 
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ മുതുകുന്നു മല മണ്ണ് ഖനനം തടയണമെന്ന ആവശ്യം ശക്തമാകുന്നു. പ്രശാന്ത സുന്ദരമായ മുതുകുന്നു മലയിൽ റോഡ് നിർമ്മാണത്തിൻ്റെ പേരിൽ മണ്ണ് ഖനനം നടത്തുന്നതായാണ് പരാതി. പരിസ്ഥിതി പ്രശ്നങ്ങളുടെ പേരിൽ ഖനനം തടയാതിരിക്കാൻ നാഷണൽ ഹൈവേയ്ക്ക് മണ്ണ് നിറയ്ക്കാൻ എന്ന പേരിൽ സ്വകാര്യ കമ്പനിയുമായി ഉടമ്പടി ചെയ്താണ് മലയിടിക്കൽ ആരംഭിച്ചതെന്നാണ് ആരോപണം. മലയുടെ മുകളിലെ 15 ഏക്കർ സ്ഥലത്ത് റിസോർട്ട് ഒരുക്കുവാൻ വേണ്ടിയാണ് ഖനനം ആരംഭിച്ചതെന്നും 7000 ക്യുബിക് അടി വലുപ്പമുള്ള ടോറസ് ലോറികളിലാണ് ഇപ്പോൾ മണ്ണ് നീക്കം നടക്കുന്നതെന്നും അടുത്ത ദിവസങ്ങളിൽ ഇത്തരം ഇരുപതോളം ലോറികൾ എത്തുമെന്നും നാട്ടുകാർ പറയുന്നു. റിസോർട്ടിലേക്കുള്ള റോഡ് നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞാൽ മലയുടെ മുകൾ ഭാഗത്ത് പത്ത് ഏക്കറോളം മുഴുവനായും നിരപ്പാക്കുമെന്നും പറയുന്നു. ഇത് നിരവധി പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് പരാതി. മുതുകുന്നു മലയുടെ സമീപത്ത് നൊച്ചാട്, അരിക്കുളം പഞ്ചായത്തുകളിലായി ധാരാളം കുടുംബങ്ങൾ ഇടതിങ്ങി താമസിക്കുന്നുണ്ട്. അധികാരികൾ നിസ്സംഗത തുടർന്നാൽ കിണറുകളിലെ നീരുറവ പോലും വറ്റാനും കാർഷിക പ്രവർത്തനങ്ങൾ പൂർണ്ണമായി ഇല്ലാതാകാനും ഖനനം കാരണമാകുമെന്നാണ് ആക്ഷേപം. ജലജീവൻ മിഷന്റെ 20 ലക്ഷം ലിറ്റർ കപ്പാസിറ്റിയിൽ നിർമ്മിച്ചു വരുന്ന വാട്ടർ ടാങ്കിനും മണ്ണ് ഖനനം പ്രതിസന്ധിയുണ്ടാക്കുമെന്ന് അഭിപ്രായം ഉയർന്നു. ജില്ലാ പഞ്ചായത്ത് ആഭിമുഖ്യത്തിൽ 6 മീറ്റർ വീതിയിലുണ്ടാക്കിയ സൗകര്യപ്രദമായ റോഡ് പൊട്ടിപ്പൊളിഞ്ഞ് അതിവേഗം നശിക്കാനും നിരന്തരമായ മണ്ണ് കടത്തൽ കാരണമാകുമെന്നും അഭിപ്രായമുയർന്നു .പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കുന്ന മുതുകുന്നുമല ഖനനം പൂർണ്ണമായും നിർത്തിവെക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മുതുകുന്നു മല ഇടിച്ചു നിരത്തുന്നത് പ്രദേശത്തെ ബാധിക്കും. നൊച്ചാട്, അരിക്കുളം പഞ്ചായത്തുകളിൽ താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങൾക്ക് പരിസ്ഥിതിക പ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തും. ഖനനം മേഖലയിലെ
കുടിവെള്ള ലഭ്യതയെ പ്രതികൂലമായി ബാധിക്കും:
കുഞ്ഞബ്ദുള്ള വാളൂർ
(പൊതുപ്രവർത്തകൻ)
ഫോട്ടോ:മുതുകുന്നുമല