crime
കേസുകൾ കുറഞ്ഞു

കോഴിക്കോട്: നിയമ നടപടി ശക്തമായതും പൊലീസ് പരിശോധന കടുപ്പിക്കുകയും ചെയ്തതോടെ ജില്ലയിലെ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ വൻ കുറവ്. കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ സിറ്റി പരിധിയിൽ 4859 കേസുകളുടെ കുറവാണ് ഉണ്ടായിട്ടുള്ളതെന്ന് ക്രെെം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2023 ൽ 17,​926 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഈ വ‌ർഷം 13,​067 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മോഷണം, വിശ്വാസ വഞ്ചന, സ്ത്രീ മരണം എന്നിവ ഉൾപ്പെടുന്ന

ഐ.പിസി കേസുകൾ 8572 എണ്ണവും അബ്കാരി നിയമം, റെയിൽവേ നിയമം, ബാല വിവാഹം പോലുള്ള

എസ്.എൽ.എൽ കേസുകൾ 4495 എണ്ണവുമാണുള്ളത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ഐ.പി.സി കേസുകൾ 10529 എണ്ണവും എസ്.എൽ.എൽ കേസുകൾ 7397 എണ്ണവുമായിരുന്നു. ഐ.പി.സി കേസുകളിലാണ് ഈ വർഷം വൻ കുറവുണ്ടായിരിക്കുന്നത്. 2020 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയതത് 2023 ലാണ്. 2020 ൽ 16,​866 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2021 ൽ 10,​471,​ 2022ൽ 11588 കേസുകളാണുണ്ടായത്. ഐ.പി.സി കേസുകൾ ഓരോ വർഷവും കൂടുന്ന സ്ഥിതിയായിരുന്നു.

പൊലീസിന്റെ കൃത്യമായ പരിശോധനയും ബോധവത്കരണവുമാണ് കേസുകൾ കുറയുന്നതിന് പ്രധാന കാരണമെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം തടയാൻ കർശന നടപടി സ്വീകരിക്കുന്നതും സഹായകരമായി. അതേ സമയം സം​ഘ​ടി​ത​ അ​ക്ര​മ​ങ്ങ​ളി​ൽ മാ​ത്രം ശ്ര​ദ്ധ ചെ​ലു​ത്തി പൊ​ലീ​സ്​ മ​റ്റു കേ​സു​ക​ളു​ടെ മു​ന്നി​ൽ നി​ശ്ശ​ബ്​​ദ​ത പാ​ലി​ക്കു​ന്നു​വെ​ന്ന ആരോപണവുമുണ്ട്.

ജില്ലയിലെ ക്രെെം കണക്കുകൾ

കോഴിക്കോട് സിറ്റി

വർഷം- കേസ്- ഐ.പി.സി-എസ്.എൽ.എൽ

2020- 16866, -5050, 11816

2021- 10471- 5181-5290

2022-11588-8120-3468

2023-17926-10529-7397

2024-13067-8572-4495

കോഴിക്കോട് റൂറൽ

വർഷം- കേസ്- ഐ.പി.സി-എസ്.എൽ.എൽ

2020-15785-4982-10803

2021-17130-4593-12537

2022-8732-6018-2714

2023-20765-9213-11552

2024-7975-2849-5126

''പൊലീസിന്റെ ഫലപ്രദമായ ഇടപെടലുകളാണ് കേസുകൾ കുറയാൻ കാരണം''-കുര്യാക്കോസ് ജെ, എ.സി.പി, ഡി.സി.ആർ.ബി