കുറ്റ്യാടി: 1969 ഡിസംബർ 18ന് പുലർച്ചെ പതിനഞ്ചോളം നക്സൽ പ്രവർത്തകർ കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ നാടൻ ബോംബുകളും മാരകായുധങ്ങളുമായി എത്തുന്നു. സ്റ്റേഷനിലെ തോക്ക് കൈക്കലാക്കി പ്രദേശത്തെ ജന്മിമാരുടെ വീടാക്രമിച്ച് പണമെടുത്ത് വയനാട്ടിലെ ആദിവാസികൾക്ക് വിതരണം ചെയ്യുകയും ജന്മിമാർ കൈവശം വച്ചിരുന്ന പാവപ്പെട്ടവരുടെ പ്രോനോട്ട് കച്ചീട്ടും മറ്റ് രേഖകളും കൈക്കലാക്കി നശിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ പൊലീസുകാരുടെ ശക്തമായ ചെറുത്തുനിൽപ്പിൽ ഉദ്യമം വിജയിക്കാതെ പോവുകയായിരുന്നുവെന്ന് നക്സലൈറ്റ് പ്രവർത്തകരുടെ കുറ്റ്യാടി പൊലീസ് സ്റ്റേഷൻ അക്രമത്തിന് 55 വർഷം തികയുമ്പോൾ കേസിലെ മൂന്നാം പ്രതിയായ ചങ്ങരോത്ത് പഞ്ചായത്ത് പാലേരിയിലെ ചമ്പേരി സി.എച്ച്.കടുങ്ങോൻ ഓർത്തെടുക്കുന്നു.
പൊലീസിന്റെ കൊടിയ മർദ്ദനത്തിനാണ് ഇരയാകേണ്ടി വന്നതെന്ന് 82ന്റെ അവശത മറന്ന് കടുങ്ങോൻ പറഞ്ഞുവെയ്ക്കുന്നു. പൊലീസിന്റെ വെടിയേറ്റ് നക്‌സൽ പ്രവർത്തകൻ പെരുവണ്ണാമൂഴി കോഴിപ്പിള്ളി വേലായുധൻ (36) സ്റ്റേഷനു മുന്നിൽ മരിച്ചു. പൊലീസ് വെടിവെയ്പിൽ മരിച്ച കേരളത്തിലെ ആദ്യ നക്സൽ പ്രവർത്തകനാണ് വേലായുധൻ. ഒന്നാം പ്രതി വയനാട്ടിലെ വേലപ്പനും രണ്ടാം പ്രതി ബാലുശ്ശേരി അപ്പുവുമായിരുന്നു. അന്നത്തെ നക്സൽ നേതാവായിരുന്ന കുന്നിക്കൽ നാരായണന്റെ മാർഗനിർദ്ദേശം അനുസരിച്ചാണ് തലശ്ശേരി, പുൽപള്ളി ആക്രമണത്തിന്റെ വാർഷികത്തിന് മുമ്പ് മറ്റൊരു സ്റ്റേഷൻ ആക്രമിക്കണമെന്ന് തീരുമാനിച്ചതെന്നാണ് കടുങ്ങോൻ പറയുന്നു. ആയുധങ്ങളുമായി കുറ്റ്യാടി പുഴയോരത്ത് സംഘടിച്ച നക്സൽ പ്രവർത്തകർ പുലർച്ചെ സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. സ്റ്റേഷന്റെ വാതിൽ മഴുകൊണ്ട് വെട്ടിപ്പൊളിച്ച് കോഴിപ്പിള്ളി വേലായുധനും ബാലുശ്ശേരി അപ്പുവും ബോംബെറിഞ്ഞു. സ്റ്റേഷനകത്ത് ബോംബ് വീണതോടെ പൊലീസ് തിരിച്ചു വെടിവച്ചു. വാതിൽ വെട്ടിപ്പൊളിച്ചുണ്ടാക്കിയ ദ്വാരത്തിലൂടെയാണ് പൊലീസ് വെടിവച്ചത്. എസ്.ഐ പ്രഭാകരന്റെ കൈക്ക് ബോംബേറിൽ പരിക്കേറ്റു. പൊലീസ് ആദ്യം പിടികൂടിയത് സി.എച്ച്.കടുങ്ങോനെയാണ്. കേസിൽ 14 പേരെ കോടതി ഇരുപത്തിരണ്ടര വർഷം തടവിന് ശിക്ഷിച്ചു. ആക്രമണം നടന്ന പൊലീസ് സ്റ്റേഷൻ മേൽക്കൂര തകർന്നും ചുമരുകൾ പൊട്ടിപൊളിഞ്ഞും കിടക്കുകയാണ്.