പേരാമ്പ്ര: കരുവണ്ണൂർ - നൊച്ചാട് കനാലിൽ മാലിന്യം തള്ളുന്നത് പതിവായതായി പരാതി. ചീഞ്ഞഴുകുന്ന
മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം കാരണം പൊറുതിമുട്ടുന്നതായും പരിസരവാസികൾ പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി കുറ്റ്യാടി ജലസേചന വകുപ്പിൻ്റെ കീഴിൽ വരുന്ന നൊച്ചാട് 15-ാം വാർഡിൻ്റെ അതിർത്തിയിലെ പുളിയുള്ള കണ്ടി - പടിക്കക്കണ്ടി മുക്കിലാണ് കോഴി പാർട്സ് ഉൾപ്പെടുന്ന മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. ഇവിടെ കൊതുകുശല്യം വർദ്ധിച്ചതായും പരാതിയുണ്ട്. ദുർഗന്ധം വമിക്കുന്ന മാലിന്യം, വഴിയാത്രക്കാർക്കും വിനയാവുകയാണ്. മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയാണെന്ന് യാത്രക്കാർ പറയുന്നു. മഴയിൽ മാലിന്യം കനാലിലേക്ക് ഒലിച്ചിറങ്ങി വെള്ളം മലിനമാകുന്ന സ്ഥിതിയുമുണ്ട്. പ്രദേശത്ത് മണ്ണിനടിയിലൂടെ കുഴൽ വഴിയാണ് കനാൽ വെള്ളം കടത്തിവിടുന്നത്. കനാൽ കാടുപിടിച്ചു കിടക്കുന്ന മേഖലയിൽ സാമൂഹ്യ ദ്രോഹികൾക്ക് മാലിന്യം നിക്ഷേപിക്കാൻ എളുപ്പത്തിൽ കഴിയുന്നതായും കാടു നീക്കി മേഖല ശുചീകരിക്കണമെന്നും കനാൽ വെള്ളം അശുദ്ധമാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കരുവണ്ണൂർ - നൊച്ചാട് കനാൽ മേഖലയിലെ കാട് നീക്കാൻ അധികൃതർ നടപടി സ്വീകരിക്കണം . സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് സി.സി.ടി വി സ്ഥാപിക്കണം
സുരേഷ് നൊച്ചാട് , (പൊതുപ്രവർത്തകൻ)