 
കോഴിക്കോട്: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ മാനാഞ്ചിറ ദീപങ്ങളാൽ അണിഞ്ഞൊരുങ്ങുന്നു. വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലാണ് വിവിധ രൂപത്തിലുള്ള അലങ്കാര ദീപങ്ങളൊരുങ്ങുന്നത്. കൂറ്റൻ ദിനോസർ, മഞ്ഞു കരടി, ഗ്ലോബുകൾ, പിരമിഡുകൾ എന്നീ രൂപങ്ങളിലാണ് ദീപാലങ്കാരങ്ങൾ. രൂപങ്ങൾ വൈദ്യുത വിളക്കുകളാൽ അലങ്കരിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണ്. സ്റ്റീൽ രൂപങ്ങളിൽ വിളക്കുകൾ ഘടിപ്പിച്ചാണ് അലങ്കാരം. 23 മുതൽ പുതുവത്സര പിറവിവരെ ലൈറ്റുകൾ പ്രകാശിപ്പിക്കാനാണ് നിലവിലെ തീരുമാനം. കഴിഞ്ഞ വർഷം മാനാഞ്ചിറയിൽ ഒരുക്കിയ ദീപാലങ്കാരങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. മഞ്ഞയും വെള്ളയും ചുവപ്പുമണിഞ്ഞ മാനാഞ്ചിറ സ്‌ക്വയർ കാണാനും സെൽഫിയെടുക്കാനുമായി ജനപ്രവാഹമായിരുന്നു. 'ഇലുമിനേറ്റിങ് ജോയി സ്‌പ്രെഡിംഗ് ഹാർമണി' എന്ന പേരിലായിരുന്നു ന്യൂ ഇയർ ലൈറ്റ് ഷോയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചത്. വൈദ്യുതി വിളക്കുകൾ കൊണ്ടലങ്കരിച്ച ബേപ്പൂർ ഉരുവായിരുന്നു അന്നത്തെ പ്രധാന ആകർഷണം. പൊതുജനങ്ങളെ ആകർഷിക്കുന്നതിനായി ഇത്തവണ കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കാനാണ് തീരുമാനം.