 
ഫറോക്ക്: കുടിവെള്ള വിതരണത്തിൽ ഫറോക്ക് നഗരസഭ അലംഭാവം കാട്ടുന്നതായി എൽ.ഡി.എഫ്. കുടിവെള്ള വിതരണത്തിനായി ഏറ്റെടുത്ത് നടത്തേണ്ട പ്രവർത്തനങ്ങളോട് നിസംഗത കാട്ടുന്ന യു.ഡി.എഫ് നഗരസഭ ഭരണസമിതിക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരുമെന്ന്  എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വേനലിലും മഴക്കാലത്തും കുടിവെള്ളത്തിന് പ്രയാസം അനുഭവിക്കുന്ന കരുവൻതിരുത്തി വില്ലേജിലെ ജനങ്ങൾക്ക് ആശ്വാസമായി 1971ൽ ആരംഭിച്ച കരുവൻതിരുത്തി വെസ്റ്റ് നല്ലൂർ കുടിവെള്ള വിതരണ പദ്ധതി നിലച്ചിട്ട് എട്ട് മാസത്തിലേറെയായി. പദ്ധതിയുടെ പമ്പ് ഹൗസിൽ അറ്രകുറ്റപ്പണിക്കായി ഒരു ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് മുനിസിപ്പാലിറ്റി എൻജിനിയറിംഗ് വിഭാഗം തയ്യാറാക്കിയിട്ടുണ്ട്. ഡിസംബറിൽ നടക്കുന്ന പദ്ധതി റിവിഷനിൽ ഫണ്ട് വകയിരുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഫണ്ട് അനുവദിച്ചില്ല. കരുവൻതിരുത്തി മേഖലയിലെ 11 ഡിവിഷനുകളിലും ഗുണഭോക്ത കമ്മറ്റികൾ രൂപീകരിച്ചിട്ടുണ്ട്. എന്നാൽ പദ്ധതി നടത്തിപ്പിന് ഡിവിഷനുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത കോഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുന്നതിനും ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനും ഭരണസമിതി തയ്യാറാവുന്നില്ലെന്നും നേതാക്കൾ പറഞ്ഞു . ഗുണഭോക്തൃ കമ്മിറ്റി സംവിധാനത്തിന് പൊതുസമ്മതം രൂപീകരിക്കുന്നതിനു് സർവകക്ഷി യോഗം വിളിക്കാൻ  നഗരസഭ ചെയർമാനോട് ആവശ്യപ്പെട്ടിട്ടും വിളിക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്നും എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. സി.ഷിജു, വിജയകുമാർ പൂതേരി ,കെ.ടി.മുരളീധരൻ, കെ.എസ്.എ ജലാലുദ്ദീൻ തങ്ങൾ, കൗൺസിലർ പി.ബിജീഷ് എന്നിവരും പങ്കെടുത്തു.