 
കോഴിക്കോട്: എരഞ്ഞിപ്പാലം മർക്കസ് ഇന്റർ നാഷണൽ സ്കൂളിന് പിന്നിലെ തണ്ണീർത്തടം മണ്ണിട്ടുനികത്തിയ സംഭവത്തിൽ ഭൂവുടമകൾക്ക് നോട്ടീസയച്ച് ജില്ലാ കളക്ടർ. സരോവരം ബയോപാർക്കിന് സമീപത്തെ തണ്ണീർത്തടങ്ങൾ കൈയേറുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഇരുപത് ദിവസത്തോളമായി പ്രദേശവാസികൾ സമരത്തിലായിരുന്നു. തിങ്കളാഴ്ച സ്ഥലം സന്ദർശിച്ച ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് സ്ഥലമുടമകളെ വിളിച്ചുവരുത്തി ഹിയറിംഗ് നടത്തുമെന്ന് പ്രദേശവാസികൾക്ക് ഉറപ്പുനൽകിയിരുന്നു. മണ്ണിട്ട് നികത്തിയ പ്രദേശത്തുനിന്നും മണ്ണ് നീക്കം ചെയ്യാമെന്നും റവന്യൂ അധികൃതർ നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു.
മർക്കസ് ഇന്റർ നാഷണൽ സ്കൂളിന് പിന്നിലെ ഡാറ്റാ ബാങ്കിലുൾപ്പെട്ട 25 സെന്റോളം തണ്ണീർത്തടം മണ്ണിട്ട് നികത്തിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. സരോവരം ബയോപാർക്കിനു സമീപത്തെ മുഴുവൻ തണ്ണീർത്തട പ്രദേശത്തെയും ' റാംസൺ' സൈറ്റായി പ്രഖ്യാപിച്ച് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കോർപ്പറേഷൻ സംസ്ഥാന തണ്ണീർത്തട അതോറിറ്റിക്ക് കൈമാറിയതായി വാർഡ് മെമ്പർ എം.എൻ പ്രവീൺ പറഞ്ഞു.