കോഴിക്കോട്: വെറുപ്പ് പരത്തി, വർഗീയ കലാപമുണ്ടാക്കി സമൂഹത്തെ വിഭജിക്കുന്നതിനാണ് കേന്ദ്ര സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് ആർ.ജെ.ഡി ദേശീയ വക്താവ് പ്രൊഫ.നവൽ കിഷോർ. ആർ.ജെ.ഡി സംസ്ഥാന കമ്മിറ്റി കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച അരങ്ങിൽ ശ്രീധരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ ഡോ.വറുഗീസ് ജോർജ് അനുസ്മരണ പ്രഭാഷണം നടത്തി.മുൻ മന്ത്രി നീലലോഹിത ദാസ് നാടാർ, സ്വാതന്ത്ര്യ സമര സേനാനി പി.വാസു, സംസ്ഥാന ജനറൽ സെക്രട്ടറി വി.കുഞ്ഞാലി, കെ.പി.മോഹനൻ എം.എൽ.എ, ദേശീയ സെക്രട്ടറി അനുചാക്കോ, ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്‌കരൻ എന്നിവർ പ്രസംഗിച്ചു.