കോഴിക്കോട്: മലബാറിലെ ആരോഗ്യമേഖലയിൽ രണ്ടുവർഷം കൊണ്ട് വലിയ സ്വീകാര്യതനേടിയ മെക്സെവൻ വ്യായാമ കൂട്ടായ്മക്കെതിരെ അന്വേഷണം. പരിശീലനത്തിന്റെ മറവിൽ സംഘത്തിന് നിഗൂഢ അജൻഡകളുണ്ടെന്ന് രാഷ്ട്രീയ, മതസംഘടനകൾ ആരോപണമുന്നയിച്ച സാഹചര്യത്തിലാണ് ഇവരുടെ പ്രവർത്തനം സംബന്ധിച്ച് ഐ.ബിയും സ്‌പെഷ്യൽബ്രാഞ്ചും അന്വേഷണം തുടങ്ങിയത്.
മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ആയിരത്തോളം യൂണിറ്റുകളിലായി ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് പ്രത്യേക പരിശീലനം നടക്കുന്നുണ്ട്. മെക്‌സെവൻ പ്രോഗ്രാം ജീവിത ശൈലീരോഗങ്ങൾക്ക് വലിയ ആശ്വാസമാവുന്നുവെന്ന പൊതുഅഭിപ്രായത്തിന് പിന്നാലെയാണ് ആരോപണങ്ങൾ ഉയർന്നത്.
കൂട്ടായ്മയ്ക്ക് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്നും സുന്നി വിശ്വാസികൾ ഇതിൽ പെട്ടുപോകരുതെന്നുമാണ് നേതാക്കളുടെ മുന്നറിയിപ്പ്. മെക്സെവനു പിന്നിൽ ചതിയുണ്ടെന്ന് സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന്റെ ആദ്യരൂപമായ എൻ.ഡി.എഫ് കേരളത്തിൽ പ്രവർത്തനം തുടങ്ങിയപ്പോഴും സമാനരീതിയാണ് പ്രയോഗിച്ചതെന്ന് എസ്.വൈ.എസ് സെക്രട്ടറി മുഹമ്മദലി കിനാലൂർ ചൂണ്ടിക്കാട്ടി. മെക്‌സെവനു പിന്നിൽ നിരോധിത സംഘടനയായ പോപ്പുലർഫ്രണ്ടും അവരെ ആനയിക്കുന്നത് മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയുമാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ ആരോപിച്ചു. പ്രച്ഛന്നവേഷം ധരിച്ച് വരുന്ന തീവ്രവാദ ശക്തികളാണ് മെക്‌സെവനു പിന്നിലെന്നും ശക്തമായ അന്വേഷണമുണ്ടാവണമെന്നും ബി.ജെ.പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ ആവശ്യപ്പെട്ടു.
മെക്സെവൻ വ്യായാമം
ആരോഗ്യ സംരക്ഷണത്തിന് 21 മിനിട്ട് നീളുന്ന വ്യായാമപദ്ധതി. മലപ്പുറം തുറക്കലിലെ സൈനിക മുൻ ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റൻ സ്വലാഹുദീനാണ് സ്ഥാപകൻ. പ്രത്യേക യൂണിഫോമിട്ട് സൗജന്യമായാണ് പരിപാടി.
ഇതൊരു വ്യായാമ കൂട്ടായ്മ മാത്രമാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും മതവിഭാഗങ്ങളിലുമുള്ളവർ പങ്കെടുക്കുന്നുണ്ട്. ദേശവിരുദ്ധ പ്രവർത്തനങ്ങളുണ്ടെങ്കിൽ അന്വേഷിക്കട്ടെ
- ടി.പി.എം.ഹാഷിർ അലി
മെക്സെവൻ ചീഫ് കോ- ഓർഡിനേറ്റർ