 
നാദാപുരം: മയ്യഴിപ്പുഴക്ക് കുറുകെ ചെക്യാട്-തൂണേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചേട്യാലക്കടവ് പാലത്തിന്റെ നിർമ്മാണ പ്രവൃത്തി പുനരാരംഭിച്ചു. തൂണുകളും സ്ലാബുകളും നിർമിക്കുന്ന ബാക്കിയുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ തുടങ്ങിയത്. ഇരുപഞ്ചായത്തുകളിലേയും ചേട്യാലക്കടവ് പ്രദേശ വാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകാൻ പോകുന്നത്. പ്രദേശവാസികളുടെ ആവശ്യം ശക്തമായതോടെ താത്കാലിക പരിഹാരമായി രണ്ട് പതിറ്റാണ്ട് മുമ്പ് ഇവിടെ തൂക്കുപാലം നിർമ്മിച്ചിരുന്നുവെങ്കിലും പിന്നീട് അത് അപകടാവസ്ഥയിലായതോടെയാണ് പുതിയ പാലം നിർമ്മിക്കാൻ പദ്ധതിയായത്. 2015-ൽ ഭരണാനുമതി ലഭിച്ച ഈ പദ്ധതിയുടെ നിർമാണം ടെൻഡർ തർക്കങ്ങൾ, കോടതി കേസുകൾ തുടങ്ങിയവ കാരണം നിരവധി വട്ടം തടസപ്പെട്ടിരുന്നു. അമ്പത് ശതമാനം പണി മാത്രം പൂർത്തിയാക്കിയ നിലയിലായിരുന്നു നിർമാണം. നീണ്ട കാത്തിരിപ്പിന് ശേഷം പാലത്തിന്റെ നിർമ്മാണം പുനരാരംഭിച്ചതോടെ പ്രദേശവാസികൾ ആഹ്ലാദത്തിലാണ്. ഇപ്പോൾ ചെക്യാട് ഗ്രാമപഞ്ചായത്തിലെ ഉമ്മത്തൂർ ഭാഗത്തെ കോൺക്രീറ്റ് ജോലികളാണ് നടന്നു വരുന്നത്. 2025 ജനുവരിയോടെ ഇതിന്റെ പണി പൂർത്തിയാക്കാൻ കഴിയുമെന്ന പ്രത്യാശയാണ് ബന്ധപ്പെട്ടവർ പങ്കുവയ്ക്കുന്നത്. പാലം നിർമ്മാണ പ്രവൃത്തി പൂർത്തിയായതിനു ശേഷംഅപ്രോച്ച് റോഡുകളുടെ നിർമ്മാണവും അടിയന്തരമായി ആരംഭിക്കുമെന്നു അധികൃതർ അറിയിച്ചു. പാലം പ്രവർത്തനക്ഷമമാകുന്നതോടെ പ്രദേശവാസികളുടെ യാത്രാദുരിതം ഇല്ലാതാകും. സംസ്ഥാന ഹൈവേയിൽ നിന്നും വിവിധ ആശുപത്രികളിലേക്കും കണ്ണൂർ എയർപോർട്ട് അടക്കമുള്ള സ്ഥലങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനും സഹായകമാകും.