കൽപ്പറ്റ: അണ്ടർ ട്വന്റി സംസ്ഥാന ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ വയനാട് ഫൈനലിൽ. ചൊവ്വാഴ്ച നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് കോഴിക്കോടിനെ പരാജയപ്പെടുത്തിയാണ് വയനാട് ജേതാക്കളായത്. പതിമൂന്നാം മിനിറ്റിൽ അദിനാൻ ആണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. പതിനേഴാം മിനിറ്റിൽ ഗോകുൽരാജ് രണ്ടാം ഗോൾ നേടി. 42ആം മിനിറ്റിൽ ഗോകുൽരാജ് ഒരിക്കൽ കൂടി വല കുലുക്കി. 64 ആം മിനിറ്റിൽ അമൽ ഷിനാജ് നാലാം ഗോൾ നേടി 86 മിനിറ്റിൽ സൽമാൻ ഫാരിസ് അഞ്ചാം ഗോൾ നേടിയതോടെ കോഴിക്കോടിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. മികച്ച പ്രകടനമാണ് വയനാട് മത്സരത്തിൽ പുറത്തെടുത്തത്. ഇരട്ട ഗോൾ നേട്ടവുമായി ഗോകുൽരാജ് മത്സരത്തിലെ താരമായി. ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനലിൽ കാസർകോട് മലപ്പുറവുമായി മാറ്റുരയ്ക്കും. ഈ മത്സരത്തിലെ ജേതാക്കളവുമായാണ് വയനാട് ഫൈനലിൽ ഏറ്റുമുട്ടുക.