nagaram
കൽപ്പറ്റ നഗരം സൗന്ദര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച സമൂഹ പെയിന്റിംഗ്

കൽപ്പറ്റ: നഗരത്തിലെ സൗന്ദര്യവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സമൂഹ പെയിന്റിംഗ് സംഘടിപ്പിച്ചത് ശ്രദ്ധേയമായി. നഗരസഭയുടെയും വ്യാപാരികളുടെയും സംയുക്താഭിമുഖ്യത്തിലാണ് നഗര സൗന്ദര്യവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്. നഗരസഭയിലെ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ വ്യാപാരികൾ എന്നിവരുടെ നേതൃത്വത്തിലാണ് സമൂഹ പെയിന്റിംഗ് നടത്തിയത്. ജില്ലയുടെ ആസ്ഥാന നഗരം സുന്ദരമാക്കുക എന്ന ലക്ഷ്യവുമായാണ് സമൂഹ പെയിന്റിംഗ് സംഘടിപ്പിച്ചത്. പൊതുജനങ്ങളും വ്യാപാരികളും സമൂഹ പെയിന്റിംഗിനായി രംഗത്തിറങ്ങി. വരുന്ന ദിവസങ്ങളിലും പൊതുജന പങ്കാളിത്തത്തോടെ ഇത്തരം പെയിന്റിംഗ് സംഘടിപ്പിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. നടപ്പാതയിൽ പൂച്ചെടികൾ സ്ഥാപിക്കുന്നതിനോടൊപ്പം തന്നെ ആകർഷണീയമായ നിറങ്ങളിൽ പെയിന്റ് ചെയ്യുന്നതോടെ നഗരം കൂടുതൽ സുന്ദരമാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭ അധികൃതർ. നഗരത്തിലെ ഒഴിഞ്ഞു കിടക്കുന്ന ചുമരുകളിൽ ചിത്രം വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ഇതിനുപുറമേ കൈവരിയിൽ കൂടി പെയിന്റ് ചെയ്യുന്നതോടെ നഗരത്തിന്റെ മുഖച്ഛായതന്നെ മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നേരത്തെ തുടക്കമിട്ട നഗര നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. രണ്ട് ഘട്ടങ്ങളിലായി അവശേഷിക്കുന്ന പ്രവർത്തികൾ കൂടി പൂർത്തിയാക്കാനാണ് നഗരസഭയുടെ തീരുമാനം.

കൽപ്പറ്റ നഗരം സൗന്ദര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച സമൂഹ പെയിന്റിംഗ്