ggg

കോഴിക്കോട്: റോഡപകടങ്ങൾ തുടർക്കഥയാകുമ്പോഴും അറുതിയില്ലാതെ, രൂപമാറ്റം വരുത്തിയ വാഹനങ്ങളുമായി യുവാക്കളുടെ അഭ്യാസപ്രകടനം. നിയമത്തെ നോക്കുകുത്തിയാക്കി ബൈക്കുകളുടെ വിവിധ ഭാഗങ്ങൾ രൂപമാറ്റം വരുത്തി കാതടപ്പിക്കുന്ന ശബ്ദത്തോടെയാണ് നിരത്തിൽ ഇക്കൂട്ടർ ചീറിപ്പായുന്നത്. അമിതഭാരം കയറ്റി ഓടുന്ന ബസുകളും കുറവല്ല. പ്രധാന പാതകളിൽ രാപ്പകൽ ഭേദമില്ലാതെ ബൈക്ക് അപകടങ്ങളും വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ബീച്ച് പരിസരത്ത് വാഹനങ്ങളുടെ അഭ്യാസ യാത്രാ റീൽ ചിത്രീകരിക്കുന്നതിനിടെ വടകര സ്വദേശിയായ ആൽവിൻ മരണപ്പെട്ടത്.

 നിലയ്ക്കാത്ത മത്സരയോട്ടം

ദേശീയ പാതാ വികസനം, ജൽജീവൻ മിഷൻ തുടങ്ങിയ പദ്ധതികളുടെ ഭാഗമായി ജില്ലയിലെ വിവിധയിടങ്ങളിലെ റോഡുകൾ പാതി തകർന്ന അവസ്ഥയിലാണ്. ഈ റോഡുകളിലൂടെയാണ് ആളുകളെ കുത്തിനിറച്ച് ബസുകളുടെ മത്സരയോട്ടം. കോഴിക്കോട് നിന്നും തൃശൂർ, പാലക്കാട്,കണ്ണൂർ ഭാഗങ്ങളിലേക്ക് പോകുന്ന സ്വകാര്യ ദീർഘദൂര ബസുകളാണ് ഇക്കൂട്ടത്തിൽ മുൻപന്തിയിൽ. വാഹനങ്ങളിലെ മിററുകളിലും മുൻവശത്തെ ഗ്ലാസിലും കാഴ്ച മറയ്ക്കുന്ന തരത്തിൽ യാതൊന്നുമുണ്ടാവരുത് എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദേശം. എന്നാൽ എൽ.ഇ.ഡി ലൈറ്റുകളും തോരണങ്ങളും മറ്റുമായാണ് നഗരത്തിലെ പല ബസുകളും സർവീസ് നടത്തുന്നത്.

നിയമങ്ങൾ പാലിക്കുന്നില്ല

നിയമാനുസൃതമായി രൂപമാറ്റം വരുത്തുന്നതിന് മോട്ടോർ വാഹന വകുപ്പ് അധികൃതരിൽ നിന്നും മുൻകൂർ അനുമതി വാങ്ങണം എന്നിരിക്കെ ഇതൊന്നുമില്ലാതയാണ് കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും, കാതടപ്പിക്കുന്ന ശബ്ദവുമായി വാഹനങ്ങൾ നിരത്തിലോടുന്നത്. വാഹനനിർമ്മാണ കമ്പനികൾ രൂപകൽപന ചെയ്ത, അംഗീകൃത ടെസ്റ്റിംഗ് ഏജൻസിയുടെ അംഗീകാരത്തോടെ പുറത്തിറക്കുന്ന വാഹനങ്ങളിൽ രൂപമാറ്റങ്ങൾ അനുവദനീയമല്ല. ബൈക്കുകളുടെ ഹാൻഡിൽ, സൈലൻസർ തുടങ്ങിയവ മാറ്റിവയ്ക്കുന്നതും തീവ്രമായ പ്രകാശമുള്ള ലൈറ്റുകൾ, കൂളിംഗ് സ്റ്റിക്കർ, ക്രാഷ് ഗാർഡുകൾ, ബുൾബാറുകൾ, എയർഹോണുകൾ എന്നിവ വാഹനങ്ങളിൽ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.

വീണ്ടും കൺതുറന്ന് എ.ഐ ക്യാമറകൾ

എ.ഐ ക്യാമറകൾ സ്ഥാപിച്ചതോടെ കേരളത്തിലെ റോഡുകളിൽ ഗതാഗതനിയമലംഘനങ്ങളിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇടക്കാലത്ത് പ്രവർത്തനം തകരാറിലായതിനാൽ നിയമലംഘനങ്ങൾ കണ്ടെത്തി ഫൈൻ ഈടാക്കുന്നത് തടസപ്പെട്ടു. തകരാറിലായ എ.ഐ ക്യാമറകളെല്ലാം വീണ്ടും പ്രവർത്തനക്ഷമമായെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.

പൊതുജനങ്ങൾക്കും പരാതി അറിയിക്കാം

പൊതുജനങ്ങൾക്കും കൺമുന്നിൽ കാണുന്ന നിയമലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാം. കേന്ദ്ര ഗതാഗതമന്ത്രാലയം നാഷണൽ ഇൻഫർമാറ്റിക് സെന്റർ (എൻ.ഐ.സി) യുടെ സഹായത്തോടെ നവീകരിച്ച 'നെക്സ്റ്റ് ജെൻ എം - പരിവാഹൻ' മൊബൈൽ അപ്ലിക്കേഷൻ വഴിയാണ് ഈ സൗകര്യം ഒരുക്കിയത്. നിയമം തെറ്റിക്കുന്ന വാഹനങ്ങളുടെ ഫോട്ടോയോ വീഡിയോയോ പകർത്തി ആപ്പിലെ 'സിറ്റിസൺ സെന്റിനൽ' എന്ന സെക്ഷൻ വഴി അപ്‌ലോഡ് ചെയ്യാം.

' പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഇപ്പോഴും റോഡിലിറങ്ങുന്നുത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ ഫിറ്റ്‌നസും രജിസ്‌ട്രേഷനും കാൻസൽ ചെയ്യാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.
- സന്തോഷ് കുമാർ സി.എസ് (എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കോഴിക്കോട് )