
തിരുവനന്തപുരം\കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ഇന്ന് ഉന്നതതലയോഗം ചേരാനിരിക്കെ വിഷയത്തിൽ അദ്ധ്യാപകരുടേയും ഉദ്യോഗസ്ഥരുടേയും പങ്കിനെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്.സ്വകാര്യ ട്യൂഷനെടുക്കുന്ന അദ്ധ്യാപകരെയും, യൂട്യൂബ് ട്യൂഷൻ ചാനലുകളുമായി ബന്ധമുള്ള വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരെയും കുറിച്ചാണ് അന്വേഷിക്കുന്നത്.
ചോർച്ചയെക്കുറിച്ച് പരാതി ലഭിച്ചപ്പോൾ നടപടിയെടുക്കുന്നതിലും ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി. പൊതുപരീക്ഷയല്ലല്ലോയെന്ന ലാഘവബുദ്ധിയോടെ വിഷയത്തെ സമീപിച്ചതാണ് ചോർച്ച ആവർത്തിക്കാനിടയാക്കിയത്. ആരോപണവിധേയരായ കൊടുവള്ളി കേന്ദ്രമായുള്ള യൂട്യൂബ് ചാനലിനെതിരെ പലതവണ പരാതി ഉയർന്നിരുന്നു. 2023ലെ ക്രിസ്മസ് പരീക്ഷയ്ക്കിടെ പരാതി ഉയർന്നപ്പോൾ ചാനൽ ഉടമയ്ക്കെതിരെ പൊലീസ് അന്വേഷണമാവശ്യപ്പെട്ട് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് കുമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇക്കഴിഞ്ഞ ഓണപ്പരീക്ഷയുടെ ചോദ്യങ്ങൾ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രങ്ങൾ സഹിതമാണ് സെപ്തംബർ 16 ന് താമരശ്ശേരി ഡി.ഇ.ഒ റിപ്പോർട്ട് നൽകിയത്. നേരത്തെ രണ്ട് തവണ റിപ്പോർട്ട് നൽകിയിട്ടും അന്വേഷണമോ നടപടികളോ ഉണ്ടായിട്ടില്ലെന്ന് മനോജ് കുമാർ പറഞ്ഞു. മൂന്ന് പാദവാർഷിക പരീക്ഷകളിലായി ചോദ്യക്കടലാസ് ചോർന്നുകൊണ്ടിരിക്കുന്നത് കൊടുവള്ളി ആസ്ഥാനമായുള്ള ഓൺലെെൻ യൂട്യൂബ് ചാനലിൽ നിന്നാണെന്ന് വിദ്യാഭ്യാസവകുപ്പ് കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്.സംഭവത്തിൽ റൂറൽ ഡി.പി.സി പി.നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
അശ്ലീല പരാമർശം;
പരാതി നൽകി
ആരോപണ വിധേയരായ കൊടുവള്ളി എം.എസ് സൊല്യൂഷൻ യൂട്യൂബ് ചാനൽ ക്ലാസുകളിൽ അശ്ലീലപരാമർശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും കണ്ടന്റ് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.വെെ.എഫ് ജില്ലാപ്രസിഡന്റ് ബിനൂപിന്റെ നേതൃത്വത്തിൽ കൊടുവള്ളി മണ്ഡലം കമ്മിറ്റി പൊലീസിൽ പരാതി നൽകി. അശ്ലീല പരാമർശങ്ങളടങ്ങുന്ന വീഡിയോയുടെ ലിങ്കുകളും കെെമാറി. ഫോളോവേഴ്സിനെ കൂട്ടാനാണ് ക്ലാസുകളിൽ അശ്ലീല പരാമർശങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളും ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലെ ഫാൻപേജുകളിലും അപ്ലോഡ് ചെയ്തിട്ടുണ്ട്.
ചോദ്യപേപ്പർ ചോർച്ച :
നടപടി വേണമെന്ന്
ബിനോയ് വിശ്വം
തിരുവനന്തപുരം: ചോദ്യപേപ്പർ ചോർത്തിയത് ആരായാലും മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പണത്തോട് ആർത്തിയുള്ള ചില അദ്ധ്യാപകരും വിദ്യാഭ്യാസം വിൽക്കുന്ന ചില സാമൂഹികമാദ്ധ്യമ പ്ലാറ്റ്ഫോമുകളും സംഘം ചേർന്നു നടത്തുന്ന ചോർത്തലുകൾ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനമാണ്. എന്തുചെയ്തും പണം കൊയ്യാൻ ഇറങ്ങി പുറപ്പെട്ടവരിൽനിന്ന് പരീക്ഷകളെ രക്ഷിക്കാൻ സർക്കാർ ബദൽ വഴി തേടണം. കാണാതെ പഠിച്ചു പരീക്ഷയെഴുതുന്നതിനു പകരം, വിദ്യാർത്ഥിയുടെ അറിവ് അളക്കുന്ന രീതി വേണം. ഇതിനായി 1970 കളുടെ രണ്ടാം പകുതിയിൽ ഓപ്പൺ ബുക്ക് പരീക്ഷ, ഉത്തരപ്പേപ്പർ മടക്കിക്കൊടുക്കൽ തുടങ്ങിയ നിർദേശങ്ങൾ എ.ഐ.എസ്.എഫ് മുന്നോട്ടു വച്ചിരുന്നതായും ബിനോയ് വിശ്വം പറഞ്ഞു. പൊതു വിദ്യാഭ്യാസത്തെ ഒറ്റു കൊടുത്ത് ലാഭം കൊയ്യാൻ ശ്രമിക്കുന്നവർക്കെതിരേ മാതൃകാപരമായ നടപടിയെടുക്കണമെന്ന് എ.കെ.എസ്.ടി.യു ജനറൽ സെക്രട്ടറി ഒ.കെ.ജയകൃഷ്ണൻ ആവശ്യപ്പെട്ടു.
ചോദ്യക്കടലാസ് ചോർച്ചയ്ക്ക് പിന്നിൽ
സി.പി.എം സംഘടന: വി.ഡി. സതീശൻ
തിരുവനന്തപുരം: ചോദ്യക്കടലാസ് ചോർച്ചയ്ക്കു പിന്നിൽ സി.പി.എം സംഘടനയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
ചോദ്യക്കടലാസ് ചോർച്ച അപമാനകരമാണ്. നിരന്തരം ചോദ്യക്കടലാസ് ചോരുന്നു. ട്യൂഷൻ സ്ഥാപനങ്ങൾക്കുവേണ്ടി ഭരണകക്ഷിയിലെ സംഘടനയിലുള്ള അദ്ധ്യാപകരാണ് ചോദ്യപേപ്പർ ചോർത്തുന്നത്. അതുകൊണ്ടാണ് സർക്കാർ നടപടിയെടുക്കാത്തതെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.