jifri-thangal

കോഴിക്കോട്: കള്ളൻവിളിയും ഇറങ്ങിപ്പോക്കും ബഹിഷ്‌കരണവുമൊക്കെയായി സമസ്തയിലെ തർക്കങ്ങൾ മുറുകിയ പശ്ചാത്തലത്തിൽ വിശദീകരണവുമായി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി.

ബുധനാഴ്ച നടന്ന സമസ്ത മുശാവറ യോഗത്തിലെ നിജസ്ഥിതി വെളിപ്പെടുത്തുകയാണെന്ന് പറഞ്ഞുകൊണ്ടാണ്സമസ്ത ഇ.കെ.വിഭാഗം മുശാവറ അംഗവും പണ്ഡിതനുമായ നദ് വിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

`കള്ളന്മാർ എന്ന ബഹുവചനം ഉമർ ഫൈസി മുക്കം യോഗത്തിൽ പ്രയോഗിച്ചിരുന്നു. നിങ്ങളുടെ എന്താണ് താൻ മോഷ്ടിച്ചത് എന്നു ചോദിച്ചപ്പോൾ, നിങ്ങൾ മോഷ്ടിച്ചു എന്നല്ല; കള്ളം പറഞ്ഞു എന്നാണുദ്ദേശിച്ചത് എന്നായിരുന്നു മറുപടി. ആ കള്ളന്മാരുടെ കൂട്ടത്തിൽ താനും ഉൾപ്പെടുമല്ലോ, അതുകൊണ്ട് ഇനി ഇവിടെ ഇരിക്കുന്നത് ശരിയല്ല എന്നു പറഞ്ഞാണ് ജിഫ്രി തങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.

ആമുഖഭാഷണത്തിൽ തന്നെ, അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയാകുമ്പോൾ മാറി നിൽക്കണമെന്ന് യോഗാദ്ധ്യക്ഷൻ ജിഫ്രി തങ്ങൾ നിർദേശിച്ചിരുന്നു. എന്നാൽ പോകില്ല എന്ന നിലപാടിലായിരുന്നു അദ്ദേഹം. തൽസമയം അദ്ധ്യക്ഷനെ പിന്തുണച്ച് സംസാരിക്കുക മാത്രമാണ് താൻ ചെയ്തത്. വസ്തുത ഇതായിരിക്കെ ഒരു രാത്രി കഴിഞ്ഞപ്പോൾ, താൻ ഉദ്ദേശിച്ചത് മുശാവറ അംഗങ്ങളെ അല്ലെന്നും തന്റെ കാര്യത്തിൽ ഹർജി നൽകിയവരെ സംബന്ധിച്ചാണ് പരാമർശം എന്നുമായിരുന്നു വിശദീകരണം. അദ്ദേഹത്തിനു അനുകൂലമായി ഹർജി നൽകിയവരും കള്ളന്മാരാണെന്നാണോ?.

എടവണ്ണപ്പാറയിൽ താൻ ഉദ്ദേശിച്ചത് സാദിഖലി ശിഹാബ് തങ്ങളെ അല്ലെന്നാണ് അദ്ദേഹം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ഖാസി ഫൗണ്ടേഷൻ ഉൾപ്പെടെ പേരെടുത്തു പറഞ്ഞ ശേഷമാണ് അതല്ല ഉദ്ദേശ്യമെന്നു പറഞ്ഞത്. അങ്ങനെയാണെങ്കിൽ പിന്നെ ആരെയാണ് ഉദ്ദേശിച്ചതെന്നു വ്യക്തമാക്കേണ്ട ബാദ്ധ്യത അദ്ദേഹത്തിനുണ്ട്. ബോദ്ധ്യപ്പെടേണ്ട അവകാശം പൊതുസമൂഹത്തിനും... ഇങ്ങനെയാണ് നദ്‌വിയുടെ പോസറ്റ്.