
കോഴിക്കോട്: കെ.എസ്.ഇ.ബിയുമായി 30 വർഷത്തെ കരാർ പൂർത്തിയാക്കിയ മണിമലയാർ ജലവൈദ്യുത പദ്ധതിയുടെ കരാർ നീട്ടുന്നതിലുള്ള വിയോജിപ്പ് പ്രകടമാക്കി മന്ത്രി കെ.കൃഷ്ണൻ കുട്ടി. പദ്ധതി നീട്ടരുതെന്നതാണ് വൈദ്യുതി ബോർഡിന്റെ അഭിപ്രായം. ഇക്കാര്യത്തിൽ കെ.എസ്.ഇ.ബി നിലപാട് അറിയിച്ചതാണെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.
വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കാൻ കരാർ തുടരണമെന്നാണ് വ്യവസായ വകുപ്പിന്റെ വാദം. ഇതിൽ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 30 വർഷത്തേക്കാണ് മണിമലയാർ പദ്ധതി കാർബോറണ്ടം ഗ്രൂപ്പിന് നൽകിയിരുന്നത്. കമ്പനി പലതവണ കരാർ ലംഘനം നടത്തിയെന്നും കെ.എസ്.ഇ.ബി ആരോപിച്ചിരുന്നു. കരാർ കാലാവധി ഡിസംബറിൽ അവസാനിക്കാനിരിക്കെയാണ് കരാർ നീട്ടുന്നതുമായി ബന്ധപ്പെട്ട ഭിന്നത പുറത്തുവന്നത്.