 
കോഴിക്കോട്: ദേശീയപ്രധാന്യമുളള സരോവരത്തെ കണ്ടൽവനം മണ്ണിട്ടുനികത്തുന്നതിനെതിരെ ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവന്റെ നേതൃത്വത്തിൽ സരോവരം രക്ഷാമാർച്ച് സംഘടിപ്പിച്ചു. എരഞ്ഞിപ്പാലത്തു നിന്നാരംഭിച്ച മാർച്ചിൽ പ്രദേശവാസികളും സമരസമിതിയും ബി.ജെ.പി പ്രവർത്തകരും പങ്കെടുത്തു. ട്രേഡ് സെന്ററിനു സമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് സമരക്കാരെ തടഞ്ഞു. തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് മാർച്ച് ഉദ്ഘാടനം ചെയ്തു. സർക്കാർ സംരക്ഷണയിലുള്ള കോട്ടൂളി തണ്ണീർത്തടം മണ്ണിട്ടു നികത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കളക്ടറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കമ്മിറ്റിയുടെ സംരക്ഷണയിലാണ് തണ്ണീർത്തടങ്ങൾ. കളക്ടറാണ് കസ്‌റ്റോഡിയൻ. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി അതിക്രമിച്ചു മണ്ണിട്ടുമൂടിയാൽ നിയമനടപടി സ്വീകരിക്കണം. ഈ ഭൂമി ആരുവാങ്ങിയാലും അതിന് നിയമപരമായ സംരക്ഷണമില്ല. തണ്ണീർത്തട സംരക്ഷണനിയമപ്രകാരം നിയമംലംഘിച്ച് മണ്ണിട്ടു നികത്തിയാൽ സ്വന്തം ചെലവിൽ മണ്ണ് നീക്കം ചെയ്യണം. മണ്ണ് നീക്കം ചെയ്ത വാഹനം പിടിച്ചെടുക്കുകയല്ല, അതിന് നേതൃത്വം നൽകിയവരെ ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം.
തണ്ണീർത്തടം നികത്തിയവർക്കെതിരെ നടപടി സ്വീകരിക്കാത്ത ജില്ലാഭരണകൂടത്തിന് പിറകിൽ പ്രവർത്തിക്കുന്നത് സി.പി.എം കോൺഗ്രസ് നേതാക്കളാണ്. പ്രദേശവാസികൾ നടത്തുന്ന നിയമപരമായ പ്രക്ഷോഭത്തെ ബി.ജെ.പി പിന്തുണയ്ക്കുമെന്നും ആത്യന്തിക വിജയം സാധാരണക്കാർക്കായിരിക്കുമെന്നും എം.ടി രമേശ് പറഞ്ഞു. തണ്ണീർത്തടം നികത്തിയ പ്രദേശവും അദ്ദേഹം സന്ദർശിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ.പ്രകാശ് ബാബു, ജില്ല ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, വൈസ് പ്രസിഡന്റുമാരായ അഡ്വ.കെ.വി.സുധീർ, ഹരിദാസ് പൊക്കിണാരി തുടങ്ങിയവർ പങ്കെടുത്തു.