photo
ട്രയിൻ കടന്ന് പോകുന്നതിനായി കാത്തിരിക്കുന്ന വിദ്യാർത്ഥികൾ

കൊയിലാണ്ടി: ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം പന്തലായനിയിൽ റെയിൽവേ ഓവർബ്രിഡ്ജ് വരുന്നു. റെയിൽവേ സാദ്ധ്യതാപഠനം നടത്തുകയും എൻ.ഒ.സി നല്കി കഴിഞ്ഞുവെന്നുമാണ് അധികൃതർ പറയുന്നത്. പന്തലായനി ഗവ:ഹൈസ്കൂളിന് മുൻവശത്താണ് റെയിൽവേ അനുയോജ്യമായ സ്ഥലം കണ്ടെത്തിയത്. കിഴക്കും പടിഞ്ഞാറും നിലവിൽ റോഡുകൾ ഉള്ളതിനാൽ ഏറെ സൗകര്യപ്രദമാണ് സ്ഥലം. നിലവിൽ കൊല്ലം ഗേറ്റിനും കൊയിലാണ്ടി റെയിൽവേ മേൽപ്പാലത്തിനുമിടയിൽ റെയിൽ പാളം മുറിച്ച് കടക്കാൻ സംവിധാനമില്ല. രണ്ട് ഹയർ സെക്കൻഡറി സ്കൂളുകൾ ഒരു യു.പി സ്കൂൾ എന്നിവ ഇരുഭാഗത്തുമായാണ് ഉള്ളത്. കൂടാതെ പിഷാരികാവ് ക്ഷേത്രം. പന്തലായനി ക്ഷേത്രം എന്നിവ റെയിലിൻ്റെ ഇരുഭാഗത്തുമായിട്ടാണ് സ്ഥിതിചെയ്യുന്നത്. കുട്ടികളടക്കം നാട്ടുകാർ പാളം മുറിച്ച് കടന്ന് യാത്ര ചെയ്യേണ്ടി വരികയാണ്. സ്കൂൾ വിടുന്ന സമയം റെയിൽവേ ട്രാക്കിന് സമീപം അപകടമുണ്ടാവാതിരിക്കാൻ പന്തലായനി ഗവ:ഹയർ സെക്കൻഡറി സ്കൂൾ ഒരു ജീവനക്കാരിയെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. നാട്ടുകാരും കുട്ടികളെ സഹായിക്കാൻ വൈകുന്നേരം ട്രാക്കിന് സമീപത്തുണ്ടാവും. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ രണ്ട് വിദ്യാർത്ഥികൾ ഇവിടെ ട്രെയിൻ തട്ടിമരിച്ചിരുന്നു. ചെറുതും വലുതുമായ ഒട്ടേറെ സമരങ്ങൾ യാത്രാ സൗകര്യത്തിനായി ഇവിടെ നടന്നിട്ടുണ്ട്. പാസഞ്ചേഴ്സ് അസോസിയേഷൻ,​ പന്തലായനി ഗവ:ഹയർ സെക്കൻഡറി സ്കൂൾ എന്നിവരും ബ്രിഡ്ജിനായി നിരവധി നിവേദനങ്ങൾ നല്ലിയതായി മുൻ പി.ടി.എ പ്രസിഡന്റ് എ സജീവ്കുമാർ പറഞ്ഞു.പന്തലായനിയിൽ റെയിൽവേ ഓവർബ്രിഡ്ജ് വരുന്നുവെന്നതിൽ വലിയ ആശ്വാസത്തിലാണ് നാട്ടുകാർ. റെയിൽ പാളം മുറിച്ച് കടക്കാൻ സംവിധാനമില്ലാത്തതിനെക്കുറിച്ച് കേരളകൗമുദി മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.

സാദ്ധ്യതാപഠനം കഴിഞ്ഞ് റെയിൽവേ നോൺ ഓബ്ജക്ഷൻ സർട്ടിഫിക്കറ്റ് നല്കിയതോടെ തുടർപ്രവർത്തനത്തിന് വേഗതയേറും

സന്ദീപ്,​ റെയിൽവേ എൻജിനീയർ

പന്തലായനി ഫുട്ട് ഓവർ ബ്രിഡ്ജിന്റെ നിർമ്മാണം ത്വരിതഗതിയിലാക്കാനും അനുബന്ധ സൗകര്യങ്ങളൊരുക്കാനും നഗരസഭ തയ്യാറാണ്

അഡ്വ കെ. സത്യൻ,​ വൈസ് ചെയർമാൻ