കോഴിക്കോട്: ജില്ലയിൽ മുണ്ടിനീര് (മംപ്സ്) വ്യാപനം ആശങ്കയുയർത്തുന്നു. സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലാണ് രോഗം കൂടുതലും വ്യാപിക്കുന്നത്. ജില്ലയിലെ എല്ലാ മേഖലകളിലും രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്. വായുവിൽക്കൂടി പകരുന്ന വൈറസ് രോഗമാണിത്. പത്ത് വയസിന് താഴെയുള്ളവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുത്. ഇത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. നീരുള്ള ഭാഗത്ത് വേദനയും അനുഭവപ്പെട്ടേക്കാം. 10-15 വയസ്സിനിടയിലുള്ള കുട്ടികളെയും ചിലപ്പോൾ മുതിർന്നവരെയും രോഗം ബാധിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയിലെ എല്ലാ മേഖലകളിലും കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

@രോഗ ബാധഇങ്ങനെ

ഉമിനീർ ഗ്രന്ഥികളെയാണ് രോഗം ബാധിക്കുന്നത്. ശരീരത്തിൽ കടക്കുന്ന വൈറസ് 2 മുതൽ 18 ദിവസത്തിനുള്ളി രോഗലക്ഷണങ്ങൾ പുറപ്പെടുവിക്കും. വീക്കം വരുന്നതിന് അഞ്ച് ദിവസം മുൻപ് തന്നെ രോഗം പടരാനുള്ള സാധ്യതയുമുണ്ട്. ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണം. ശ്രദ്ധ പുലർത്തിയില്ലെങ്കിൽ കേൾവിതകരാറിനും, ഭാവിയിൽ പ്രത്യുൽപാദന തകരാറുകൾ ഉണ്ടാകുന്നതിനും സാധ്യത ഉണ്ട്. തലച്ചോറിനെ ബാധിച്ചാൽ ഗുരുതരമായ എൻസഫലൈറ്റിസ് എന്ന അവസ്ഥയിലേക്ക് കടക്കും.

@ലക്ഷങ്ങൾ

ചെറിയ പനി,തലവേദന വായ തുറക്കുന്നതിനും ചവക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം. വിശപ്പില്ലായ്മ, ക്ഷീണം,വേദന ,പേശി വേദന

@ പ്രതിരോധം ശക്തം

രോഗം വ്യാപനം വർധിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധം ശക്തമാക്കി. അസുഖ മാറുന്നത് വരെ വീട്ടിൽ വിശ്രമിക്കുക. രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്‌കൂളിൽ വിടുന്നത് പൂർണമായും ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്തുക്കൾ അണുവിമുക്തമാക്കുക എന്നിങ്ങനെയുള്ള ജാഗ്രത നിർദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. എം.എം.ആർ അല്ലെങ്കിൽ എം.എം.ആർ.വി വാക്സിൻ എടുക്കുക എന്നതാണ് മുണ്ടിനീര് തടയാനുള്ള ഏറ്റവും നല്ല മാർഗം.