കുന്ദമംഗലം: അനേകം കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്ന പയമ്പ്ര ഗവ. വെൽഫെയർ എൽ.പി. സ്‌കൂളിന്റെ പഴയ കെട്ടിടം ഓർമ്മയാവുന്നു. കുരുവട്ടൂർ പഞ്ചായത്തിലെ പൊയിൽതാഴം അങ്ങാടിക്കടുത്തുള്ള ഈ കെട്ടിടം ഇപ്പോൾ ഇടിഞ്ഞ് പൊളിഞ്ഞ് കുറുക്കന്റെയും കുറുനരികളുടെയും വാസസ്ഥലമാണ്. ഒരു വിളിപ്പാടകലെ സ്ക്കൂളിനായി ഹൈടെക് കെട്ടിടം നിർമ്മിച്ച് പ്രവർത്തനം തുടങ്ങിയെങ്കിലും പഴയ സ്ക്കൂൾകെട്ടിടം ഇപ്പോൾ ഒരു പ്രേതാലയമായി നിലനിൽക്കുകയാണ്. 1942 ൽ ഹരിജനോദ്ധാരണ ലക്ഷ്യത്തോടെ സ്ഥാപിതമായ സ്‌കൂളിന് 12 സെന്റ് സ്ഥലം നൽകിയതും കെട്ടിടം നിർമ്മിച്ചതും പൊയിൽതാഴത്തെ പ്രമുഖ തറവാട്ടുകാരായിരുന്നു. കെട്ടിടവും സ്ഥലവും വാടകയ്ക്കായിരുന്നു. കുരുവട്ടൂർ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണിത്. പയമ്പ്രയിലെയും പരിസരപ്രദേശങ്ങളിലുമുള്ള പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ചതായിരുന്നു ഈ വിദ്യാലയം. എന്നാൽ പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ സർക്കാർ നൽകുന്ന വാടകയിൽ കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ തീർക്കാൻ കഴിയാത്ത അവസ്ഥ വന്നു. വാടകകെട്ടിടത്തിലായതിനാൽ എസ്.എസ്.എ ഫണ്ടുകളും സർക്കാർ ഗ്രാന്റുകളും ലഭിക്കാതെയുമായി. നല്ല മൂത്രപ്പുരപോലും അക്കാലത്ത് ഈ വിദ്യാലയത്തിലുണ്ടായിരുന്നില്ല. പിന്നീട് സ്വന്തമായി സ്ഥലം വാങ്ങി പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും തീരുമാനമെടുത്തു. ഒടുവിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്തും നാട്ടുകാരും ചേർന്ന് മുപ്പത് സെന്റ് സ്ഥലം സ്ക്കൂളിനായി വാങ്ങി സർക്കാരിന് സമർപ്പിച്ചു. അവിടെ സർക്കാർ പുതിയസ്ക്കൂൾ കെട്ടിടങ്ങളും നിർമ്മിക്കുകയായിരുന്നു. 2007ൽ സ്ക്കൂൾ നൂറ് മീറ്റർ അകെലെയുള്ള പുതിയ കെട്ടിടത്തിലേക്ക് മാറി. അതോടെ പൊയിൽതാഴം അങ്ങാടിയിലെ പഴയസ്ക്കൂൾ കെട്ടിടം അനാഥമാവുകയും ചെയ്തു. ഇപ്പോൾ കാടുകയറി നശിച്ച അവസ്ഥയിലാണ് സ്കൂൾ കെട്ടിടം.
ഈ വിദ്യാലയത്തിൽ പ്രധാനാദ്ധ്യാപകനായിരുന്ന കാലത്താണ് സ്ക്കൂൾ ചുവരിൽ ഭൂപടങ്ങളും ചിത്രങ്ങളും വരച്ച് സ്ക്കൂൾ ആകർഷകമാക്കിയിരുന്നത്. ഇപ്പോൾ ഈ സ്കൂൾകെട്ടിടം ഇടിഞ്ഞ് പൊളിഞ്ഞ് കാണുമ്പോൾ വല്ലാത്തൊരു വിഷമമുണ്ട്. സ്കൂൾ വേറെ കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും കുറേപ്പേരുടെ കുട്ടുക്കാലത്തെ നിറമുള്ള ഓർമയാണിത്.
കെ.സി.ഭാസ്ക്കരൻനായർ, മുൻ ഹെഡ്മാസ്റ്റർ