കോഴിക്കോട്: കിർടാഡ്സ് വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ ഗോത്രമേള 'നെറതിങ്ക 24' 24 മുതൽ 30 വരെ ചേവായൂർ കിർടാഡ്സ് ക്യാമ്പസിൽ നടക്കും. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കേരളം, മേഘാലയ, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണ്ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗോത്രകലകളുടെ അവതരണം, പാരമ്പര്യ രുചി കൂട്ടുകളടങ്ങിയ ഭക്ഷ്യമേള, 25 ഓളം ഗോത്ര വൈദ്യന്മാർ പങ്കെടുക്കുന്ന ഗോത്ര വൈദ്യ ക്യാമ്പ് എന്നിവയുണ്ട്. കൂടാതെ ഗോത്ര ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ പ്രദർശനവും വിൽപനയും, കരകൗശല ഉല്പന്ന പ്രദർശനവും വിപണനവും, ഗോത്ര സാഹിത്യ സദസ് മ്യൂസിയം, എക്സിബിഷൻ തുടങ്ങിയവയും ദേശീയ മേളയുടെ ഭാഗമാണ്.
മേയർ ബീന ഫിലിപ്പ്, കിർടാഡ്സ് ഡയറക്ടർ ഡോ എസ്.ബിന്ദു എന്നിവർ രക്ഷാധികാരികളായും വാർഡ് കൗൺസിലർ വി.പ്രസന്ന (ചെയർമാൻ), കിർടാഡ്സ് പരിശീലന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കെ.എസ് പ്രദീപ് കുമാർ (കൺവീനർ), ഡോ. അജിത, ഇ.എം രാധാകൃഷ്ണൻ, കെ.പി ശശികുമാർ എന്നിവർ വൈസ് ചെയർമാൻമാർ, അഡ്വ പി ജാനകി, ടി.കെ സുനിൽ കുമാർ, സി രാധാകൃഷ്ണൻ എന്നിവർ ജോയിന്റ് കൺവീനർമാരായുമുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്.