്ദാനം ചെയ്ത് 2019 ലാണ് പണം തട്ടിയത്. ഇതുസംബന്ധിച്ച് താമരശ്ശേരി ജെ.എഫ്.സി.എം കോടതിയിൽ നൽകിയ ഹരജിയിൽ അറസ്റ്റ് വാറണ്ട് ഉണ്ടായിട്ടും പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ പൊലീസ് തയാറാകുന്നില്ലെന്നും പരാതിയിൽ പറയുന്നു. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കാനാണ് മന്ത്രിക്ക് എസ്.പിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.