ബേപ്പൂർ: ബി.സി റോഡിന് സമീപം ഉരു നിർമ്മാണ ശാലയിൽ നിർമ്മാണം പൂർത്തിയായ രണ്ടാമത്തെ ഉല്ലാസ നൗക നീറ്റിലിറക്കാനുള്ള പ്രാരംഭ കർമ്മങ്ങൾ ഇന്ന് നടക്കും. ബേപ്പൂർ ഖാസി പിടി മുഹമ്മദലി മുസലിയാരുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് ശേഷമായിരിക്കും നീറ്റിലിറക്കൽ ആരംഭിക്കുക. ഖത്തർ രാജ കുടുംബാംഗങ്ങൾക്ക് വേണ്ടിയാണ് രണ്ടാമത്തെ ഭീമൻ ഉരുവും നിർമ്മിച്ചത്. തേക്ക്, കരിമരുത്, അയനി, എന്നിങ്ങനെയുള്ള മരങ്ങളാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്. പി ശശിധരന്റെ ഉടമസ്ഥതയിലുള്ള സായൂസ് വുഡ് വർക്സിനാണ് നിർമ്മാണ ചുമതല. ഉരു നിർമ്മാണ വിദഗ്ദൻ എടത്തൊടി സത്യന്റെ നേതൃത്വത്തിൽ കിടങ്ങത്ത് സോമൻ, പുഴക്കര ശ്രീധരൻ, രാമദാസൻ, എൻ വി അപ്പുട്ടി, മണി എന്നിവരും ഉരു നിർമ്മാണത്തിൽ പങ്കാളികളായി. നവംബറിൽ ആദ്യത്തെ ഉരു നീറ്റിലിറങ്ങിയിരുന്നു. ആദ്യത്തെ ഉരു ചാലിയാറിൽ നങ്കൂരമിട്ട നിലയിലാണ്. രണ്ടാമത്തെ ഉരു നീറ്റിലിറക്കിയശേഷം രണ്ട് ഉരുക്കൾ ഒരുമിച്ച് ദുബായിൽ എത്തിച്ച് ഇൻ്റീരിയർ വർക്കിന് ശേഷമാണ് ഖത്തറിലേക്ക് കൊണ്ടുപോകുക. 150 അടി നീളം 34 അടി വീതി , 12.5 അടി ഉയരത്തിലുള്ള ഉരുവാണ് നീറ്റിലിറക്കുന്നത്. 3.50 കോടിയാണ് ഉരുവിന്റെ നിർമ്മാണ ചിലവ്. ബേപ്പൂർ ഖലാസി മൂപ്പൻ അബ്ദുറഹ്മാന്റെ നേതൃത്വത്തിലാണ് ഉരു നീറ്റിലിറക്കുന്നത്.