ms

കോഴിക്കോട്: സ്കൂൾ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ ആരോപണ വിധേയരായ കൊടുവള്ളി കേന്ദ്രീകരിച്ചുള്ള എം.എസ് സൊല്യൂഷൻ എന്ന ഓൺലെെൻ യൂട്യൂബ് ചാനൽ പ്രവർത്തനം താത്കാലികമായി നിറുത്തി. ചാനലിന്റെ സി.ഇ.ഒ മുഹമ്മദ് ഷുഹൈബ് വീഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണവുമായി സഹകരിക്കും. പരസ്യ പ്രതികരണത്തിനില്ല. വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് മുമ്പിൽ മൊഴി നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളും രക്ഷിതാക്കളും ക്ഷമിക്കണമെന്നും പറഞ്ഞു.

2023ലെ ക്രിസ്മസ് പരീക്ഷയിലും കഴിഞ്ഞ ഓണപ്പരീക്ഷാ സമയത്തും ചാനലിനെതിരെ പരാതി ഉയർന്നിരുന്നു. ഓണപ്പരീക്ഷയ്ക്ക് കൊടുവള്ളി മേഖലയിൽ ചില കുട്ടികൾ യൂട്യൂബിൽ നിന്ന് കിട്ടിയ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ തയ്യാറാക്കി കൊണ്ടുവന്നിരുന്നുവെന്നും പരാതി ഉയർന്നിരുന്നു. വിവാദമായതോടെ കൊടുവള്ളി എ.ഇ.ഒ അന്വേഷണം നടത്തി. താമരശേരി ഡി.ഇ.ഒ പൊതുവിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ടും നൽകി.

ഷുഹെെബിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. ചോദ്യപ്പേപ്പർ രണ്ടുതവണ ചോർന്നപ്പോഴും ക്രെെംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട് നൽകിയെങ്കിലും അന്ന് നടപടിയൊന്നും ഉണ്ടായില്ല. യൂട്യൂബ് ചാനൽ ക്ലാസുകളിൽ അദ്ധ്യാപകർ അശ്ലീല പരാമർശങ്ങൾ ഉൾക്കൊള്ളിക്കുന്നുണ്ടെന്ന ആക്ഷേപവുമുയർന്നിരുന്നു. വിവാദമായതോടെ അവ നീക്കം ചെയ്തു.

ഇതടക്കമുള്ള പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങിയെങ്കിലും സംഭവം ക്രെെംബ്രാഞ്ച് അന്വേഷിക്കുന്നതിനാൽ ജില്ലാതലത്തിൽ അന്വേഷണമുണ്ടാകില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. എം.എസ് സൊല്യൂഷനും അദ്ധ്യാപകരും തമ്മിൽ ബന്ധമുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ സംശയം.