ബേപ്പൂർ: മറീന ബീച്ച്, ചാലിയം,ഗോതീശ്വരം എന്നീ പ്രദേശങ്ങൾ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറുന്ന സാഹചര്യത്തിൽ, ഇവിടെ സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ടൂറിസം പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന്റെ സാധ്യതയേറുന്നു. ദിനം പ്രതി നിരവധി സഞ്ചാരികളാണ് ബേപ്പൂരിലേക്ക് ഒഴുകി എത്തുന്നത്. ബേപ്പൂർ തുറമുഖം, പുലിമൂട്, ഉരു നിർമ്മാണശാല, വൈക്കം മുഹമ്മദ് ബഷീറിൻ്റെ വസതിയായ വൈലാലിൽ ലൈറ്റ്ഹൗസ്, നിർമ്മാണത്തിലിരിക്കുന്ന ബഷീർ സ്മാരക മന്ദിരം, ചാലിയം ബീച്ച്, ഗോതീശ്വരം എന്നിവയെല്ലാം വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്. വിനോദ സഞ്ചാരികൾക്ക് ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകുക, സഞ്ചാര പാത ഒരുക്കൂക , മോഷണശ്രമം തടയുക, ഭക്ഷണ - താമസ, ചികിത്സ സൗകര്യം ഒരുക്കുക , സുരക്ഷ ഒരുക്കുക , രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകൂക , വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ക്രമസമാധാനം ഉറപ്പ് വരുത്തുക, മയക്കു മരുന്ന് വില്പനയും ഉപയോഗവും തടയുക , കുട്ടികൾക്കും സ്ത്രീൾക്കും വയോജനങ്ങൾക്കും സംരക്ഷണം, അംഗവൈകല്യ - ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന സഞ്ചാരികൾക്ക് പ്രത്യേക പരിഗണന നൽകുക എന്നതാണ് ടൂറിസം പോലീസിന്റെ പ്രധാന കർത്തവ്യങ്ങൾ. നിലവിൽ, ബേപ്പൂർ പോലീസിനും തീരദേശ പോലീസിനും പരിമിതമായ അംഗബലമൂലം സഞ്ചാരികളുടെ ആവശ്യമാകുന്ന മുഴുവൻ സുരക്ഷയും സാങ്കേതിക സൗകര്യങ്ങളും നൽകാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ ടൂറിസം പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന്റെ ആവശ്യകത ഏറെയാണ്.
2010-ൽ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര-ടൂറിസം മന്ത്രിയായിരിക്കെയാണ് കേരളത്തിൽ ആദ്യ ടൂറിസം പോലീസ് സ്റ്റേഷൻ കൊച്ചിയിലെ മട്ടാഞ്ചേരിയിൽ ആരംഭിച്ചുത്. ഇന്ത്യയിലെ ആദ്യത്തെ ടുറിസം പോലീസ് സ്റ്റേഷനും മട്ടാഞ്ചേരിയിലാണ്. നീല ഷർട്ടും കാക്കി പാന്റുമാണ് ടൂറിസം പോലീസിന്റെ ഔദ്യോഗിക യൂണിഫോം.
നിലവിൽ, എറണാകുളം, ശംഖുമുഖം, ആലപ്പുഴ, കോവളം എന്നിവിടങ്ങളിലാണ് കേരളത്തിലെ ടൂറിസം പോലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്. ബേപ്പൂരിൽ ഒരു ടൂറിസം പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നത്, ബേപ്പൂരിന്റെ വിനോദസഞ്ചാര മേഖലക്ക് ഏറെ ഗുണകരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.