ബേപ്പൂർ: ബിസി റോഡിലെ സായൂസ് വുഡ് വർക്സിൽ നിർമ്മാണം പൂർത്തിയായ രണ്ടാമത്തെ ഉല്ലാസ ഉരു ബേപ്പൂർ ഖാസി പി.ടി മുഹമ്മദ് മുസ്‌ലിയാരുടെ മുഖ്യ കാർമ്മികത്വത്തിൽ നാളെ നീരണിയും. ചാലിയാറിലെ വേലിയേറ്റത്തിൽ നീറ്റിലിറക്കൽ പൂർത്തിയാവും. സായൂസ് വുഡ് വർക്സിൽ കഴിഞ്ഞ മാസം നീറ്റിലിറക്കിയ ഉല്ലാസ നൗക ചാലിയാറിൽ നങ്കൂരമിട്ടിരിക്കുകയാണ്. ഖത്തർ രാജകുടുംബത്തിന് വേണ്ടിയാണ് രണ്ട് ഉരുക്കളും നിർമ്മിച്ചത്. ഖത്തറിലെ പ്രമുഖ വ്യവസായിയായ യൂസഫ് മുഹമ്മദ് മുല്ലക്കു വേണ്ടി ഉരു നിർമ്മാണ വിദഗ്ദ്ധൻ എടത്തൊടി സത്യന്റെ നേതൃത്വത്തിലാണ് രണ്ട് ഉരുക്കളും നിർമ്മിച്ചത്. രണ്ടാമത്തെ ഉരുവും നീരണിഞ്ഞാൽ ഗുജറാത്ത് സ്വദേശികളുടെ നേതൃത്വത്തിൽ ദുബയിൽ എത്തിച്ച് ഇന്റീരിയർ വർക്കിന് ശേഷം ഖത്തറിലേക്ക് കൊണ്ടുപോകും . തേക്ക്, അയനി , കരിമരുത് , വേങ്ങ ,കൊയിനി എന്നീ മരങ്ങളാണ് ഉരു നിർമ്മാണത്തിന് ഉപയോഗിച്ചത്. ആശാരിമാർ, കൽപ്പാത്ത് പണിക്കാർ, ഖലാസികൾ എന്നിങ്ങനെ 20 ഓളം തൊഴിലാളികളാണ് രണ്ട് വർഷത്തോളം പ്രവർത്തിച്ചത്. ഖലാസി മൂപ്പൻ അബ്ദുൾ റഹ്മാന്റെ നേതൃത്വത്തിലാണ് നീറ്റിലിറക്കൽ നടക്കുന്നത്. 150 അടി നീളം, 34 അടി വീതി , ഉയരം 12.5 അടി യുള്ള ഉരുവാണ് നിർമ്മിച്ചത്. ഇന്നലെ നടന്ന ചടങ്ങിൽ സായൂസ് വുഡ് വർക്സ് ഉടമ പി ശശിധരൻ , എടത്തൊടി സത്യൻ, ഉരു നിർമ്മാണത്തിന്റെ ഭാഗമായ കിടങ്ങത്ത് സോമൻ, പുഴക്കര ശ്രീധരൻ , രാമദാസൻ , അപ്പുട്ടി എൻ വി, മണി, ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കരിച്ചാലി പ്രേമൻ, തോട്ടുങ്ങൽ ഗിലേഷ് , ഖലാസി മൂപ്പൻ അബ്ദുറഹ്മാൻ, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.